കെവിൻ വധക്കേസ്: കരുതിക്കൂട്ടിയുള്ള കൊലപാതകമെന്ന് പ്രോസിക്യൂഷൻ

By Web TeamFirst Published Feb 13, 2019, 1:46 PM IST
Highlights

കെവിന്‍റേത് കരുതിക്കൂട്ടിയുള്ള കൊലപാതകമെന്ന് പ്രോസിക്യൂഷൻ കോടതിയിൽ. കേസിൽ വലിയ ഗൂഢാലോചന നടന്നിട്ടുണ്ടെന്നും പ്രോസിക്യൂഷൻ വാദിച്ചു. 

കോട്ടയം: കെവിന്‍റെ  കൊലപാതകം കരുതിക്കൂട്ടിയുള്ളതെന്ന് പ്രോസിക്യൂഷൻ കോടതിയിൽ.  കോട്ടയം ജില്ലാ അഡീഷണൽ സെഷൻസ് കോടതി നാലിൽ നടന്ന പ്രാഥമിക വാദത്തിനിടെയാണ് പ്രോസിക്യൂഷൻ ഇക്കാര്യം ഉന്നയിച്ചത്. കേസിൽ വലിയ ഗൂഢാലോചന നടന്നിട്ടുണ്ടെന്നും പ്രോസിക്യൂഷൻ വാദിച്ചു. പ്രാഥമിക വാദം ഇരുപത്തിരണ്ടിന് തുടരും. കേസിലെ പ്രതികളെയെല്ലാം ഇന്ന് കോടതിയിൽ ഹാജരാക്കിയിരുന്നു.

പ്രണയവിവാഹത്തിന്‍റെ പേരിൽ  ഭാര്യാസഹോദരന്‍റെ നേതൃത്വത്തിൽ കെവിനെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയെന്നാണ് കേസ്. കഴിഞ്ഞ മെയ് 27-നാണ് കേസിനാസ്പദമായ സംഭവം നടന്നത്. കെവിന്‍റെ ഭാര്യയുടെ സഹോദരൻ ഷാനു, അച്ഛൻ ചാക്കോ എന്നിവരുൾപ്പടെ  കേസിൽ 14 പ്രതികളാണുള്ളത്. ദുരഭിമാനക്കൊലകളുടെ വിചാരണ സംബന്ധിച്ച് സുപ്രീംകോടതി പുറത്തുവിട്ട മാർഗരേഖകൾ പ്രകാരം കെവിൻ കൊലക്കേസ് അതിവേഗം തീർപ്പാക്കാൻ കോടതി തീരുമാനിച്ചിരുന്നു. കേരളത്തിലാദ്യമായാണ് ദുരഭിമാനക്കൊലയെന്ന് കണക്കാക്കി ഒരു കൊലക്കേസിൽ വിചാരണ തുടങ്ങുന്നത്.

2018 മെയ് 24-നാണ് കോട്ടയത്ത് ബിരുദവിദ്യാർഥിനിയായ നീനു കെവിനെ വിവാഹം കഴിക്കുന്നത്. രജിസ്റ്റർ ഓഫീസിൽ വച്ച് വിവാഹിതയായ വിവരം നീനു തന്നെയാണ് വീട്ടുകാരെ വിളിച്ച് അറിയിച്ചത്. പിറ്റേന്ന് നീനുവിന്‍റെ വീട്ടുകാർ പരാതിയുമായി പൊലീസ് സ്റ്റേഷനിലെത്തി. രജിസ്റ്റർ വിവാഹത്തിന്‍റെ രേഖകൾ പൊലീസിനെ കാണിച്ചിട്ടും നീനുവിനെയും കെവിനെയും ഉദ്യോഗസ്ഥർ സ്റ്റേഷനിലേക്ക് വിളിച്ചുവരുത്തി. വീട്ടുകാരോടൊപ്പം പോകാനാണ് നീനുവിനോട് പൊലീസ് നിർദ്ദേശിച്ചത്. അതിന് വിസമ്മതിച്ചതോടെ ബലംപ്രയോഗിച്ച് നീനുവിനെ അവിടെ നിന്ന് കൊണ്ടുപോകാൻ വീട്ടുകാർ ശ്രമിച്ചു.  ബഹളം കേട്ട് ആളുകൾ കൂടിയതോടെ വീട്ടുകാർ പിൻവാങ്ങി.

പിന്നീട് മെയ് 27-ന്  നീനുവിന്‍റെ സഹോദരൻ ഷാനുവിന്‍റെ നേതൃത്വത്തിൽ കാറിലെത്തിയ നാലംഗസംഘം കെവിനെ തട്ടിക്കൊണ്ട് പോവുകയായിരുന്നു. മെയ് 28-ന് കോട്ടയത്തെ ചാലിയേക്കര ആറ്റിൽ നിന്ന് കെവിന്‍റെ മൃതദേഹം കണ്ടെത്തി. ഇവർ കെവിനെ മർദ്ദിച്ച് അവശനാക്കി ആറ്റിൽ തള്ളുകയായിരുന്നുവെന്ന് പൊലീസ് അന്വേഷണത്തിൽ കണ്ടെത്തി. കേസിൽ 186 സാക്ഷികളും 180 തെളിവുപ്രമാണ രേഖകളുമുണ്ട്.

click me!