ഞാനും അര്‍ബന്‍ നക്സല്‍ എന്ന പ്ലക്കാര്‍ഡ് കഴുത്തിലണിഞ്ഞു; ഗിരീഷ് കര്‍ണാടിനെതിരെ പരാതി

By Web TeamFirst Published Sep 7, 2018, 10:22 PM IST
Highlights

കര്‍നാടിന്‍റെ കൂട്ടാളികളായ സ്വാമി അഗ്നിവേശ്, ജിഗ്നേഷ് നേവാനി, പ്രകാശ് രാജ്, കനയ്യ കുമാര്‍, ഉമര്‍ ഖാലിദ് എന്നിവര്‍ക്കും നക്സല്‍ പ്രസ്ഥാനത്തില്‍ ബന്ധമുണ്ടെന്നും കലാപത്തില്‍ ഇവരുടെ പങ്കും അന്വേഷിക്കണമെന്നും അമൃതേഷ് പരാതിയില്‍ ഉള്‍പ്പെടുത്തി

ബംഗളൂരു: ഞാനും അര്‍ബന്‍ നക്സല്‍ ആണെന്ന് പ്ലക്കാര്‍ഡ് കഴുത്തിലണിഞ്ഞ് ഗൗരി ലങ്കേഷ് അനുസ്മരണ ചടങ്ങിനെത്തിയ ജ്ഞാനപീഠ ജേതാവ് ഗിരീഷ് കര്‍ണാടിനെതിരെ പരാതി. ഗൗരി ലങ്കേഷ് വധക്കേസിലെ പ്രതിഭാഗം അഭിഭാഷകനായ അമൃതേഷ് എന്‍.പിയാണ് ബംഗളൂരു പൊലീസില്‍ പരാതി നല്‍കിയിരിക്കുന്നത്.

ഗിരീഷ് കര്‍ണാടിനും സഹപ്രവര്‍ത്തകര്‍ക്കും മാവോയിസ്റ്റ് ബന്ധമുണ്ടെന്ന് അമൃതേഷിന്‍റെ പരാതിയില്‍ ആരോപിക്കുന്നു. ഭീമ കൊറേഗാവ് സ്ഫോടനവുമായി ബന്ധപ്പെട്ട് ഇവരെ ചോദ്യം ചെയ്യണമെന്നും പരാതിയില്‍ ആവശ്യപ്പെടുന്നുണ്ട്.

കര്‍ണാടിന്‍റെ കൂട്ടാളികളായ സ്വാമി അഗ്നിവേശ്, ജിഗ്നേഷ് നേവാനി, പ്രകാശ് രാജ്, കനയ്യ കുമാര്‍, ഉമര്‍ ഖാലിദ് എന്നിവര്‍ക്കും നക്സല്‍ പ്രസ്ഥാനത്തില്‍ ബന്ധമുണ്ടെന്നും കലാപത്തില്‍ ഇവരുടെ പങ്കും അന്വേഷിക്കണമെന്നും അമൃതേഷ് പരാതിയില്‍ ഉള്‍പ്പെടുത്തി.

റൂറല്‍ നക്സലന്നോ അര്‍ബന്‍ നക്സലെന്നോ ഒന്നുമില്ല. കഴുത്തില്‍ അത്തരമൊരു പ്ലക്കാര്‍ഡ് തൂക്കുന്നത് നക്സല്‍ ആശയങ്ങളെ പ്രോത്സാഹിപ്പിക്കുകയും പിന്തുണയ്ക്കുകയും ചെയ്യുകയാണെന്നും പരാതിയിലുണ്ട്.

അര്‍ബന്‍ നക്സലുകള്‍ എന്ന് വിശേഷിപ്പിച്ച് അഞ്ച് ആക്ടിവിസ്റ്റുകളെ അറസ്റ്റ് ചെയ്യുകയും വീട്ട് തടങ്കലിലാക്കുകയും ചെയ്തതിന്‍റെ പശ്ചാത്തലത്തിലാണ് കര്‍ണാട് പ്ലക്കാര്‍ഡ് കഴുത്തിലണിഞ്ഞ് പ്രതിഷേധിച്ചത്. ഗൗരി ലങ്കേഷിനെ കൊലപ്പെടുത്തിയ കേസിലെ പ്രതിയായ അമോല്‍ കാലെ രാജ്യത്ത് കൊല്ലപ്പെടേണ്ട 34 പേരുടെ തയാറാക്കിയതില്‍ ഉള്‍പ്പെട്ടിരുന്ന വ്യക്തിയാണ് ഗിരീഷ് കര്‍ണാടും.

click me!