
ദില്ലി: മുത്തലാഖ് നിരോധന ബിൽ പിൻവലിക്കണമെന്ന് കോൺഗ്രസ്. മതപരമായ വിഷയങ്ങളിൽ ഇടപെടരുതെന്ന് കോൺഗ്രസ് ലോക്സഭയിൽ ആവശ്യപ്പെട്ടു. റഫാൽ, കാവേരി തർക്കം തുടങ്ങിയ വിഷയങ്ങളിലെ ബഹളം കാരണം രാജ്യസഭ ഇന്നത്തേക്ക് പിരിഞ്ഞു. മുത്തലാഖ് നിരോധന ബില്ലിൽ മാറ്റങ്ങൾ വരുത്തിയാൽ അംഗീകരിക്കാം എന്നായിരുന്നു കോൺഗ്രസിൻറെ ആദ്യനിലപാട്. എന്നാൽ ബില്ല് അനാവശ്യമെന്ന നിലപാടിലേക്ക് കോൺഗ്രസ് എത്തുകയാണ്.
നിയസഭാ തെരഞ്ഞെടുപ്പിലെ വിജയമാണ് ബില്ലിനെ എതിർക്കാൻ കോൺഗ്രസിന് ബലം നല്‍കുന്നത്. ഉത്തർപ്രദേശിൽ ന്യൂനപക്ഷവിഭാഗങ്ങളെ പാർട്ടിക്കൊപ്പം നിറുത്തുക എന്ന ലക്ഷ്യവും കോൺഗ്രസിനുണ്ട്. കോൺഗ്രസിനൊപ്പം ടിഡിപിയും ബില്ലിനെ എതിർത്ത് വോട്ട് ചെയ്യുമെന്ന് പ്രഖ്യാപിച്ചു. കോൺഗ്രസും ബിജെപിയും അംഗങ്ങൾക്ക് വിപ്പ് നല്‍കിയിട്ടുണ്ട്. ലോക്സഭയിൽ ബില്ല് പാസാക്കണം എന്ന നിലപാടിൽ നിന്ന് പിന്നോട്ടില്ലെന്ന് സർക്കാർ പ്രഖ്യാപിച്ചു.
ബില്ല് പാസാക്കാൻ അണ്ണാ ഡിഎംകെ, ബിജു ജനതാദൾ തുടങ്ങിയ കക്ഷികളുടെ സഹകരണവും ബിജെപി തേടിയിട്ടുണ്ട്. ബില്ല് പാസ്സാക്കിയ ശേഷം മുസ്ലിം സ്ത്രീകളുടെ പിന്തുണ ആർജ്ജിക്കാൻ ശ്രമിക്കണമെന്ന നിർദ്ദേശം ബി ജെ പി അധ്യക്ഷൻ അമിത് ഷാ പാർട്ടി നേതാക്കൾക്ക് നല്‍കിയിട്ടുണ്ട്. 1000 സ്ത്രീകളെ മുത്തലാഖ് പ്രമുഖ് എന്ന പേരിൽ പ്രചരണത്തിന് നിയോഗിക്കാനാണ് തീരുമാനം.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam