'കൊല മാത്രമായിരുന്നില്ല പ്രേരണ'; 82 സ്ത്രീകളെ കൊന്ന 'മാസ്‌കില്ലര്‍' പറയുന്നു...

By Web TeamFirst Published Dec 10, 2018, 2:47 PM IST
Highlights

മിക്കവാറും ഔദ്യോഗിക വാഹനത്തിലായിരിക്കും മിഖായേലിന്റെ യാത്ര. നടന്നുപോകുന്ന സ്ത്രീകള്‍ക്കരികില്‍ വണ്ടി നിര്‍ത്തി, അവര്‍ക്ക് ലിഫ്റ്റ് വാഗ്ദാനം ചെയ്യും. പൊലീസ് വേഷത്തിലായതിനാല്‍ അധികമാരും സംശയിക്കില്ല

മോസ്‌കോ: കേട്ടാല്‍ തരിച്ചുപോകുന്ന ഒരു കൊലപാതക പരമ്പരയുടെ കഥയാണ് റഷ്യയില്‍ നിന്ന് പുറത്തുവരുന്നത്. ഒന്നും രണ്ടുമല്ല എണ്‍പതിലധികം പേരെയാണ് ഒരാള്‍ തുടര്‍ച്ചയായി കൊന്നിരിക്കുന്നത്. കൊലക്കത്തിക്ക് ഇരയായത് മുഴുവനും സ്ത്രീകളും. 

റഷ്യക്കാര്‍ക്ക് ഈ 'സീരിയല്‍ കില്ലര്‍' ഒരു പുതുമുഖമല്ല. സൈബീരിയയില്‍ 22 സ്ത്രീകളെ കൊന്ന കുറ്റത്തിന് ജീവപര്യന്തം അനുഭവിക്കുന്ന പഴയ പൊലീസുകാരനായ കൊലപാതകി അവിടെ നേരത്തേ തന്നെ കുപ്രസിദ്ധനാണ്. നേരിയ തെളിവുകളുടെ തുമ്പ് പിടിച്ച് പൊലീസ് നടത്തിയ അന്വേഷണത്തിനിടെയാണ് ആദ്യം മിഖായേല്‍ പോപ്‌കോവ് എന്ന പൊലീസുകാരന്‍ വലയിലാകുന്നത്. 2012ലാണ് ഇത്. തുടര്‍ന്ന് 22 സ്ത്രീകളുടെ കൊലപാതകത്തിലും പ്രതി മിഖായേല്‍ ആണെന്ന് പൊലീസ് കണ്ടെത്തി. പല കുറ്റങ്ങളും ഇയാള്‍ തന്നെ തുറന്ന് സമ്മതിക്കുകയായിരുന്നു. 

ഇതിന് പുറമെ 60 കൊലപാതകങ്ങള്‍ കൂടി തുറന്നുസമ്മതിച്ചിരിക്കുകയാണ് റഷ്യ കണ്ട ഏറ്റവും വലിയ 'മാസ് കില്ലര്‍' മിഖായേല്‍. ആകെ 82 കൊലപാതകങ്ങളാണ് ഇയാള്‍ നടത്തിയതെന്നാണ് അധികൃതര്‍ വിശദീകരിക്കുന്നത്. എന്നാല്‍ പല സംഭവങ്ങള്‍ക്കും വേണ്ടത്ര തെളിവുകള്‍ അവശേഷിക്കുന്നില്ല. 1992 മുതലാണ് മിഖായേലിന്റെ കൊലപാതക പരമ്പര തുടങ്ങുന്നത്. 

കൊല മാത്രമല്ല...

മിഖായേലിന്റെ വിധിയെഴുത്തില്‍ പൊലിഞ്ഞത് മുഴുവനും സ്ത്രീകളായിരുന്നു. ഇവരെ വകവരുത്തല്‍ മാത്രമായിരുന്നില്ല മിഖായേലിന്റെ ലക്ഷ്യം. കൊല്ലപ്പെട്ടവരില്‍ മിക്കവരും ബലാത്സംഗത്തിനിരയായിരുന്നു. ലൈംഗികമായ ആക്രമണം നടത്താന്‍ സാഹചര്യമില്ലെങ്കില്‍ കൊലപ്പെടുത്തും. മഴു, കത്തി, സ്‌ക്രൂഡ്രൈവര്‍ തുടങ്ങിയ ആയുധങ്ങളുപയോഗിച്ചാണ് ക്രൂരമായ കൊലപാതകങ്ങള്‍ നടത്തിയിരുന്നത്. 

തുടര്‍കൊലപാതകങ്ങളുടെ പ്രേരണ...

മിഖായേലിന്റെ മാനസികനിലയ്ക്ക് സാരമായ തകരാറുണ്ടെന്ന് ഡോക്ടര്‍മാര്‍ നേരത്തേ കണ്ടെത്തിയിരുന്നു. സ്ത്രീകളെ മാത്രം കൊലപ്പെടുത്തുകയും, ഇരകളെ ബലാത്സംഗത്തിന് ഇരയാക്കുന്നതും പ്രത്യേകതരം മാനസികാവസ്ഥയാണെന്നായിരുന്നു ഡോക്ടര്‍മാരുടെ വിലയിരുത്തല്‍. വൈകാതെ തന്നെ മിഖായേലിന്റെ വിശദീകരണവും വന്നു. 

ഒരിക്കല്‍ വീട്ടിലെ വെയ്‌സ്റ്റ് ബിന്നിനകത്ത് നിന്ന് മിഖായേലിന് ഗര്‍ഭനിരോധന ഉറകള്‍ കിട്ടി. ഇതോടെ ഇയാള്‍ക്ക് ഭാര്യയോട് കടുത്ത അവിശ്വാസമായിത്തുടങ്ങി. ഭാര്യ തന്നെ വഞ്ചിക്കുകയാണെന്ന് അയാള്‍ ഉറപ്പിച്ചു. ഭാര്യയോടുള്ള അവിശ്വാസം വളര്‍ന്ന് അതൊരു പകയായി രൂപപ്പെട്ടു. ആകെ സ്ത്രീകളോടും ഈ പക തോന്നിത്തുടങ്ങി. അങ്ങനെയാണ് മിഖായേല്‍ സ്ത്രീകളെ ബലാത്സംഗം ചെയ്ത് കൊല്ലപ്പെടുത്താന്‍ തുനിഞ്ഞിറങ്ങിയത്. 

തെരുവുകളില്‍ നിന്ന് വേശ്യകളെ തുടച്ചുനീക്കാനാണ് താന്‍ കൊലപാതകങ്ങള്‍ നടത്തിയതെന്നാണ് മിഖായേല്‍ പൊലീസിനോട് വിശദീകരിച്ചത്. ഭര്‍ത്താവിനെയും കുഞ്ഞുങ്ങളെയും വീട്ടിലുപേക്ഷിച്ച് തെരുവില്‍ കൂത്താടുകയാണ് സ്ത്രീകളെന്നാണ് മിഖായേല്‍ പറഞ്ഞത്. 

ഒന്നുമറിയാതെ കുടുംബം...

ഭാര്യയും ഒരു മകളുമടങ്ങുന്ന കുടുംബമാണ് മിഖായേലിന്റേത്. താന്‍ കുടുംബത്തെ സംബന്ധിച്ചിടത്തോളം തികച്ചും മറ്റൊരാളായിരുന്നുവെന്ന് മിഖായേല്‍ തന്നെ പറയുന്നു. അവിടെ സ്‌നേഹസമ്പനനായ ഭര്‍ത്താവും അച്ഛനുമായിരുന്നു. അവര്‍ എപ്പോഴും തന്നോടൊപ്പം സുരക്ഷിതരായിരുന്നുവെന്നും മിഖായേല്‍ പറയുന്നു. 

തന്റെ ഭര്‍ത്താവ് ഇത്തരത്തിലുള്ള കുറ്റകൃത്യങ്ങള്‍ ചെയ്യില്ലെന്നായിരുന്നു മിഖായേലിന്റെ ഭാര്യയുടെ ആദ്യ പ്രതികരണം. എന്നാല്‍ ഓരോ കേസുകളിലും വിചാരണ പുരോഗമിച്ചതോടെ അവര്‍ മകള്‍ക്കൊപ്പം നാടുവിട്ടു. 

സമാനതകളില്ലാത്ത ശൈലി...

പൊലീസുകാരനായി ജോലി ചെയ്യവേ തന്നെയാണ് മിഖായേല്‍ ഒട്ടുമിക്ക കൊലപാതകങ്ങളും നടത്തിയത്. ഇതിന് അയാള്‍ക്ക് സ്വന്തമായ ഒരു ശൈലിയും ഉണ്ടായിരുന്നു. രാത്രിയില്‍ തെരുവിലൂടെ ഒറ്റയ്ക്ക് നടന്നുപോകുന്ന സ്ത്രീകളെ ആയിരുന്നു അധികവും അയാള്‍ ലക്ഷ്യമിട്ടത്. 

മിക്കവാറും ഔദ്യോഗിക വാഹനത്തിലായിരിക്കും മിഖായേലിന്റെ യാത്ര. നടന്നുപോകുന്ന സ്ത്രീകള്‍ക്കരികില്‍ വണ്ടി നിര്‍ത്തി, അവര്‍ക്ക് ലിഫ്റ്റ് വാഗ്ദാനം ചെയ്യും. പൊലീസ് വേഷത്തിലായതിനാല്‍ അധികമാരും സംശയിക്കില്ല. തുടര്‍ന്ന് ആളൊഴിഞ്ഞ സ്ഥലങ്ങളിലെത്തി ബലാത്സംഗവും കൊലപാതകവും. 

നടുങ്ങുന്ന കൊലപാതക പരമ്പരയുടെ മുഴുവന്‍ വിശദാംശങ്ങള്‍ കൂടി പുറത്തുവന്നതോടെ റഷ്യയിലെ ഏറ്റവും ഭീകരനായ കൊലയാളിയായി മിഖായേലിനെ പ്രഖ്യാപിച്ചുകഴിഞ്ഞു. ഇനി കോടതി വിധിക്കുന്ന ശിക്ഷയെന്തെന്ന് അറിയാന്‍ കാത്തിരിക്കുകയാണ് മിഖായേലിന്റെ ക്രൂരതയ്ക്കിരയായ സ്ത്രീകളുടെ പ്രിയപ്പെട്ടവര്‍...

click me!