കേന്ദ്രസര്‍ക്കാരിനെതിരെ ആഞ്ഞടിച്ച് പിണറായി: കണ്ണന്താനത്തിനും വിമര്‍ശനം

Published : Aug 03, 2018, 05:22 PM IST
കേന്ദ്രസര്‍ക്കാരിനെതിരെ ആഞ്ഞടിച്ച് പിണറായി: കണ്ണന്താനത്തിനും വിമര്‍ശനം

Synopsis

നടക്കില്ലെന്ന് കരുതിയ ദേശീയപാത വികസനം പൂർണമായി നടക്കുമെന്ന ഘട്ടത്തിലേക്ക് വന്നപ്പോള്‍ ആണ് പാരയുമായി കേന്ദ്രസര്‍ക്കാര്‍ തന്നെ വന്നിരിക്കുന്നത്. ആ പാരയും കൊണ്ട് നടക്കാൻ കേരളക്കാരനെന്ന് പറയുന്നൊരു മന്ത്രിയും കൂടെയുണ്ടായി എന്നതാണ് ഇതിലെ വിരോധാഭാസം

ദില്ലി: കീഴാറ്റൂരില്‍ ബദല്‍പാതയ്ക്കുള്ള സാധ്യത തേടാനുള്ള കേന്ദ്രസര്‍ക്കാര്‍ തീരുമാനത്തിനെതിരെ ആഞ്ഞടിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. ആര്‍എസ്എസ് സമ്മര്‍ദ്ദത്തിന് വിധേയരായി ഫെഡറല്‍ തത്ത്വങ്ങള്‍ അട്ടിമറിക്കുകയാണെന്ന് കേന്ദ്രസര്‍ക്കാരെന്ന് മുഖ്യമന്ത്രി കുറ്റപ്പെടുത്തി. 

നടക്കില്ലെന്ന് കരുതിയ ദേശീയപാത വികസനം പൂർണമായി നടക്കുമെന്ന ഘട്ടത്തിലേക്ക് വന്നപ്പോള്‍ ആണ് പാരയുമായി കേന്ദ്രസര്‍ക്കാര്‍ തന്നെ വന്നിരിക്കുന്നത്. ആ പാരയും കൊണ്ട് നടക്കാൻ കേരളക്കാരനെന്ന് പറയുന്നൊരു മന്ത്രിയും കൂടെയുണ്ടായി എന്നതാണ് ഇതിലെ വിരോധാഭാസമെന്നും അല്‍ഫോണ്‍സ് കണ്ണന്താനത്തെ പേരെടുത്ത് പറയാതെ മുഖ്യമന്ത്രി പറഞ്ഞു. 

കീഴാറ്റൂർ ബൈപ്പാസിന് ബദൽ പാത നിർമ്മിക്കാനുള്ള  സാധ്യത പരിശോധിക്കാൻ കേന്ദ്രസർക്കാരിന്റെ ഉന്നതതല യോഗ തീരുമാനം പുറത്തുവന്നതിന് ശേഷമാണ് മുഖ്യമന്ത്രി പിണറായി വിജയൻ കേന്ദ്രത്തിനെതിരെ ആഞ്ഞടിച്ചത്.  എന്നാൽ  കീഴാറ്റൂരെന്നോ വയൽക്കിളിയെന്നോ ഒരു തവണ പോലും പറയാതിരിക്കാനും അദ്ദേഹം പ്രത്യേകം ശ്രദ്ധിച്ചു. 

മുഖ്യമന്ത്രിയുടെ വാക്കുകള്‍...

 കേരളത്തിൽ ഇത്തരം കാര്യങ്ങൾ നടക്കരുതെന്നൊരു മനോഭാവം ആർഎസ്എസിന് ഉള്ളതിന്റെ ഭാഗമായി വന്നിട്ടുള്ളതാണിതെന്ന് നമുക്കറിയാം. നിതിൻ ഗഡ്കരി ഈ വകുപ്പിന്റെ മന്ത്രിയെന്ന നിലയിൽ കേരളത്തിന്റെ ദേശീയപാത വികസനത്തിൽ അങ്ങേയറ്റം താത്പര്യം കാണിച്ചയാളാണ്. 

ഈ ഭാഗം (കീഴാറ്റൂർ)ഉൾക്കൊള്ളുന്ന റോഡിന്റെ കാര്യം ‌ഞങ്ങൾ നേരത്തെ ചർച്ച ചെയ്തതാണ്. അതുമായി ബന്ധപ്പെട്ട് ചില പ്രശ്നങ്ങൾ ദേശീയപാത അതോറിറ്റി ഉന്നയിച്ചപ്പോൾ അക്കാര്യത്തിൽ സംസ്ഥാനത്തിന്റെ അഭിപ്രായം പറയുകയും , അവസാനം വരെ നല്ലൊരു തീരുമാനത്തിലേക്ക്  എത്തുന്നതിലേക്ക് വേണ്ടി ആരോഗ്യകരമായ സമീപനം സ്വീകരിച്ചയാളാണ് ഗഡ്കരി. 

