
ഹൈദരാബാദ്:ചന്ദ്രശേഖരറാവു സര്‍ക്കാര്‍ രാജിവച്ചതോടെ ഇടക്കാല തിരഞ്ഞെടുപ്പിന് കളമൊരുങ്ങിയ തെലങ്കാനയില്‍ കോണ്‍ഗ്രസും,ചന്ദ്രബാബു നായിഡുവിന്‍റെ തെലുങ്കു ദേശം പാര്‍ട്ടിയും സിപിഐയും ചേര്‍ന്ന് സഖ്യം രൂപീകരിച്ചു. സഖ്യം രൂപീകരണത്തിന് ശേഷം മൂന്ന് പാര്‍ട്ടികളുടേയും സംസ്ഥാന നേതാക്കള്‍ ഹൈദരാബാദിലെ രാജ്ഭവനിലെത്തി ഗവര്‍ണറെ കാണുകയും സംസ്ഥാനത്ത് ഉടന്‍ രാഷ്ട്രപതി ഭരണം പ്രഖ്യാപിക്കണം എന്നാവശ്യപ്പെടുകയും ചെയ്തു.
കാവല്‍മുഖ്യമന്ത്രിയായി കെസിആര്‍ തുടരുന്ന സാഹചര്യത്തില്‍ തെലങ്കാനയില്‍ നിഷ്പക്ഷമായി തിരഞ്ഞെടുപ്പ് നടത്താനാവില്ലെന്നും സംസ്ഥാനത്തെ നിര്‍ബന്ധിച്ച് തിരഞ്ഞെടുപ്പിലേക്ക് തള്ളിവിടുന്നത് ചോദ്യം ചെയ്ത് സുപ്രീംകോടതിയെ സമീപിക്കുമെന്നും നേതാക്കള്‍ അറിയിച്ചു.
സാധാരണഗതിയില്‍ ലോക്സഭാ തിരഞ്ഞെടുപ്പിനൊപ്പമാണ് തെലങ്കാനയിലും ആന്ധ്രാപ്രദേശിലും നിയമസഭാ തിരഞ്ഞെടുപ്പുകള്‍ നടക്കേണ്ടതെങ്കിലും ഒരു വര്‍ഷത്തോളം കാലാവധി ബാക്കി നില്‍ക്കേ തെലങ്കാനയിലെ ചന്ദ്രശേഖരറാവു സര്‍ക്കാര്‍ രാജിവയ്ക്കുകയായിരുന്നു. രാജിവച്ച ശേഷം കോണ്‍ഗ്രസിനെതിരെ അതിരൂക്ഷവിമര്‍ശനം ഉയര്‍ത്തിയ തെലങ്കാന രാഷ്ട്രസമിതി നേതാവ് കെ.ചന്ദ്രശേഖരറാവു ബിജെപി ബാന്ധവത്തെക്കുറിച്ച് മൗനം പാലിക്കുകയാണ്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam