വോട്ടിംഗ് യന്ത്രങ്ങളിൽ അട്ടിമറി; അന്വേഷണം വേണമെന്ന് കോൺഗ്രസ്, പെരുംനുണയെന്ന് ബിജെപി

By Web TeamFirst Published Jan 22, 2019, 7:48 AM IST
Highlights

ലണ്ടനിലെ ചടങ്ങിൽ മാധ്യമപ്രവർത്തകന്റെ ക്ഷണപ്രകാരമാണ് കപിൽ സിബൽ പങ്കെടുത്തതെന്നും , ചടങ്ങ് സംഘടിപ്പിച്ചതിൽ കോൺഗ്രസ്സിന പങ്കില്ലെന്നും മനു അഭിഷേക് സിങ്‌വി വ്യക്തമാക്കി. 

ദില്ലി: ഇന്ത്യയിലെ വിവിധ തെരഞ്ഞെടുപ്പുകളിൽ വോട്ടിംഗ് യന്ത്രങ്ങളിൽ അട്ടിമറി നടത്തിയിട്ടുണ്ടെന്ന ഹാക്കറുടെ വെളിപ്പെടുത്തലിൽ കോൺഗ്രസ് ബിജെപി വാക്പോര്. ഗുരുതരമായ ആരോപണങ്ങളിൽ വിശദമായ അന്വേഷണം നടത്തണമെന്ന് കോൺഗ്രസ് ആവശ്യപ്പെട്ടു. ലണ്ടനിലെ ചടങ്ങിൽ മാധ്യമപ്രവർത്തകന്റെ ക്ഷണപ്രകാരമാണ് കപിൽ സിബൽ പങ്കെടുത്തതെന്നും , കോൺഗ്രസ്സിന് ചടങ്ങ് സംഘടിപ്പിച്ചതിൽ പങ്കില്ലെന്നും കോൺഗ്രസ് വക്താവ് മനു അഭിഷേക് സിങ്‌വി വ്യക്തമാക്കി. 

അതേസമയം കോൺഗ്രസിനെ രൂക്ഷമായി വിമർശിച്ച് ബിജെപിയും രംഗത്തെത്തി. കോൺഗ്രസിന്‍റേത് തരംതാണ് രാഷ്ട്രീയമാണെന്ന് കേന്ദ്രമന്ത്രി അരുൺജെയ്റ്റ്ലി ആരോപിച്ചു. ഹാക്കറുടെ അവകാശവാദം പെരുംനുണയാണ്. യു പി എ സർക്കാരിന്റെ കാലത്ത് തെരഞ്ഞെടുപ്പ് കമ്മീഷനും ഉദ്യോഗസ്ഥരും ബി ജെ പിയുടെ ചട്ടുകമായാണോ പ്രവർത്തിച്ചതെന്ന് കോൺഗ്രസ് വ്യക്തമാക്കണം. ഇത്തരം വിഢിത്തങ്ങൾ അംഗീകരിക്കാൻ ജനങ്ങൾ മണ്ടന്മാരാണെന്ന് കോൺഗ്രസ് വിചാരിക്കരുതെന്നും ജെയ്റ്റ്ല്ലി ട്വീറ്റ് ചെയ്തു. 

Read More : 2014ലെ തെരഞ്ഞെടുപ്പ് തിരിമറികളുടേതോ? ഇവിഎം ഹാക്കിംഗ് വെളിപ്പെടുത്തലുകള്‍ ഇങ്ങനെ

രാജ്യം ആകാംക്ഷയോടെ ലോക്സഭ തെരഞ്ഞെടുപ്പിനായി കാത്തിരിക്കുന്നിതിനിടെയാണ് വോട്ടിംഗ് യന്ത്രത്തില്‍ തിരിമറി നടത്താമെന്ന യുഎസ് ഹാക്കറുടെ വെളിപ്പെടുത്തല്‍ പുറത്ത് വന്നത്. പല  തെരെഞ്ഞെടുപ്പുകളിലും ഇന്ത്യയിൽ ഉപയോഗിക്കുന്ന വോട്ടിങ് യന്ത്രങ്ങൾ താൻ ഹാക്ക് ചെയ്തിട്ടുണ്ടെന്നാണ് അമേരിക്കൻ ഹാക്കറുടെ അവകാശവാദം.

ഇതിനായി എസ് പി, ബി എസ് പി പാർട്ടികൾ തന്നെ സമീപിച്ചിട്ടുണ്ടെന്നും ഹാക്കർ പറഞ്ഞു. ഇന്ത്യൻ മാധ്യമപ്രവർത്തകരുടെ സംഘടന ലണ്ടനിൽ സംഘടിപ്പിച്ച പരിപാടിയിലാണ് ഹാക്കർ വെളിപ്പെടുത്തൽ നടത്തിയത്. ലണ്ടനിൽ നടന്ന പരിപാടിയിൽ വോട്ടിംഗ് യന്ത്രം ഹാക്ക് ചെയ്യുന്നത് എങ്ങനെയെന്ന് ഹാക്കർ പ്രദർശിപ്പിക്കുകയും ചെയ്തു.

click me!