കാലടി സർവകലാശാലയിലെ പരീക്ഷാ വിവാദത്തിൽ ഹാജർ നിലയില്ലെന്ന വാദം വിദ്യാർത്ഥികൾ തള്ളി. സസ്പെൻഷന് മുൻപ് തങ്ങൾക്ക് ആവശ്യത്തിന് ഹാജരുണ്ടായിരുന്നെന്നും മാപ്പപേക്ഷ നൽകാൻ അനുവദിച്ചില്ലെന്നും കോടതിയിൽ നൽകിയ സത്യവാങ്മൂലത്തിൽ പറയുന്നു. സുപ്രീംകോടതി നിർദ്ദേശപ്രകാരം കേസ് ഹൈക്കോടതി സിംഗിൾ ബെഞ്ച് പരിഗണിക്കും.
കൊച്ചി: കാലടി സർവകലാശാലയിലെ പരീക്ഷ വിവാദത്തിൽ ഹാജർ നിലയില്ലെന്ന സർവകലാശാലയുടെ വാദം തള്ളി വിദ്യാർത്ഥികൾ. പരിക്ഷ എഴുതേണ്ട എല്ലാവർക്കും സസ്പെൻഷന് മുൻപ് 60 ശതമാനം വരെ ഹാജരുണ്ട്. ബാക്കി 15 ശതമാനം മാപ്പപേക്ഷ ഫയൽ ചെയ്താൽ ലഭ്യമാകുമായിരുന്നു. ഇതിനു കോളേജിൽ കയറാൻ അനുവദിച്ചിരുന്നില്ല. അതിനാൽ ഫയൽ ചെയ്യാൻ ആയില്ലെന്നും വിദ്യാർത്ഥികൾ പറയുന്നു. കോടതിയിൽ നൽകിയ സത്യവാങ്മൂലത്തിലാണ് ഇക്കാര്യം വ്യക്തമാക്കിയിട്ടുള്ളത്.
നിലവിലെ റിട്ട് ഹർജിയിലാണ് പുതിയ ഭേദഗതി സത്യവാങ്മൂലം നൽകിയത്. ഹർജി ഇന്ന് തന്നെ കോടതിയിൽ കൊണ്ടുവരാനാണ് നീക്കം. നാടകം കളിച്ചതിനാണ് തങ്ങൾക്കെതിരെ കേസെന്ന് വിദ്യാർത്ഥികൾ ചൂണ്ടിക്കാട്ടുന്നു. ഒരേ വിഷയത്തിൽ തന്നെ രണ്ടു കേസുകൾ എടുത്തത് വിചിത്ര നടപടിയാണ്. മനപ്പൂർവ്വം ഉപദ്രവിക്കാനാണ് അധികൃതർ രണ്ടാമത്തെ കേസ് നൽകിയത്. ഈ വാദങ്ങൾ കൂടി പരിഗണിക്കണമെന്ന് സിംഗിൾ ബെഞ്ചിന് മുമ്പാകെ നൽകിയ ഹർജിയിൽ വിദ്യാർത്ഥികൾ പറയുന്നു. അച്ചടക്കനടപടികൾക്ക് മുന്നോടിയായാണ് സസ്പെൻഷൻ. ദീർഘകാലത്തെ സസ്പെൻഷൻ നിയമവിരുദ്ധമാണെന്നും റിട്ട് ഹർജിയിൽ പറയുന്നു.
കേസ് ഹൈക്കോടതി സിംഗിൾ ബെഞ്ച് തന്നെ പരിഗണിക്കട്ടെയെന്ന് കഴിഞ്ഞ ദിവസം സുപ്രീംകോടതി നിര്‍ദേശിച്ചിരുന്നു. സര്‍വകലാശാലകളില്‍ പാലിക്കേണ്ട അച്ചടക്കമുണ്ടെന്ന് ചൂണ്ടിക്കാട്ടിയ സുപ്രീംകോടതി, കേസ് സിംഗിൾ ബെഞ്ച് പരിഗണിക്കട്ടെയെന്ന് ഉത്തരവിടുകയായിരുന്നു. വിദ്യാർത്ഥികൾക്കായി മുതിർന്ന അഭിഭാഷകൻ പി വി ദിനേശ് ആണ് ഹാജരായത്. സസ്പെൻഷൻ വഴിയാണ് അറ്റൻഡൻസ് കുറഞ്ഞതെന്നും സർവകലാശാല മനപൂർവം ഉണ്ടാക്കിയ സാഹചര്യമാണെന്നും അഭിഭാഷകൻ വാദിച്ചു. എന്നാൽ അറ്റൻഡൻസ് കോടതി പരിശോധിക്കണമെന്ന് സർവകലാശാലയും പറഞ്ഞു. ഉത്തരവ് വിദ്യാർത്ഥികൾക്ക് അനൂകൂലമെങ്കിൽ പ്രത്യേക പരീക്ഷ നടത്താമെന്നും സർവകലാശാല അറിയിച്ചു. ഹൈക്കോടതിയിൽ നിന്ന് തിരിച്ചടി നേരിട്ടതോടെയാണ് വിദ്യാർത്ഥികൾ സുപ്രീംകോടതിയെ സമീപിച്ചത്.














