
കൊല്ലം: സിപിഐ കൊല്ലം ജില്ലാ എക്സിക്യൂട്ടീവ് യോഗത്തിൽ നിന്ന് മന്ത്രി കെ രാജു ഇറങ്ങിപ്പോയി. മുല്ലക്കര രത്നാകരന് ജില്ലാ സെക്രട്ടറിയുടെ താൽക്കാലിക ചുമതല നൽകുന്നത് സംബന്ധിച്ച് ചർച്ച നടക്കുന്നതിനിടയിലാണ് മന്ത്രി ഇറങ്ങിപ്പോയത്. മന്ത്രി രാജു സംസാരിക്കുന്നത് ഒരു വിഭാഗം എതിർത്തതാണ് ഇറങ്ങിപ്പോക്കിന് കാരണം.
കൊല്ലം ജില്ലാ സെക്രട്ടറിയുടെ താൽക്കാലിക ചുമതല മുല്ലക്കര രത്നാകരന് നൽകിയതിന്‍റെ പേരിൽ ഇന്നലെ സംസ്ഥാന കൗൺസിലിൽ ഉണ്ടായ കടുത്ത വാക്കേറ്റത്തിന്‍റെ തുടർച്ചയാണ് ഇന്നത്തെ ജില്ലാ എക്സിക്യൂട്ടീവ് യോഗത്തിലും ഉണ്ടായത്. നീക്കം ഏകപക്ഷീയമാണെന്ന് ആരോപിച്ച് ഔദ്യാഗിക പക്ഷത്തിനെതിരെ പ്രകാശ് ബാബു- കെ ഇസ്മായിൽ വിഭാഗം കടുത്ത വിമർശനമുന്നയിച്ചിരുന്നു.
ഭിന്നതകൾ നിലനിൽക്കെ മുല്ലക്കര രത്നാകരനെ താത്കാലിക സെക്രട്ടറിയായി നിയമിച്ച നടപടി റിപ്പോർട്ട് ചെയ്യാൻ വേണ്ടിയാണ് ഇന്ന് സിപിഐ കൊല്ലം ജില്ലാ എക്സിക്യൂട്ടീവ് യോഗം ചേർന്നത്. സംസ്ഥാന നേതൃത്വത്തിന്‍റെ നടപടിയിൽ എതിരഭിപ്രായം രേഖപ്പെടുത്താൻ വേണ്ടി മന്ത്രി രാജു സംസാരം തുടങ്ങിയതോടെ മുല്ലക്കര രത്നാകരനെ അനുകൂലിക്കുന്ന വിഭാഗം അത് തടയുകയായിരുന്നു.
മന്ത്രി രാജുവിന്‍റെ ഘടകം ജില്ലാ എക്സിക്യൂട്ടീവ് അല്ലെന്നും സംസ്ഥാന കൗൺസിലിലാണ് അദ്ദേഹം അഭിപ്രായം പറയേണ്ടതെന്നും കാണിച്ചാണ് മുല്ലക്കര രത്നാകരൻ വിഭാഗം മന്ത്രിയെ തടഞ്ഞത്. ഇതോടെ മന്ത്രി ഇറങ്ങിപ്പോകുകയായിരുന്നു.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam