
തിരുവനന്തപുരം:പ്രളയദുരിതം ചർച്ച ചെയ്യാൻ ചേർന്ന പ്രത്യേക നിയമസഭ സമ്മേളനത്തിൽ ഏറ്റവും ചർച്ചയായത് പരിസ്ഥിതി പ്രശ്നങ്ങൾ. മുഖ്യമന്ത്രിയുടെ പ്രസംഗത്തിലും പരിസ്ഥി ഏറെപ്രാധാന്യത്തോടെ ഇടംപിടിച്ചു. അതിൽ ഏറ്റവും ശ്രദ്ധേയമായത് കേരളത്തിന്റെ പുനർനിർമ്മാണവുമായി ബന്ധപ്പെട്ട് അദ്ദേഹം നടത്തിയ പരാമർശങ്ങളാണ്. പുനർ നിർമ്മാണം ഏത് തരത്തിൽ വേണമെന്ന കാര്യത്തിൽ അദ്ദേഹം പറഞ്ഞ വാക്കുകൾ ഇങ്ങനെയാണ്.
"പുനര്‍നിര്‍മ്മാണം ഏത് വിധത്തിലായിരിക്കണം എന്നത് ഗൗരവകരമായ ഒരു വിഷയമാണ്. ഈ പ്രളയ ദുരന്തം പാരിസ്ഥിതികമായ ചില കാര്യങ്ങള്‍ മുന്നോട്ടുകൊണ്ടുവന്നിട്ടുണ്ട്. പ്രളയവും മണ്ണിടിച്ചിലും ഉരുള്‍പൊട്ടലും എളുപ്പം ബാധിക്കാവുന്ന സ്ഥലങ്ങളില്‍ പുനരധിവാസം നടത്തണമോ എന്നത് പ്രധാനപ്പെട്ട പ്രശ്‌നമാണ്. ഇന്നത്തെ ചര്‍ച്ചയില്‍ ഇക്കാര്യത്തില്‍ ഒരു വ്യക്തത നമുക്കെല്ലാവര്‍ക്കും കൂടി ഉണ്ടാക്കാനാവണം. പരിസ്ഥിതി കാര്യങ്ങള്‍ കണക്കിലെടുത്തുകൊണ്ടുള്ള നിര്‍മ്മാണപ്രവര്‍ത്തനത്തിന്റെ സാധ്യതകള്‍ ആരായേണ്ടതുണ്ട്."
കാലവർഷക്കെടുതികളെ തുടർന്ന് 483 പേർക്ക് സംസ്ഥാനത്ത് ജീവൻ നഷ്ടപ്പെട്ടുവെന്നാണ് മുഖ്യമന്ത്രി സഭയിൽ നൽകിയ കണക്ക്. വിവിധ ജില്ലകളിലായി ഉണ്ടായ ഉരുൾപൊട്ടലും മണ്ണിടിച്ചിലിലുമാണ് ഏറെ പേർക്ക് ജീവൻ നഷ്ടപ്പെട്ടത്.
പരിസ്ഥിതിക്ക് മേൽ നടത്തിയ ഇടപെടലുകളാണ് ദുരന്തം ഇത്രയേറെ വലുതാക്കിയതെന്ന ബോധ്യത്തിന്റെ അടിസ്ഥാനത്തിലാണ് പുനരധിവാസത്തിന്റെ കാര്യത്തിൽ പരിസ്ഥിതിയെ മുൻനിർത്തി സഭ വ്യക്തത ഉണ്ടാക്കണമെന്ന് മുഖ്യമന്ത്രി പറഞ്ഞത്.പുനർനിർമ്മാണത്തിന് വിഭവങ്ങൾ കണ്ടെത്തുന്ന കാര്യത്തിലും പരിസ്ഥിതി സൗഹൃദ സമീപനം ഉണ്ടാകണമെന്നും അദ്ദേഹം പറഞ്ഞു.
മുഖ്യമന്ത്രിക്ക് ശേഷം സഭയിൽ പ്രസംഗിച്ച ഭരണപരിഷ്കാര കമ്മീഷൻ അധ്യക്ഷൻ വിഎസ് അച്യുതാനന്ദനും പരിസ്ഥിതിയെ മുൻനിർത്തിയാണ് സംസാരിച്ചത്. നിലച്ചുപോയ മൂന്നാർ ദൗത്യം പുനരാരംഭിക്കണമെന്നും , ഗാഡ്ഗിൽ റിപ്പോർട്ടിനെ ശാസ്ത്രീയമായി കാണണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ക്വാറികൾ, തണ്ണീർത്തടങ്ങൾ എന്നിവയുടെ കാര്യത്തിലും സമീപനം മാറണമെന്ന് വിഎസ് കൂട്ടിച്ചേർത്തു.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam