ദില്ലി സര്‍വ്വകലാശാല യൂണിയന്‍ തെരഞ്ഞെടുപ്പ്; വോട്ടിംഗ് യന്ത്രത്തില്‍ ക്രമക്കേടെന്ന് കോണ്‍ഗ്രസ്

By Web TeamFirst Published Sep 14, 2018, 2:55 PM IST
Highlights

പേപ്പർ ബാലറ്റ് ഉപയോഗിച്ച് വീണ്ടും തെരഞ്ഞെടുപ്പ് നടത്തണമെന്ന ആവശ്യവുമായി കോടതിയെ സമീപിക്കുമെന്ന് കോണ്‍ഗ്രസ്  വ്യക്തമാക്കി.

ദില്ലി:ദില്ലി സർവ്വകലാശാല വിദ്യാർത്ഥി യൂണിയൻ തെരഞ്ഞെടുപ്പിനുപയോഗിച്ച വോട്ടിംഗ് യന്ത്രത്തിൽ ക്രമക്കേടെന്ന് കോൺഗ്രസ്. വോട്ടിംഗ് യന്ത്രത്തിൽ ഡിസ്പ്ലേ ഇല്ലായിരിന്നു. വോട്ടിഗ് യന്ത്രങ്ങളുടെ എണ്ണം തിരിച്ചുള്ള കണക്കുകൾ ദില്ലി യൂണിവേഴ്സിറ്റി അധികൃതർ തന്നിട്ടില്ല. പേപ്പർ ബാലറ്റ് ഉപയോഗിച്ച് വീണ്ടും തെരഞ്ഞെടുപ്പ് നടത്തണമെന്ന ആവശ്യവുമായി കോടതിയെ സമീപിക്കുമെന്ന് കോണ്‍ഗ്രസ് വക്താക്കള്‍ വ്യക്തമാക്കി. തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന്‍റെ വിദ്യാര്‍ത്ഥി സംഘടനയായ എന്‍എസ്‍യുഐക്ക് സെക്രട്ടറി സ്ഥാനത്ത് മാത്രമാണ് ജയിക്കാനായത്. എന്നാല്‍ വോട്ടെണ്ണലില്‍ കൃത്രിമത്വം നടന്നുവെന്നാണ് എന്‍എസ്‍യുഐ ആരോപിക്കുന്നത്. 

അതേസമയം യൂണിവേഴ്സിറ്റിയിലേക്ക് വോട്ടിങ്ങ് മെഷീനുകള്‍ നല്‍കിയത് ഔദ്യോഗികമായല്ലെന്ന് മുഖ്യതെരഞ്ഞെടുപ്പ് ഓഫീസര്‍ പറഞ്ഞു‍. ദില്ലി യൂണിവേഴ്സിറ്റി തെരഞ്ഞെടുപ്പ് ഫലത്തില്‍ അട്ടിമറിയുണ്ടെന്ന എന്‍എസ്‍യുഐയുടെ ആരോപണത്തിന് പിന്നാലെയാണിത്. വോട്ടിങ്ങ് മെഷീനുകള്‍ വിതരണം ചെയ്തത് സ്വകാര്യ വ്യക്തികളാണ് എന്ന് ഓഫീസില്‍ നിന്നും അറിയിച്ചു. ഇന്നലെ നടന്ന തെരഞ്ഞെടുപ്പില്‍ പ്രസിഡന്‍റ് , ജോയിന്‍റ് സെക്രട്ടറി എന്നീ സ്ഥാനങ്ങളില്‍ എബിവിപി വിജയിച്ചിരുന്നു. മെഷീന്‍ തകരാറിലായതിനെ തുടര്‍ന്ന് വോട്ടെണ്ണല്‍ നിര്‍ത്തിവച്ചിരുന്നു. ഇത് മനപൂര്‍വ്വമാണെന്നും അധികൃതരുടെ ഒത്താശയോടെ നടത്തിയതാണെന്നുമാണ് എന്‍എസ്‍യുഐയുടെ ആരോപണം.
 

click me!