ആശുപത്രിയിലിരുന്നും പരീക്കര്‍ ജനങ്ങളെ ഭീഷണിപ്പെടുത്തുന്നുവെന്ന് കോണ്‍ഗ്രസ്

By Web TeamFirst Published Sep 21, 2018, 7:11 PM IST
Highlights

കോണ്‍ഗ്രസ് നിരീക്ഷകനായ എ. ചെല്ലകുമാറാണ് പാന്‍ക്രിയാസിലെ രോഗാവസ്ഥ മൂലം ചികിത്സയില്‍ കഴിയുന്ന പരീക്കര്‍ക്കെതിരെ ആരോപണങ്ങളുമായി രംഗത്ത് വന്നത്

മഡ്ഗാവ്: ദില്ലിയിലെ ഏയിംസില്‍ ചികിത്സയില്‍ കഴിയുമ്പോഴും ഗോവ മുഖ്യമന്ത്രി മനോഹര്‍ പരീക്കര്‍ ഫോണിലൂടെ ജനങ്ങളെ ഭീഷണിപ്പെടുത്തുകയാണെന്ന ഗുരുതര ആരോപണവുമായി കോണ്‍ഗ്രസ്. മുഖ്യമന്ത്രിയുടെ ആരോഗ്യം എങ്ങനെയുണ്ടെന്ന് വ്യക്തമാക്കുന്ന മെഡിക്കല്‍ ബുള്ളറ്റിന്‍ പുറത്തിറക്കാന്‍ ആശുപത്രി തയാറാകണമെന്നും കോണ്‍ഗ്രസ് ആവശ്യപ്പെട്ടു.

കോണ്‍ഗ്രസ് നിരീക്ഷകനായ എ. ചെല്ലകുമാറാണ് പാന്‍ക്രിയാസിലെ രോഗാവസ്ഥ മൂലം ചികിത്സയില്‍ കഴിയുന്ന പരീക്കര്‍ക്കെതിരെ ആരോപണങ്ങളുമായി രംഗത്ത് വന്നത്. ''അദ്ദേഹം ഇപ്പോള്‍ ആശുപത്രിയിലായിരിക്കാം, അതെ. താങ്കള്‍ സുഖമായിരിക്കട്ടെയെന്ന് ആശംസിക്കുന്നു.

എന്നാല്‍, ആശുപത്രിയിലായിരിക്കുമ്പോഴും ഫോണിലൂടെ ആളുകളിലെ വിളിച്ച് ഭീഷണിപ്പെടുത്തുന്നുവെന്നാണ് എനിക്ക് ലഭിച്ച് വിവരം.''- ചെല്ലകുമാര്‍ പറഞ്ഞു. ഭരണകക്ഷിയിലുള്ള ഗോവ ഫോര്‍വേഡ് ബ്ലോക്ക് അധ്യക്ഷന്‍ വിജയ് സര്‍ദേശായിയെ ബന്ധപ്പെട്ട് ഭരണകാര്യങ്ങള്‍ പരീക്കര്‍ ചര്‍ച്ച ചെയ്തതതായുള്ള റിപ്പോര്‍ട്ട് പുറത്ത് വന്ന ശേഷമാണ് കോണ്‍ഗ്രസിന്‍റെ ആരോപണം.

ഖനന അഴിമതി കേസിലും ചെല്ലകുമാര്‍ മുഖ്യമന്ത്രിക്കെതിരെ വിമര്‍ശനങ്ങള്‍ ഉന്നയിച്ചു. 1.44 ലക്ഷം കോടി രൂപയുടെ ഖനന അഴിമതി കേസില്‍ കുറ്റകാരനാണെന്ന് കണ്ടെത്തിയാല്‍ തന്‍റെ സ്വത്തുക്കള്‍ ഉപേക്ഷിക്കാന്‍ പരീക്കര്‍ തയാറാവണമെന്നാണ് അദ്ദേഹം ആവശ്യപ്പെട്ടത്.

ഇപ്പോള്‍ ലോകായുക്തയുടെ പരിധിയിലാണ് ഈ കേസ്. എന്നാല്‍, കോണ്‍ഗ്രസിന്‍റെ ആരോപണങ്ങള്‍ ബിജെപി തള്ളി. പരീക്കറിനെതിരായ വാദങ്ങള്‍ അടിസ്ഥാനരഹിതവും പൊള്ളയുമാണെന്നാണ് ബിജെപി പ്രതികരിച്ചത്. ഏറെ നാളായി വിദേശത്തും നാട്ടിലുമായി മനോഹര്‍ പരീക്കര്‍ ചികിത്സയിലാണ്.

എട്ട് മാസം മുമ്പ് ചികിത്സയ്ക്കായി യുഎസിലേക്ക് മുഖ്യമന്ത്രി പോയതിന് ശേഷം മൂന്നംഗ ഉപദേശക സമിതിയാണ് ഗോവയിലെ ഭരണകാര്യങ്ങള്‍ മുന്നോട്ട് കൊണ്ട് പോകുന്നത്. അടുത്തിടയും രണ്ട് വട്ടം യുഎസില്‍ ചികിത്സയ്ക്ക്പോയി വന്ന പരീക്കറിനെ ഏയിംസില്‍ പ്രവേശിപ്പിക്കുകയായിരുന്നു.

ഇതോടെ ഗോവയില്‍ ഭരണമില്ലാത്ത അവസ്ഥയാണെന്ന് കോണ്‍ഗ്രസ് ആരോപിച്ചിരുന്നു. എന്നാല്‍, പരീക്കറിനെ പോലെ ജനകീയനായ ഒരു നേതാവിനെ സംസ്ഥാനത്ത് ബിജെപിക്ക് മുഖ്യമന്ത്രി സ്ഥാനത്തേക്ക് കണ്ടെത്താനായിട്ടില്ല. ഇതോടെ, ഏറ്റവും വലിയ ഒറ്റകക്ഷിയായിട്ടും അധികാരത്തിലെത്താന്‍ സാധിക്കാതായ കോണ്‍ഗ്രസ് സര്‍ക്കാര്‍ രൂപീകരണത്തിനുള്ള സാധ്യതകള്‍ തേടുന്നുണ്ട്. 

click me!