
കട്ടക്ക്: ദുർഗാ പൂജ വിഗ്രഹ നിമജ്ജനത്തിനിടെയുണ്ടായ പ്രശ്നങ്ങളെ തുടർന്ന് ഒഡീഷയിലെ കട്ടക്കിൽ ഞായറാഴ്ചയും സംഘർഷാവസ്ഥ തുടരുന്നു. നഗരത്തിൽ നിരോധനാജ്ഞ പ്രഖ്യാപിക്കുകയും ഇന്റർനെറ്റ് സേവനങ്ങൾ താൽക്കാലികമായി നിർത്തിവയ്ക്കാനും സെൻസിറ്റീവ് പ്രദേശങ്ങളിൽ കൂടുതൽ പൊലീസ് സേനയെ വിന്യസിക്കാനും അധികൃതർ തീരുമാനിച്ചു. ക്രമസമാധാന പാലനത്തിൽ ഭരണകൂടം പൂർണ പരാജയമാണെന്ന് ആരോപിച്ച് വിശ്വഹിന്ദു പരിഷത്ത് (വിഎച്ച്പി) തിങ്കളാഴ്ച 12 മണിക്കൂർ ബന്ദ് പ്രഖ്യാപിച്ചു. കട്ടക്കിലെ ദാരാഘബസാർ പ്രദേശത്തെ ഹാത്തി പൊഖാരിക്ക് സമീപം കഴിഞ്ഞ ദിവസം പുലർച്ചെ 1.30 നും രണ്ടിനും ഇടയിൽ, കഥജോഡി നദിയുടെ തീരത്തുള്ള ദേബിഗരയിലേക്ക് നിമജ്ജന ഘോഷയാത്ര നീങ്ങുന്നതിനിടെയാണ് അക്രമം പൊട്ടിപ്പുറപ്പെട്ടത്.
ഘോഷയാത്രയ്ക്കിടെ ഉച്ചത്തിലുള്ള സംഗീതം ചില നാട്ടുകാർ എതിർത്തതിനെ തുടർന്നാണ് പ്രശ്‌നങ്ങൾ ആരംഭിച്ചതെന്ന് പൊലീസ് പറഞ്ഞു. ജനക്കൂട്ടം ഘോഷയാത്രയ്ക്ക് നേരെ മേൽക്കൂരയിൽ നിന്ന് കല്ലുകളും ഗ്ലാസ് കുപ്പികളും എറിയാൻ തുടങ്ങിയതോടെ ഏറ്റുമുട്ടലിലേക്ക് നീങ്ങി. കട്ടക്ക് ഡിസിപി ഖിലാരി ഋഷികേശ് ദിനിയാൻഡിയോ ഉൾപ്പെടെ നിരവധി പേർക്ക് പരിക്കേറ്റെന്ന് ഉദ്യോഗസ്ഥൻ പറഞ്ഞു. നിരവധി വാഹനങ്ങൾക്കും വഴിയോര കടകൾക്കും കേടുപാടുകൾ സംഭവിച്ചതിനെ തുടർന്ന് ജനക്കൂട്ടത്തെ പിരിച്ചുവിടാൻ പൊലീസ് ലാത്തി ചാർജ് നടത്തി. മൂന്ന് മണിക്കൂറോളം നിമജ്ജന പ്രവർത്തനങ്ങൾ നിർത്തിവച്ച ശേഷം കർശന സുരക്ഷയിൽ പുനരാരംഭിച്ചു.
നഗരത്തിൽ ബൈക്ക് റാലി നടത്താൻ ഒരു സംഘം അനുമതി തേടിയതിനെത്തുടർന്ന് വീണ്ടും സംഘർഷം പൊട്ടിപ്പുറപ്പെട്ടതായി പൊലീസ് പറഞ്ഞു. കട്ടക്കിലെ ഒരു സംഘടന ബൈക്ക് റാലി നടത്താൻ അനുമതി തേടിയെങ്കിലും വർഗീയ സംഘർഷത്തിലേക്ക് നയിച്ചേക്കാമെന്നതിനാൽ നിഷേധിക്കപ്പെട്ടുവെന്ന് ഭുവനേശ്വർ-കട്ടക്ക് പൊലീസ് കമ്മീഷണർ ഡോ. സുരേഷ് ദേബദൂത്ത സിംഗ് പറഞ്ഞു. പൊലീസ് ഉത്തരവ് നടപ്പിലാക്കിയപ്പോൾ സംഘർഷം പൊട്ടിപ്പുറപ്പെട്ടു. കല്ലേറിൽ എട്ട് പോലീസുകാർക്ക് പരിക്കേറ്റു. പിന്നീട് ബലപ്രയോഗത്തിലൂടെ ജനക്കൂട്ടത്തെ പിരിച്ചുവിട്ടു. നേരത്തെ നടന്ന അക്രമത്തിൽ പരിക്കേറ്റ നാല് പേരിൽ ഒരാൾ മരിച്ചതായി കിംവദന്തികൾ തെറ്റാണെന്നും അധികൃതര്ർ അറിയിച്ചു. നാല് പേർക്കും നിസാര പരിക്കുകളേ ഉള്ളൂ. മൂന്ന് പേരെ അതേ ദിവസം ഡിസ്ചാർജ് ചെയ്തു, ഒരാൾ ഇപ്പോഴും ചികിത്സയിലാണ്. തെറ്റായ വിവരങ്ങൾ പ്രചരിപ്പിക്കുന്നവരെ അറസ്റ്റ് ചെയ്യുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
കട്ടക്കിലെ ചില പ്രദേശങ്ങളിൽ കർഫ്യൂ ഏർപ്പെടുത്തുമെന്ന് ഡോ. സിംഗ് സ്ഥിരീകരിച്ചു. ആക്രമണത്തിൽ ഉൾപ്പെട്ടവരെ ഉടൻ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് പൂജാ കമ്മിറ്റി അംഗങ്ങൾ പ്രകടനങ്ങൾ നടത്തി. ജില്ലാ ഭരണകൂടമാണ് അശാന്തിക്ക് കാരണമെന്ന് ആരോപിച്ച വിഎച്ച്പി, ഡിസിപിയെയും ജില്ലാ കളക്ടറെയും സ്ഥലം മാറ്റണമെന്ന് ആവശ്യപ്പെട്ടു. ഒക്ടോബർ 6 ന് നഗരത്തിൽ പുലർച്ചെ മുതൽ സന്ധ്യ വരെ ബന്ദ് നടത്തുമെന്നും വിഎച്ച്പി വക്താവ് പറഞ്ഞു. അക്രമത്തെ ബിജു ജനതാദൾ (ബിജെഡി) അപലപിച്ചു. ഉത്തരവാദികൾക്കെതിരെ കർശന നടപടിയെടുക്കുമെന്ന് മുഖ്യമന്ത്രി മോഹൻ ചരൺ മാജി ഉറപ്പ് നൽകി.
കട്ടക്ക് എന്നത് ഹിന്ദുക്കളും മുസ്ലീങ്ങളും സിഖുകാരും ക്രിസ്ത്യാനികളും എപ്പോഴും ഐക്യത്തോടെ ജീവിച്ചിരുന്ന സാഹോദര്യത്തിന്റെ നഗരമാണ്. സംഭവിച്ചത് അങ്ങേയറ്റം നിർഭാഗ്യകരമാണ്. ഈ സർക്കാരിന് ക്രമസമാധാനം കൈകാര്യം ചെയ്യാനോ സ്ത്രീകളെ സംരക്ഷിക്കാനോ കഴിയില്ല. ബിജെപി സർക്കാർ അധികാരത്തിൽ വന്നതിനുശേഷം കുറ്റകൃത്യങ്ങളുടെ നിരക്ക് വർദ്ധിച്ചുവെന്ന് ബിജെഡി എംപി സുലത ദേവ് പറഞ്ഞു.