'ഇത് വര്‍ഗീയ കൂട്ടുക്കെട്ട്'; എസ്പി-ബിഎസ്പി സഖ്യത്തിനെതിരെ യോഗി ആദിത്യനാഥ്

By Web TeamFirst Published Jan 12, 2019, 5:08 PM IST
Highlights

ലോക്സഭ തെരഞ്ഞെടുപ്പില്‍  ബിജെപിക്കെതിരെ ഒരുമിച്ച് നില്‍ക്കാനുള്ള തീരുമാനം സംയുക്ത വാര്‍ത്താ സമ്മേളനത്തിലാണ് മായാവതിയും അഖിലേഷ് യാദവും പ്രഖ്യാപിച്ചത്

ലക്നൗ: ലോക്സഭ തെരഞ്ഞെടുപ്പില്‍ ഒരുമിച്ച് നിന്ന് മത്സരിക്കാനുള്ള സമാജ്‍വാദി പാര്‍ട്ടിയുടെയും ബഹുജന്‍ സമാജ്‍വാദി പാര്‍ട്ടിയുടെയും തീരുമാനത്തിനെതിരെ വിമര്‍ശനവുമായി യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. വികസനവും നല്ല ഭരണവും രാജ്യത്ത് വരുന്നതില്‍ താത്പര്യമില്ലാത്തതാണ് ഈ സഖ്യത്തിന് കാരണമെന്ന് ആദിത്യനാഥ് പറഞ്ഞു.

വര്‍ഗീയതയും അഴിമതിയും നിറഞ്ഞ അവസരവാദമാണ് ഇരുപാര്‍ട്ടികളും കാണിച്ചിരിക്കുന്നത്. പൊതുജനങ്ങള്‍ക്ക് എല്ലാം അറിയാം. ഈ അവിശുദ്ധ കൂട്ടുക്കെട്ടിന് കൃത്യമായ ഉത്തരം ജനങ്ങള്‍ നല്‍കുമെന്നും യുപി മുഖ്യന്‍ ആഞ്ഞടിച്ചു. ലോക്സഭ തെരഞ്ഞെടുപ്പില്‍  ബിജെപിക്കെതിരെ ഒരുമിച്ച് നില്‍ക്കാനുള്ള തീരുമാനം സംയുക്ത വാര്‍ത്താ സമ്മേളനത്തിലാണ് മായാവതിയും അഖിലേഷ് യാദവും പ്രഖ്യാപിച്ചത്.

സഖ്യം പുതിയ രാഷ്ട്രീയ വിപ്ലവത്തിന് തുടക്കം കുറിക്കുമെന്ന് മായാവതി പറഞ്ഞു. എല്ലാ വ്യത്യാസങ്ങളും മാറ്റി വച്ച് ഒരുമിച്ച് നില്‍ക്കും. പ്രഖ്യാപനം അമിത് ഷായുടെയും മോദിയുടെയും ഉറക്കം കെടുത്തുമെന്നും മായാവതി കൂട്ടിച്ചേര്‍ത്തു. കോൺഗ്രസിനെ ഒപ്പം കൂട്ടുന്നില്ലെന്ന് വാര്‍ത്താസമ്മേളനത്തില്‍ മായാവതി സ്ഥിരീകരിച്ചു.

കോൺഗ്രസും ബിജെപിയും അഴിമതിയിൽ ഒരു പോലെയാണ്. കോൺഗ്രസിൻറെ കാലത്ത് അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. ബിജെപി നടപ്പാക്കുന്നത് അപ്രഖ്യാപിത അടിയന്തരാവസ്ഥ. കോൺഗ്രസുമായി ചേരുന്നത് കൊണ്ട് തെരഞ്ഞെടുപ്പിൽ ലാഭമില്ലെന്നും മായാവതി വ്യക്തമാക്കി.

ഉത്തർപ്രദേശിൽ ബിജെപി അധികാരത്തിൽ വരുന്നത് തടയും. 80 സീറ്റിൽ 38 സീറ്റുകളിൽ വീതം ഇരു പാർട്ടികളും വീതം മത്സരിക്കും. കോൺഗ്രസിനെ മാറ്റിനിറുത്തിയുള്ള സഖ്യമാണ് മായാവതിയുടെ അഖിലേഷും പ്രഖ്യാപിച്ചത്. പ്രധാനമന്ത്രി സ്ഥാനാർത്ഥിയാരെന്ന തീരുമാനം തെരഞ്ഞെടുപ്പിന് ശേഷമെന്ന് മായാവതി വ്യക്തമാക്കി.

അമേഠി, റായ്ബറേലി സീറ്റുകളിൽ കോൺഗ്രസിനെതിരെ മത്സരിക്കില്ലെന്നും രണ്ടു സീറ്റുകൾ സഖ്യകക്ഷികൾക്ക് നല്‍കുമെന്നും അവര്‍ വ്യക്തമാക്കി. ബിജെപി സമൂഹത്തെ വെട്ടിമുറിക്കുന്നു എന്ന് അഖിലേഷ് യാദവ് പറഞ്ഞു.

click me!