ആറിൽ അഞ്ച് വിമാനത്താവളങ്ങളും അദാനിക്ക് കിട്ടിയതെങ്ങനെ? കേന്ദ്രത്തിനെതിരെ ആഞ്ഞടിച്ച് മുഖ്യമന്ത്രി

By Web TeamFirst Published Feb 25, 2019, 5:18 PM IST
Highlights

സംസ്ഥാനത്തെ ശത്രുപക്ഷത്ത് നിർത്തി എന്തെങ്കിലും ചെയ്യാമെന്ന് കരുതിയാൽ അതിന് വഴങ്ങുന്ന സർക്കാരല്ല കേരളത്തിലേത്. വിമ‌ാനം പറക്കുന്നത് ആകാശത്തിലൂടെയാണ്. എന്നാൽ അതിന് സൗകര്യമൊരുക്കേണ്ടത് ഭൂമിയിലാണ്. അത് സംസ്ഥാന സർക്കാർ ചെയ്തുകൊള്ളും.

തിരുവനന്തപുരം: തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളം സ്വകാര്യവൽക്കരിക്കാനുള്ള നീക്കത്തിൽ കേന്ദ്രസർക്കാരിനും അദാനിക്കുമെതിരെ മുഖ്യമന്ത്രി പിണറായി വിജയന്‍റെ രൂക്ഷവിമർശനം. മോദിയും അദാനിയും തമ്മിൽ നല്ല പരിചയമാണെന്നും അതുകൊണ്ടാണ് വിമാനത്താവളങ്ങളുടെ നടത്തിപ്പ് ചുമതല അദാനിയെ ഏൽപ്പിക്കാൻ കേന്ദ്രസർക്കാർ ശ്രമിക്കുന്നതെന്നും മുഖ്യമന്ത്രി കുറ്റപ്പെടുത്തി. സ്വകാര്യവൽക്കരണ നീക്കം നടക്കുന്ന രാജ്യത്തെ ആറിൽ അഞ്ച് വിമാനത്താവളത്തിലും അദാനി ഗ്രൂപ്പാണ് ഇടപെട്ടിരിക്കുന്നതെന്നും മുഖ്യമന്ത്രി ഓർമ്മിപ്പിച്ചു.

മോദിയും അദാനിയും തമ്മിൽ പരിചയമുണ്ടെങ്കിലും വിമാനത്താവള നടത്തിപ്പിൽ അദാനി ഗ്രൂപ്പിന് പരിചയമില്ലെന്ന് മുഖ്യമന്ത്രി പരിഹസിച്ചു. നാടകം കളിച്ചാണ് കേന്ദ്രസർക്കാർ വിമാനത്താവളങ്ങളുടെ നടത്തിപ്പ് ചുമതല അദാനിയെ ഏൽപിച്ചത്.

തിരുവനന്തപുരം വിമാനത്താവളത്തിൽ അദാനി വിച‌ാരിച്ചാൽ ഒന്നും നടക്കില്ലെന്നും മുഖ്യമന്ത്രി മുന്നറിയിപ്പ് നൽകി. സംസ്ഥാന സർക്കാരാണ് വിമാനത്താവളത്തിന് വേണ്ട എല്ലാ കാര്യങ്ങളും ചെയ്യേണ്ടതെന്നും പിണറായി വിജയൻ പറഞ്ഞു.

സംസ്ഥാനത്തെ ശത്രുപക്ഷത്ത് നിർത്തി എന്തെങ്കിലും ചെയ്യാമെന്ന് കരുതിയാൽ അതിന് വഴങ്ങുന്ന സർക്കാരല്ല കേരളത്തിലേത്. വിമ‌ാനം പറക്കുന്നത് ആകാശത്തിലൂടെയാണ്. എന്നാൽ അതിന് സൗകര്യമൊരുക്കേണ്ടത് ഭൂമിയിലാണ്. അത് സംസ്ഥാന സർക്കാർ ചെയ്തുകൊള്ളുമെന്നും മുഖ്യമന്ത്രി പറഞ്ഞു. 

തിരുവനന്തപുരം വിമാനത്താവളം സ്വകാര്യവൽക്കരിക്കുന്നതിന് മുന്നോടിയായി നടക്കുന്ന ലേലനടപടികൾ തടയണമെന്ന് ആവശ്യപ്പെട്ട് സമർപ്പിച്ച ഹർജിയിൻമേൽ ഹൈക്കോടതി സ്റ്റേ അനുവദിച്ചിരുന്നില്ല. വിമാനത്താവളങ്ങൾ സ്വകാര്യവൽക്കരിക്കുന്നത് കേന്ദ്രസർക്കാരിന്‍റെ നയമാണെന്നും നയപരമായ തീരുമാനത്തെ എതിർക്കുന്നത് ശരിയല്ലെന്നുമാണ് കേന്ദ്രസർക്കാർ കോടതിയിൽ വാദിച്ചത്.ഇതോടെ തിരുവനന്തപുരം വിമാനത്താവളത്തിന്‍റെ നടത്തിപ്പ് ചുമതല അദാനി ഗ്രൂപ്പിന് കിട്ടാനുള്ള സാധ്യതയേറിയിരിക്കുകയാണ്.

തിരുവനന്തപുരം അടക്കം അഞ്ച് വിമാനത്താവളങ്ങളുടെ സാമ്പത്തിക ലേലത്തിൽ  അദാനി ഗ്രൂപ്പാണ് ഏറ്റവും ഉയർന്ന തുക നിർദ്ദേശിച്ചത്. സംസ്ഥാന സർക്കാരിന് കീഴിലെ കമ്പനിയായ കെഎസ്ഐഡിസിക്ക് രണ്ടാം സ്ഥാനത്ത് എത്താനേ കഴിഞ്ഞുള്ളൂ. സ്വകാര്യവത്കരണ നീക്കത്തിൽ നിന്ന് പിന്നോട്ടില്ലെന്ന് കേന്ദ്രം വ്യക്തമാക്കിയതോടെ സിയാൽ മാതൃകയിൽ കമ്പനി രൂപീകരിച്ച് വിമാനത്താവളം ഏറ്റെടുക്കാനായിരുന്നു സംസ്ഥാന സർക്കാരിന്‍റെ ശ്രമം.

തിരുവനന്തപുരത്ത് മാത്രമല്ല മംഗലാപുരം, അഹമ്മദാബാദ്, ജയ്പൂർ, ലഖ്നൗ, മംഗലാപുരം എന്നിവടങ്ങളിലെ വിമാനത്താവളങ്ങൾ സ്വകാര്യവൽക്കരിക്കുന്നതിന്‍റെ ഭാഗമായ ലേലത്തിലും വൻ തുക നിർദ്ദേശിച്ച് അദാനി ഒന്നാമതാണ്. രേഖകളുടെ പരിശോധനക്ക് ശേഷം സ്വകാര്യവൽക്കരണം സമബന്ധിച്ച ഔദ്യോഗിക പ്രഖ്യാപനം വ്യാഴാഴ്ച നടക്കും. അതേസമയം തിരുവനന്തപുരം വിമാനത്താവളം സ്വകാര്യവൽക്കരിക്കുന്നതിന് എതിരെ എൽഡിഎഫ് ശക്തമായ സമരത്തിലാണ്.

click me!