ഇവിടെയുണ്ടായ പ്രശ്നം എല്ലാവർക്കും അറിയാവുന്നതാണ്. അത് (കീഴാറ്റൂരിലെ സമരം) പിന്നീട് കൊണ്ടുനടന്നത് ആർഎസ്എസും ബിജെപിയുമായിരുന്നു. ഈ ഭാഗം(കീഴാറ്റൂ‍ർ)  ഉൾക്കൊള്ളുന്ന സ്ഥലം ആകെ ഏറ്റെടുക്കുന്ന പ്രശ്നം ഉയർന്നുവന്നപ്പോൾ സംസ്ഥാന സർക്കാർ തന്നെ ഈ പ്രശ്നം ഉയർത്തിയവരുമായി(വയൽക്കിളികൾ) ചർച്ച ചെയ്തിരുന്നു. ആ ചർച്ചയുടെ അടിസ്ഥാനത്തിൽ ഇതല്ലാതെ മറ്റൊരു വഴി ഉണ്ടോ..? 

അലൈൻമെന്റ് മാറ്റിസ്ഥാപിക്കാനാകുമോ എന്ന പ്രശ്നം പരിശോധിക്കാനൊരു സമിതിയെ നിശ്ചയിച്ചിരുന്നു. ആ സമിതി പരിശോധന നടത്തി ഇതല്ലാതൊരു അലൈൻമെന്റ് സാധ്യമല്ലെന്ന് റിപ്പോർട്ട് നൽകിയതിന്റെ ഭാഗമായിട്ടാണ് ഇതിലൂടെ(കീഴാറ്റൂർ വയൽ) തന്നെ പോകാൻ തീരുമാനിച്ചത്. അതൊന്നും അറിയാത്തവരല്ല ദേശീയപാത അതോറിറ്റി. പക്ഷെ കേരളത്തിന്റെ റോഡ് വികസനം തടണമെന്ന ഉദ്ദേശത്തോടുകൂടി ആർഎസ്എസ് സംഘടനാ ഇടപെടൽ വന്നപ്പോൾ ആർഎസ്എസിനെ അനുസരിക്കാൻ ബാധ്യതപ്പെട്ടവർ അതിന് വഴിപ്പെടുന്ന നിലയാണ് ഉണ്ടായത്. 

സംസ്ഥാന ഗവൺമെന്റുമായി ബന്ധപ്പെട്ട് കാര്യങ്ങൾ നീക്കേണ്ടതിന് പകരം നേരിട്ട് ഇവരെ(വയൽക്കിളി നേതാക്കൾ) വിളിച്ച് ചർച്ച ചെയ്ത് ഇനിയൊരു പരിശോധന നടത്താമെന്ന് പറയുന്നത് ഫെഡറലിസത്തിനെതിരായ കാര്യമാണ്. നമ്മുടെ രാജ്യത്തുള്ള കേന്ദ്ര സംസ്ഥാന ബന്ധത്തിന്റെ ആരോഗ്യകരമായ കീഴ്വ‍ഴക്കങ്ങൾക്കെതിരെയുള്ളതാണ്. അങ്ങേയറ്റം തെറ്റായ നടപടിയാണ് ഇക്കാര്യത്തിൽ സ്വീകരിച്ചിരിക്കുന്നത്. 

ആ‍ർഎസ്എസ് സമ്മർദ്ദത്തിന് വിധേയമായി നിയതമായ കീഴ്‍വഴക്കങ്ങൾ , ഫെഡറൽ തത്വങ്ങൾ ലംഘിക്കുന്ന നിലയല്ല കേന്ദ്രസർക്കാർ സ്വീകരിക്കേണ്ടത്. കേരളത്തോട് കാണിക്കുന്ന പല അവഗണനയിൽ ഒന്നുകൂടി. ഏറെക്കുറെ നടക്കില്ലെന്ന് കരുതിയ ദേശീയപാത വികസനം പൂർണമായി നടക്കുമെന്ന തരത്തിലേക്ക് എത്തിനിൽക്കുന്ന ഘട്ടമാണിത്. അതിനാണ് പാരവന്നിരിക്കുന്നത്. ആ പാരയും കൊണ്ട് നടക്കാൻ കേരളക്കാരനെന്ന് പറയുന്നൊരു മന്ത്രിയും കൂടെയുണ്ടായി എന്നതാണ് ഇതിൽ ഉയർന്നുവന്നിട്ടുള്ള വിരോധാഭാസം. എത്രയും വേഗം ഈ സമീപനം തിരുത്തുന്നോ അത്രയും നല്ലതെന്ന് മാത്രമേ ഇപ്പോൾ പറയാനുള്ളൂ.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

പക്ഷിപ്പനി; ആലപ്പുഴയിൽ കോഴി വിഭവങ്ങളുടെ വിപണനം തടഞ്ഞു, 30 മുതൽ ഹോട്ടലുകൾ അടച്ചിടും, പ്രതിഷേധവുമായി ഹോട്ടൽ ഉടമകൾ
തിരുവനന്തപുരം മെഡിക്കൽ കോളേജിലെ ഡോ. ഷഹനയുടെ ആത്മഹത്യ; സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടറെ നിയമിച്ച് സർക്കാർ