ഡല്‍ഹി സര്‍വ്വകലാശാല തെര‍ഞ്ഞെടുപ്പ്; എന്‍എസ്‌യുഐക്ക് വിജയം

By Web DeskFirst Published Sep 13, 2017, 6:06 PM IST
Highlights

ദില്ലി: ഡല്‍ഹി സര്‍വകലാശാല വിദ്യാര്‍ത്ഥി യൂണിയന്‍ തെരഞ്ഞെടുപ്പില്‍  കോണ്‍ഗ്രസിന്റെ വിദ്യാര്‍ഥി വിഭാഗമായ എന്‍എസ്‌യുഐക്ക് ഉജ്വല തിരിച്ചുവരവ്. എബിവിപിയുടെ മേധാവിത്വം തകര്‍ത്ത് എന്‍എസ് യുഐ പ്രസിഡന്റ്, വൈസ് പ്രസിഡന്റ് പദവികള്‍ നേടി. ജനറല്‍ സെക്രട്ടറി, ജോയിന്‍റ് സെക്രട്ടറി സ്ഥാനങ്ങളില്‍ വീണ്ടും വോട്ടെണ്ണല്‍ കോടതിയെ സമീപിക്കുമെന്ന് എസ്എസ്‌യുഐ പറഞ്ഞു.

അഞ്ച് വര്‍ഷമായി എബിവിപി കയ്യടക്കിയിരുന്ന പ്രസിഡന്റ് സ്ഥാനമാണ് എന്‍എസ് യുഐ ശക്തമായ മല്‍സരത്തിനൊടുവില്‍ പിടിച്ചെടുത്തത്. എന്‍എസ് യുഐയുടെ റോക്കി തുസീര്‍ എബിവിപിയുടെ രജത് ചൗധരിയെ 1590 വോട്ടുകള്‍ക്ക് പരാജയപ്പെടുത്തിയാണ് പ്രസിഡന്റ് പദവിയിലെത്തിയത്. എബിവിപിയുടെ പാര്‍ത്ഥ് റാണയെ തോല്‍പ്പിച്ച് എന്‍എസ് യുഐയുടെ കുനാല്‍ സെഹ്റാവത് വൈസ് പ്രസിഡന്റായും തെരഞ്ഞെടുക്കപ്പെട്ടു. അച്ചടക്കലംഘനം ആരോപിച്ച് റോക്കി തുസീറിന്റെ നാമനിര്‍ദ്ദേശ പത്രിക സര്‍വകലാശാല ആദ്യം തള്ളിയിരുന്നു. ഇതിനെതിരെ ദില്ലി ഹൈക്കോടതിയില്‍ അനുകൂല വിധി സമ്പാദിച്ചാണ് റോക്കി തുസീര്‍ തെരഞ്ഞെടുപ്പില്‍ മല്‍സരിച്ചത്.

ജനറല്‍ സെക്രട്ടറി, ജോയിന്റ് സെക്രട്ടറി സ്ഥാനങ്ങള്‍ എബിവിപിക്ക് ലഭിച്ചു. മഹാമേധ നാഗര്‍ ജനറല്‍ സെക്രട്ടറിയായും ഉമാശങ്കര്‍ ജോയിന്‍റ് സെക്രട്ടറിയായും ജയിച്ചു. ജനറല്‍ സെക്രട്ടറി, ജോയിന്‍റ് സെക്രട്ടറി സ്ഥാനങ്ങളിലെക്കുള്ള വോട്ട് വീണ്ടും എണ്ണണമെന്നാവശ്യപ്പെട്ട് കോടതിയെ സമീപിക്കുമെന്ന് എന്‍എസ്യുഐ അറിയിച്ചു. വോട്ടെണ്ണല്‍ കേന്ദ്രത്തിലെ സിസിടിവി ക്യാമറകള്‍ പ്രവര്‍ത്തിച്ചിരുന്നില്ല എന്നതാണ് കാരണം.

click me!