
ചൈന: നഴ്സറി സ്കൂൾ കുട്ടികളുടെ പ്രവേശനോത്സവത്തിന് പോൾ ഡാൻസ് നടത്തിയ സംഭവം വിവാദമായപ്പോൾ മാപ്പപേക്ഷയുമായി പ്രധാനാധ്യാപകൻ. ബെയ്ജിംഗിലെ ഷെഞ്ജയിലെ ബാവോൻ നഴ്സറിയിലാണ് സംഭവം. മൂന്നു മുതൽ ആറ് വയസ്സുവരെയുള്ള കുട്ടികളുടെ പ്രവേശനോത്സവമായിരുന്നു സ്കൂളിൽ സംഘടിപ്പിച്ചത്. സമൂഹമാധ്യമങ്ങളിൽ സംഭവം വിവാദമായതോടെ പ്രിൻസിപ്പൽ ലായി രോംഗ് മാപ്പപേക്ഷയുമായി രംഗത്തെത്തിയിരിക്കുകയാണ്. നഴ്സറിയുടെ മുറ്റത്തുള്ള വേദിയിലാണ് കറുത്ത വസ്ത്രമണിഞ്ഞ നർത്തകി പോൾ ഡാൻസ് അവതരിപ്പിച്ചത്.
അമേരിക്കൻ എഴുത്തുകാരനായ മൈക്കിൾ സ്റ്റാൻഡേയർട്ട് ആണ് ഈ വീഡിയോ ട്വിറ്ററിൽ പോസ്റ്റ് ചെയ്തിരിക്കുന്നത്. മൂന്നും ആറും വയസ്സ് പ്രായമുള്ള കുഞ്ഞുങ്ങളെ പോൾ ഡാൻസ് കാണിക്കുക എന്ന ആശയം നല്ലതാണെന്ന് ആരാണ് തീരുമാനിച്ചതെന്നും അദ്ദേഹം തന്റെ ട്വിറ്റർ പോസ്റ്റിൽ ചോദിച്ചിരിക്കുന്നു. ഇദ്ദേഹത്തിന്റെ കുട്ടികൾ ഇവിടെയാണ് പഠിക്കുന്നത്. പോൾ ഡാൻസ് കണ്ട ഉടനെ മിക്ക മാതാപിതാക്കളും അവരുടെ കുട്ടികളെയും വിളിച്ചുകൊണ്ട് എഴുന്നേറ്റ് പോകുന്നുണ്ടായിരുന്നു.
സ്വകാര്യ വ്യക്തിയുടേതാണ് ഈ സ്കൂൾ. വീഡിയോ സമൂഹമാധ്യമങ്ങളിൽ വിമർശനാത്മകമായി പ്രചരിച്ചതോടെ എഡ്യൂക്കേഷണൽ ബോർഡ് വിഷയത്തിൽ ഇടപെട്ടിരുന്നു. പ്രിൻസിപ്പലിനെ പിരിച്ചു വിടാനായിരുന്നു ബോർഡിന്റെ നിർദ്ദേശം. ഒപ്പം അധ്യാപകരോടും മാതാപിതാക്കളോടും മറുപടി പറയാനും ആവശ്യപ്പെട്ടിരുന്നു. എന്നാൽ താൻ ആദ്യം തന്നെ മാപ്പ് പറഞ്ഞെന്നായിരുന്നു ലായി രോംഗിന്റെ വിശദീകരണം.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ International News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam Live News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam