
ദില്ലി: സിഖ് വിരുദ്ധ കലാപത്തിൽ ദില്ലി ഹൈക്കോടതി ജീവപര്യന്തം തടവിന് ശിക്ഷിച്ച കോൺഗ്രസ് നേതാവ് സജ്ജൻ കുമാർ പാർട്ടിയിലെ പ്രാഥമികാംഗത്വം രാജി വയ്ക്കാനൊരുങ്ങുന്നതായി റിപ്പോർട്ട്. രാജിസന്നദ്ധത അറിയിച്ച് കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധിക്ക് കത്തയച്ചിട്ടുണ്ട്. ''ദില്ലി ഹൈക്കോടതിയുടെ ശിക്ഷാവിധിയെ തുടർന്ന് ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ പ്രാഥമികാംഗത്വം രാജിവയ്ക്കാൻ ഞാൻ ആഗ്രഹിക്കുന്നതായി അറിയിക്കുന്നു.'' രാഹുൽ ഗാന്ധിക്ക് സജ്ജൻകുമാർ അയച്ച കത്തിൽ പറയുന്നു.
നാല് പതിറ്റാണ്ടായി സജീവ കോൺഗ്രസ് പ്രവർത്തകനാണ് സജ്ജൻ കുമാർ. എന്നാൽ ആരോപണ വിധേയനായതിനെ തുടർന്ന് കഴിഞ്ഞ കുറച്ചു വർഷങ്ങളിലായി പാർട്ടിയുടെ പ്രധാന പ്രവർത്തനങ്ങളിൽ നിന്ന് ഇദ്ദേഹത്തെ മാറ്റി നിർത്തിയിരിക്കുകയായിരുന്നു. 34 വർഷത്തിന് ശേഷമാണ് സജ്ജൻകുമാറിന് ശിക്ഷ ലഭിക്കുന്നത്. സിഖുകാരുടെ വെടിയേറ്റ് മുൻ പ്രധാനമന്ത്രി ഇന്ദിരാഗാന്ധി കൊല്ലപ്പെട്ടതിനെ തുടർന്നാണ് സിഖ് വിരുദ്ധ കലാപം പൊട്ടിപ്പുറപ്പെടുന്നത്. ഈ സംഭവത്തിൽ സജ്ജൻകുമാറിനെ വിചാരണക്കോടതി കുറ്റവിമുക്തനാക്കി പ്രഖ്യാപിച്ചിരുന്നു. ഇത് റദ്ദാക്കിയാണ് ഹൈക്കോടതി ജീവപര്യന്തം ശിക്ഷ വിധിച്ചത്. ഡിസംബർ 31 നകം കീഴടങ്ങാനും സജ്ജൻ കുമാറിന് കോടതി നിർദ്ദേശം നൽകിയിട്ടുണ്ട്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam