
തിരുവനന്തപുരം: പ്രളയത്തില്‍ വീട് തകര്‍ന്നവര്‍ക്കുള്ള നഷ്ടപരിഹാരം പത്ത് ലക്ഷമായി ഉയര്‍ത്തണമെന്ന് ഏറനാട് എംഎല്‍എ പി.കെ.ബഷീര്‍. വീട് തകര്‍ന്നവരോട് തകര്‍ന്ന വീടിന്‍റെ ചിത്രം വേണമെന്ന് വില്ലേജ് ഓഫീസര്‍മാര്‍ ആവശ്യപ്പെടുന്നതായി അറിഞ്ഞു. പ്രളയത്തില്‍ ജീവനും കൊണ്ട് ഓടുന്നവന്‍ ഫോട്ടോ എടുക്കാന്‍ നില്‍ക്കണമെന്നാണോ പറയുന്നതെന്ന് ബഷീര്‍ ചോദിച്ചു.
ബാണാസുരസാഗര്‍ ഡാം രാത്രി തുറന്നു വിട്ടപ്പോള്‍ 7 പഞ്ചായത്തുകളാണ് വെള്ളത്തിലായത്. ആരുമായും ആശയവിനിമയം നടത്താതേയും ജനങ്ങളെ അറിയിക്കാതെയുമാണ് ഡാം തുറന്നു വിട്ടത്. താമരശ്ശേരി കട്ടിപ്പാറയില്‍ ഉരുള്‍പൊട്ടല്‍ ദുരന്തമുണ്ടായിട്ടും നാം പാഠം പഠിച്ചില്ല. ശക്തമായ മഴ പെയ്തപ്പോള്‍ തന്നെ ആളുകളെ ഒഴിപ്പിക്കണമായിരുന്നു.
ദുരിതാശ്വാസക്യാംപുകള്‍ പിടിച്ചെടുക്കുന്ന സിപിഎം രീതി ശരിയല്ല. ഇതിലൊക്കെ രാഷ്ട്രീയം കാണേണ്ട കാര്യമെന്താണ് നാം ഒന്നായി നിന്ന് പ്രവര്‍ത്തിക്കേണ്ട സമയമാണിത്. സര്‍ക്കാര്‍ സഹായം സിപിഎമ്മുകാരുടെ ഔദാര്യം കൊണ്ട് കിട്ടേണ്ട കാര്യമൊന്നുമല്ല. പ്രകൃതിയുടെ സ്വാഭാവികസ്ഥിതിയെ അട്ടിമറിക്കുന്ന രീതിയിലുള്ള നിര്‍മ്മാണങ്ങള്‍ തടയണമെന്ന് ഇപ്പോള്‍ വിഎസ് പറയുന്നത് കേട്ടു. അനധികൃതമായ നിര്‍മ്മാണങ്ങള്‍ക്ക് അംഗീകാരം കൊടുക്കാനുള്ള നിയമം പാസാക്കിയത് 2017-ല്‍ ഈ സര്‍ക്കാര്‍ തന്നെയാണ്. എല്ലാ പ്രവര്‍ത്തനങ്ങളും റവന്യൂ ഉദ്യോഗസ്ഥരെ കൊണ്ടല്ല അവിടുത്തെ എംഎല്‍എയോട് തദ്ദേശസ്വയംഭരണ സ്ഥാപനപ്രതിനിധികളുടെ അഭിപ്രായം കൂടി സ്വീകരിച്ചു വേണം ചെയ്യാനെന്നും ബഷീര്‍ പറഞ്ഞു.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam