മുൻ മന്ത്രി സി എൻ ബാലകൃഷ്ണൻ അന്തരിച്ചു

Published : Dec 10, 2018, 11:52 PM ISTUpdated : Dec 11, 2018, 01:12 AM IST
മുൻ മന്ത്രി സി എൻ ബാലകൃഷ്ണൻ അന്തരിച്ചു

Synopsis

ഏറെ നാളായി ആരോഗ്യാവസ്ഥ മോശമായതിനാല്‍ വീട്ടിൽ വിശ്രമത്തിലായിരുന്നു. ഒരാഴ്ച മുമ്പാണ് അമൃത ആശുപത്രിയിൽ  പ്രവേശിപ്പിച്ചത്. 

തൃശൂർ: മുൻ മന്ത്രിയും മുതിർന്ന കോൺഗ്രസ് നേതാവുമായ സി.എൻ.ബാലകൃഷ്ണൻ (84) അന്തരിച്ചു. ന്യുമോണിയ ബാധയെ തുടർന്ന് കൊച്ചിയിൽ അമൃത ആശുപത്രിയിൽ ചികിൽസയിലിരിക്കെ രാത്രി പതിനൊന്നേകാലോടെയായിരുന്നു അന്ത്യം. 

ഏറെ നാളായി ആരോഗ്യാവസ്ഥ മോശമായതിനാല്‍ വീട്ടിൽ വിശ്രമത്തിലായിരുന്നു. ഒരാഴ്ച മുമ്പാണ് അമൃത ആശുപത്രിയിൽ  പ്രവേശിപ്പിച്ചത്. രാത്രി എട്ടരയോടെ അദ്ദേഹത്തിന്‍റെ നില  ഗുരുതരാവസ്ഥയിലാവുകയും തുടര്‍ന്ന് തീവ്രപരിചരണ വിഭാഗത്തിൽ പ്രവേശിപ്പിക്കുകയായിരുന്നു.  

പുഴയ്‌ക്കൽ ചെമ്മങ്ങാട്ട്‌ വളപ്പിൽ നാരായണന്‍റെയും പാറു അമ്മയുടെയും ആറാമത്തെ മകനായി 1934 നവംബർ 18ന് ജനനം. പുഴയ്‌ക്കൽ ഗ്രാമീണവായനശാലയുടെ ലൈബ്രേറിയനായി പൊതുരംഗത്തെത്തി. വിനോബാഭാവേയുടെ ഭൂദാൻ യജ്‌ഞത്തിലൂടെ പൊതുപ്രവർത്തനരംഗത്ത് സജീവമായ അദ്ദേഹം ഭൂദാൻ യജ്‌ഞത്തിന്റെ ഭാഗമായി സംസ്‌ഥാനത്ത്‌ 45 ദിവസം നടന്ന പദയാത്രയിൽ പങ്കെടുത്തു.  

കരുണാകരൻ സപ്തതി സ്മാരക മന്ദിരം എന്ന തൃശൂർ ജില്ലാ കോൺഗ്രസ് കമ്മിറ്റിയുടെ ആസ്ഥാന മന്ദിരം, ജില്ലാ സഹകരണ ബാങ്കിന്റെ ജവഹർലാൽ കൺവെൻഷൻ സെൻറർ, കെ.പി.സി.സി. ആസ്ഥാന മന്ദിരം തുടങ്ങിയവയുടെ നിർമ്മാണത്തിന് നേതൃത്വം നലകിയത് ‘സി.എൻ’ എന്ന ചുരുക്കപ്പേരിൽ അറിയപ്പെടുന്ന സി.എൻ ബാലകൃഷ്ണനാണ്. ഖാദി – ഗ്രാമ വ്യവസായ അസോസിയേഷൻറെയും, സംസ്ഥാന ഖാദി ഫെഡറേഷന്റെയും നേതാവാണ്. 

ഗ്രന്ഥശാല പ്രസ്ഥാനത്തിന് എഴുപതുകളിൽ ജീവൻ നൽകിയ സംഘത്തിന് നേതൃത്വം കൊടുത്തവരിലും സി.എൻ ഉണ്ടായിരുന്നു. മിൽമ വരും മുമ്പേ തൃശൂരിൽ ക്ഷീരസഹകരണ സംഘം രൂപീകരിച്ച് പാക്കറ്റിൽ പാൽ വിതരണം നടത്താൻ കാൽ നൂറ്റാണ്ട് മുമ്പ് ബാലകൃഷ്ണന് സാധിച്ചു. ജില്ലാ ബാങ്ക് പ്രസിഡണ്ട് ആയിരിക്കെയാണ് കൺവെൻഷൻ സെന്റർ നിർമ്മിച്ചത്. കെ. കരുണാകന്‍റെ വിശ്വസ്ഥനും, അടുത്ത അനുയായിയും ആയിരുന്നു. എന്നാൽ കരുണാകരൻ കോൺഗ്രസ് വിട്ടപ്പോൾ അദ്ദേഹത്തോടൊപ്പം പോകാൻ സി.എൻ ബാലകൃഷ്ണൻ തയ്യാറായില്ല. 

ദീർഘകാലം തൃശൂർ ഡി.സി.സി പ്രസിഡൻറും കെ.പി.സി.സി ട്രഷററുമായിരുന്നു. പത്താം ക്ലാസ് പാസ്സായതിനു ശേഷം പൊതുരംഗത്തിറങ്ങിയ സി.എൻ. തന്‍റേടത്തോടെ ഓരോ മേഖലയും കീഴടക്കിയത് അസാമാന്യമായ മനസാന്നിദ്ധ്യത്തോടെയായിരുന്നു. 2011-ലെ തെരഞ്ഞെടുപ്പിലാണ് സി.എൻ ബാലകൃഷ്ണൻ ആദ്യമായി സംസ്ഥാന നിയമസഭയിലേക്ക് മത്സരിച്ചത്. 

ഉമ്മൻചാണ്ടി മന്ത്രി സഭയിൽ സഹകരണ ഖാദി വകുപ്പ് മന്ത്രിയായിരുന്നു. വടക്കാഞ്ചേരി മണ്ഡലത്തിൽ നിന്ന് മത്സരിച്ച അദ്ദേഹം സി.പി.എമ്മിലെ എൻ.ആർ.ബാലനെതിരെ 6685 വോട്ടിന്‍റെ ഭൂരിപക്ഷത്തിൽ വിജയിച്ചു. പുറനാട്ടുകര ശ്രീരാമകൃഷ്ണ ഗുരുകുല വിദ്യാമന്ദിരം എൽ.പി. സ്കൂൾ അധ്യാപികയായിരുന്ന തങ്കമണിയാണ് ഭാര്യ. തൃശൂർ കോർപ്പറേഷൻ കൗൺസിലർ ഗീത, മിനി എന്നിവർ മക്കളാണ്.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

സ്കൂള്‍ വിദ്യാര്‍ത്ഥിയുടെ ബാഗിലുണ്ടായിരുന്നത് ഒറിജിനൽ വെടിയുണ്ടകള്‍ തന്നെ; ചോദ്യങ്ങള്‍ ബാക്കി, സംഭവത്തിലെ അവ്യക്തത നീക്കാൻ പൊലീസ്
കോഴിക്കോട് യുവാവിനെ കാറിൽ മരിച്ച നിലയിൽ കണ്ടെത്തി