
തിരുവനന്തപുരം: സമാനതകളില്ലാത്ത മഴക്കെടുതിയാണ് കേരളം ഇപ്പോള്‍ നേരിടുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ശക്തമായ മഴയാണ് രണ്ട് ദിവസമായി സംസ്ഥാനത്ത് നേരിടുന്നത്. ദുരിതബാധിതര്‍ക്ക് എല്ലാ സഹായങ്ങളുമെത്തിക്കാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു. ഈ ഘട്ടത്തില്‍ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നല്‍കണമെന്ന് മുഖ്യമന്ത്രി പൊതുസമൂഹത്തോട് ആവശ്യപ്പെട്ടു.
മഴക്കെടുതിയില്‍ ഇരുപത് മരണങ്ങള്‍ ഇതുവരെ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ടെന്ന് മുഖ്യമന്ത്രി അറിയിച്ചു. ഇടുക്കിയില്‍ 11 പേരും മലപ്പുറത്ത് ആറ് പേരും മരിച്ചു. കോഴിക്കോട് രണ്ട് പേരും വയനാട്ടില്‍ ഒരാളും മഴക്കെടുതിയില്‍ മരണപ്പെട്ടു. സമീപകാലത്തൊന്നും നേരിടാത്തവിധം ശക്തമായ പ്രകൃതിദുരന്തത്തിനാണ് ഇപ്പോള്‍ സംസ്ഥാനം സാക്ഷ്യം വഹിക്കുന്നത്. സംസ്ഥാനത്തെ മിക്ക ഡാമുകളും ഇപ്പോള്‍ തുറന്നിരിക്കുകയാണ്.
22 ഡാമുകള്‍ ഒരുമിച്ചു തുറക്കേണ്ട അവസ്ഥ ഇതിനുമുന്‍പ് ഉണ്ടായിട്ടില്ല. ചെറുതോണി ഡാമിന്‍റെ ഒരു ഷട്ടര്‍ തുറന്നത് കൂടാതെ കക്കി ഡാമും ഉടനെ തുറക്കും. മറ്റു ഡാമുകളിലേക്കും ശക്തമായ നീരൊഴുക്ക് തുടരുക്കയാണെന്നും അദ്ദേഹം അറിയിച്ചു.
അപകടസാധ്യത മുന്‍നിര്‍ത്തി ഡാമുകളിലേക്കും പുഴയോരങ്ങളിലേക്കും പൊതുജനങ്ങള്‍ പോകരുതെന്ന് മുഖ്യമന്ത്രി അഭ്യര്‍ത്ഥിച്ചു. രക്ഷാപ്രവര്‍ത്തകര്‍ മാത്രമേ ഇവിടേയ്ക്ക് പോകാവൂ. വെള്ളം പൊങ്ങുന്ന സ്ഥലങ്ങളിലേക്ക് വിനോദസഞ്ചാരികളും പോകരുത്. നിലവില്‍ ഹൈറേഞ്ചിലും മറ്റുമുള്ളവര്‍ ജാഗ്രത പാലിക്കണം.
കര്‍ക്കിടകവാവ്വുബലി ചടങ്ങുകളില്‍ പങ്കെടുക്കുന്നവരും ജാഗ്രത പാലിക്കണം. അത്യാഹിതങ്ങള്‍ ഒഴിവാക്കാന്‍ കര്‍ശനനടപടി സ്വീകരിക്കണമെന്ന് പൊലീസിനോടും മുഖ്യമന്ത്രി ആവശ്യപ്പെട്ടു. നാശനഷ്ടങ്ങള്‍ വിലയിരുത്താനെത്തിയ കേന്ദ്രസംഘവുമായി ചര്‍ച്ചനടത്തിയെന്നും നിലവിലെ പ്രശ്നങ്ങള്‍ അവരുടെ ശ്രദ്ധയില്‍പ്പെടുത്തിയെന്നും മുഖ്യമന്ത്രി അറിയിച്ചു.
രക്ഷാപ്രവര്‍ത്തനം ഏകോപിപ്പിക്കാനും നിരീക്ഷണത്തിനുമായി അഡി.സെക്രട്ടറി പി.എച്ച്.കുര്യന്‍ നേത്യത്വത്തില്‍ പ്രത്യേക സമിതി പ്രവര്‍ത്തിക്കും. ജില്ലകളില്‍ കളക്ടര്‍മാര്‍ രക്ഷാപ്രവര്‍ത്തനം എകോപിപ്പിക്കും. ഒരോ ജില്ലയിലേയും മഴക്കെടുതി പ്രതിരോധപ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കേണ്ട ചുമതല ഓരോ മന്ത്രിമാരെ ഏല്‍പിക്കും. കക്കി ഡാം തുറന്നാല്‍ ആലപ്പുഴയിലും കുട്ടനാട്ടിലും വെള്ളപ്പൊക്കത്തിന് സാധ്യതയുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.
ഈ സാഹചര്യത്തില്‍ ദുരന്തനിവാരണത്തിനായി കരസേന,വ്യോമസേന, നാവികസേന, ദുരന്തനിവാരണസേന എന്നിവയുടെ സഹായം തേടിയിട്ടുണ്ട്. ഇടുക്കി, കോഴിക്കോട്,വയനാട് ജില്ലകളിലേക്ക് സൈന്യം ഇതിനോടകം നീങ്ങി കഴിഞ്ഞു. ഒറ്റപ്പെട്ടു പോയവരെ രക്ഷിക്കാന്‍ ഹെലികോപ്റ്റര്‍ സേവനം ആവശ്യപ്പെട്ടിട്ടുണ്ട്. ദുരന്തനിവാരണസേന നിലവില്‍ ഇടുക്കി, ആലപ്പുഴ, കോഴിക്കോട് ജില്ലകളില്‍ ക്യംപ് ചെയ്യുന്നുണ്ട്.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam