
കള്ളക്കുറിച്ചി: ജില്ലാ കളക്ടറോട് മോശം പെരുമാറ്റം നടത്തിയെന്ന പരാതിയിൽ ടിവികെ എംഎൽഎ അരുൾ വിഗ്നേഷ് വിവാദത്തിൽ. ജില്ലാ കളക്ടർക്ക് അശ്ലീല സന്ദേശങ്ങൾ അയച്ചെന്നും മദ്യലഹരിയിൽ രാത്രിയിൽ കളക്ടറുടെ വസതിയിലെത്തിയെന്നുമാണ് പരാതി. സംഭവത്തിന്റെ ഗൗരവം കണക്കിലെടുത്ത് കളക്ടർക്ക് പ്രത്യേക സുരക്ഷ ഏർപ്പെടുത്തിയിട്ടുണ്ട്. കളക്ടറുടെ കുടുംബം ടിവികെ നേതാവും മന്ത്രിയുമായ ബുസി ആനന്ദിനെ നേരിട്ട് പരാതി അറിയിച്ചതായാണ് വിവരം. പരാതിയുടെ പശ്ചാത്തലത്തിൽ എംഎൽഎയ്ക്ക് പാർട്ടി നേതൃത്വം താക്കീത് നൽകിയതായും ടിവികെയുടെ അച്ചടക്ക സമിതി വിഷയം പരിശോധിക്കുമെന്നും റിപ്പോർട്ടുകളുണ്ട്.
അതേസമയം, തനിക്കെതിരായ ആരോപണങ്ങൾക്ക് പിന്നിൽ ജില്ലയിലെ ശക്തനായ ഡിഎംകെ എംഎൽഎയാണെന്നാണ് അരുൾ വിഗ്നേഷിന്റെ ആരോപണം. വിഷയം രാഷ്ട്രീയമായി ഏറ്റെടുത്ത ഡിഎംകെ, ടിവികെ എംഎൽഎയ്ക്കെതിരെ വിമർശനം ശക്തമാക്കി. ജില്ലാ കളക്ടർമാർക്ക് പോലും സുരക്ഷ ഉറപ്പാക്കാൻ കഴിയാത്ത സാഹചര്യമാണെന്ന വിമർശനവുമായി കനിമൊഴിയും എക്സിൽ പോസ്റ്റ് പങ്കുവെച്ചു.
സംഭവത്തിൽ ടിവികെ അധ്യക്ഷൻ വിജയ് കടുത്ത അമർഷത്തിലാണെന്നാണ് സൂചന. പാർട്ടി എംഎൽഎമാരുടെ പെരുമാറ്റത്തിൽ അതൃപ്തി പ്രകടിപ്പിച്ച വിജയ്, എല്ലാ എംഎൽഎമാരെയും ചെന്നൈയിലേക്ക് വിളിപ്പിച്ചിട്ടുണ്ട്. നാളെ രാവിലെ 11 മണിക്ക് അടിയന്തര യോഗം ചേർന്ന് എംഎൽഎമാർക്ക് കർശന മുന്നറിയിപ്പ് നൽകുമെന്നാണ് വിവരം. പാർട്ടിയുടെ അച്ചടക്കവും പൊതുജനങ്ങൾക്കിടയിലെ പ്രതിച്ഛായയും സംബന്ധിച്ച് യോഗത്തിൽ നിർണായക നിർദേശങ്ങൾ ഉണ്ടായേക്കും.
ഇതിനിടെ, ഡെപ്യൂട്ടി സ്പീക്കർ പരാതിക്കാരനെ മർദിച്ച സംഭവവും പാർട്ടിക്ക് വലിയ നാണക്കേടുണ്ടാക്കിയെന്നാണ് നേതൃത്വത്തിന്റെ വിലയിരുത്തൽ. തുടർച്ചയായി ഉയരുന്ന വിവാദങ്ങളിൽ വിജയ് അസ്വസ്ഥനാണെന്നും എംഎൽഎമാരുടെ പ്രവർത്തനങ്ങളിലും പെരുമാറ്റത്തിലും കർശന നിയന്ത്രണം കൊണ്ടുവരാനാണ് നീക്കമെന്നുമാണ് റിപ്പോർട്ടുകൾ.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam