കോൺ​ഗ്രസ് അധികാരത്തിലെത്തിയാൽ ആന്ധ്രയ്ക്ക് പ്രത്യേക പദവി നൽകും; രാഹുൽ ​ഗാന്ധി

By Web TeamFirst Published Feb 23, 2019, 10:46 AM IST
Highlights

പൊള്ളയായ വാ​ഗ്ദാനങ്ങൾ മാത്രമാണ് മോദി ജനങ്ങൾക്ക് നൽകിയതെന്നും രാഹുൽ ആരോപിച്ചു.

തിരുപ്പതി: വരുന്ന ലോക്സഭാ തെരഞ്ഞെടുപ്പിൽ കോൺ​ഗ്രസ് അധികാരത്തിലെത്തിയാൽ ആന്ധ്രാപ്രദേശിന് പ്രത്യേക പദവി നൽകുമെന്ന് കോൺ​ഗ്രസ് അധ്യക്ഷൻ രാഹുൽ ​ഗാന്ധി. എന്തെല്ലാം പ്രതിബന്ധങ്ങൾ ഉണ്ടായാലും പ്രധാനമന്ത്രിയുടെ പ്രത്യേക ഉത്തരവാദിത്തമായി അത് നിറവേറ്റുമെന്നും രാഹുൽ  പറഞ്ഞു. തിരുപ്പതിയിലെ പൊതു സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

മോദിയെ പോലെ കോൺ​ഗ്രസ് പറഞ്ഞു പറ്റിക്കില്ല. പ്രത്യേക പദവി നല്‍കുമെന്ന് പറഞ്ഞ് ആന്ധ്രയിലെ ജനങ്ങളെ മോദി വഞ്ചിച്ചു, കള്ളപ്പണം പിടിച്ചെടുത്ത് ഇന്ത്യയിലെത്തിച്ച് 15 ലക്ഷം രൂപ വീതം ഓരോരുത്തരുടെയും അക്കൗണ്ടുകളിലിടുമെന്ന് മോഹന വാഗ്ദാനം നല്‍കി. യുവാക്കൾക്ക് തെഴിലവസരങ്ങൾ നൽകിയില്ല. പൊള്ളയായ വാ​ഗ്ദാനങ്ങൾ മാത്രമാണ് മോദി ജനങ്ങൾക്ക് നൽകിയതെന്നും രാഹുൽ ആരോപിച്ചു.

കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി നൽകിയ വാ​ഗ്ദാനങ്ങൾ കോൺ​ഗ്രസ് നടപ്പിലാക്കിയിട്ടുണ്ടെന്ന് ഉദാഹരണങ്ങള്‍ നിരത്തി രാഹുല്‍ ഗാന്ധി വ്യക്തമാക്കി. പുൽവാമയിൽ ഭീകരാക്രമണം നടക്കുമ്പോൾ  മോദി ഫോട്ടോ ഷൂട്ടിലായിരുന്നുവെന്നും രാഹുൽ ആരോപിച്ചു. റാഫേൽ ഇടപാടിലൂടെ അംബാനിക്ക് മോദി 30,000 കോടിരൂപ കടം നൽകി. കാവൽക്കാരൻ കള്ളനാണെന്നും രാഹുൽ പറഞ്ഞു.

കഴിഞ്ഞ ദിവസമാണ് രാഹുൽ തിരുപ്പതിയിലെത്തിയത്. കോണ്‍ഗ്രസ് അധ്യക്ഷനായ ശേഷം ആദ്യമായാണ് അദ്ദേഹം തിരുപ്പതിയിലെത്തുന്നത്. നാല് മണിക്കൂര്‍ സമയം കൊണ്ട് എട്ട് കിലോമീറ്റര്‍ നടന്നാണ് രാഹുൽ പ്രർത്ഥനക്കായി വെങ്കിടേശ്വര ക്ഷേത്രത്തിലെത്തിയത്.
 

click me!