കെപിസിസി ഓഫീസില്‍ സുധീരന്‍ നിയമിച്ചവരെ കൂട്ടത്തോടെ പുറത്താക്കുന്നു

By Web DeskFirst Published Apr 13, 2017, 7:44 AM IST
Highlights

തിരുവനന്തപുരം: കെപിസിസി ഓഫീസില്‍ വിഎം സുധീരന്‍ പ്രസിഡണ്ടായിരിക്കെ നിയമിച്ചവരെ കൂട്ടത്തോടെ മാറ്റുന്നതായി  പരാതി. താല്‍ക്കാലിക പ്രസിഡണ്ടായി എംഎം ഹസ്സന്‍ ചുമതലയേറ്റശേഷമുള്ള അഴിച്ചുപണിക്കെതിരെ പുറത്താക്കപ്പെട്ടവര്‍ ഹൈക്കമാന്‍ഡിന് പരാതി നല്‍കി.

ഹസ്സന്‍ താല്‍ക്കാലിക പ്രസിഡണ്ടായ ശേഷം ഇന്ദിരാ ഭവനില്‍ സമ്പൂര്‍ണ്ണ അഴിച്ചുപണിയാണെന്നാണ് പുറത്താക്കപ്പെട്ടവരുടെ ആക്ഷേപം. സഹകരണ ജനാധിപത്യ സെല്‍ ചെയര്‍മാനും കെപിസിസി എക്‌സിക്യുട്ടീവ് അംഗവുമായ മരിയാപുരം ശ്രീകുമാറിനെ ഒന്നും പറയാതെ മാറ്റിയെന്നാണ് അദ്ദേഹത്തിന്റെ പരാതി. കെപിസിസി ആസ്ഥാനത്ത് മരിയാപുരത്തിന് സുധീരന്‍ അനുവദിച്ച മുറിക്ക് മുന്നിലെ പേര് വെച്ച ബോര്‍ഡ് കഴിഞ്ഞ ദിവസം അഴിച്ചുമാറ്റിയിരുന്നു. 

ഇതേക്കുറിച്ച് അന്വേഷിച്ചപ്പോഴാണ് സ്ഥാനത്തുനിന്നും മാറ്റിയ വിവരം അറിഞ്ഞതെന്നാണ് സുധീരപക്ഷക്കാരനായ മരിയാപുരത്തിന്റെ ആക്ഷേപം. മരിയാപുരം ഹൈക്കമാന്‍ഡിന് പരാതി നല്‍കി. മരിയാപുരത്തിന് പകരം ഐ ഗ്രൂപ്പ് നേതാവായ കരകളും കൃഷ്ണപ്പിള്ളയെയാണ് ഹസ്സന്‍ നിയമിച്ചത്. സുധീരന്റെ കാലത്ത് നിയമിച്ച ഡ്രൈവര്‍മാരായ വിശ്വനാഥന്‍, രതീഷ് സുഗതന്‍, അസിസ്റ്റന്റ് പ്രസ്സ് സെക്രട്ടറി ബിജോ, ഡിടിപി ഓപ്പറേറ്റര്‍ ജയേഷ് എന്നിവരെയും കഴിഞ്ഞ ദിവസം മാറ്റിയിരുന്നു. 

സുധീരന്റെ പ്രൈവറ്റ് സെക്രട്ടറിയായിരുന്ന വികെഎന്‍ പണിക്കര്‍ ഹസ്സന്‍ ചുമതലയേറ്റതിന് പിന്നാലെ രാജിവച്ചൊഴിഞ്ഞു. താല്‍ക്കാലിക പ്രസിഡണ്ട് അമിതാധികാരം പ്രയോഗിക്കുന്നുവെന്നാണ് പുറത്താക്കപ്പെട്ടവരുടെ പരാതി. മാറ്റം വരുത്തിയതൊന്നും സ്ഥിരം നിയമനങ്ങളല്ലെന്നും അസ്വാഭാവികതയില്ലെന്നുമാണ് ഹസ്സന്‍ അനുകൂലികളുടെ വിശദീകരണം. 

ദില്ലി തീരുമാനമറിഞ്ഞ ശേഷം ഹസ്സന്റെ ശൈലിയെകുറിച്ച് നിലപാട് വ്യക്തമാക്കാനാണ് ഐ ഗ്രൂപ്പ് തീരുമാനം. സംഘടനാ തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതോടെ തെരഞ്ഞെടുപ്പ് തീരും വരെ ഹസ്സന്‍ ചുമതലയുണ്ടാകുമോ എന്ന കാര്യത്തില്‍ ഇപ്പോഴും വ്യക്തതയില്ല.
 

click me!