രാജ്യത്തെ മുസ്ലീം സ്ത്രീകളുടെയല്ല ഇറ്റലിയിലെ സ്ത്രീകളുടെ താത്പര്യം സംരക്ഷിക്കുകയാണ് കോൺ​ഗ്രസ്; സുബ്രഹ്മണ്യന്‍ സ്വാമി

By Web TeamFirst Published Jan 1, 2019, 3:54 PM IST
Highlights

'വിഷയം സെലക്ട് കമ്മിറ്റിയ്ക്ക് നൽകി ബില്‍ പാസാക്കുന്നത് വീണ്ടും വൈകിപ്പിക്കാനാണ് കോൺ​ഗ്രസിന്റെ തീരുമാനം. മുത്തലാഖിനെ പറ്റി രാജ്യം ആവശ്യത്തിലധികം ചര്‍ച്ച ചെയ്തു കഴിഞ്ഞു'- സുബ്രഹ്മണ്യന്‍ സ്വാമി പറഞ്ഞു.

ദില്ലി: മുത്തലാഖ് വിഷയത്തിൽ കോൺ​​ഗ്രസിനെതിരെ ആഞ്ഞടിച്ച് ബി ജെ പി എം പി സുബ്രഹ്മണ്യന്‍ സ്വാമി. ഇന്ത്യയിലെ സ്ത്രീകളുടേതല്ല മറിച്ച് ഇറ്റലിയിലെ സ്ത്രീകളുടെ താത്പര്യങ്ങൾ സം​രക്ഷിക്കാനാണ് കോൺ​ഗ്രസിന് താല്പര്യമെന്ന് സുബ്രഹ്മണ്യന്‍ സ്വാമി കുറ്റപ്പെടുത്തി. പ്രതിപക്ഷ ബഹളത്തെ തുടർന്ന് കഴിഞ്ഞ ദിവസം മുത്തലാഖ് ബില്‍ രാജ്യസഭയില്‍ അവതരിപ്പിക്കാന്‍ സാധിക്കാത്തതിന് പിന്നാലെയാണ് കോൺ​ഗ്രസിനെതിരെ സ്വാമി രം​ഗത്തെത്തിരിക്കുന്നത്.

'വിഷയം സെലക്ട് കമ്മിറ്റിയ്ക്ക് നൽകി ബില്‍ പാസാക്കുന്നത് വീണ്ടും വൈകിപ്പിക്കാനാണ് കോൺ​ഗ്രസിന്റെ തീരുമാനം. മുത്തലാഖിനെ പറ്റി രാജ്യം ആവശ്യത്തിലധികം ചര്‍ച്ച ചെയ്തു കഴിഞ്ഞു'- സുബ്രഹ്മണ്യന്‍ സ്വാമി പറഞ്ഞു. മുത്തലാഖ് ക്രിമിനല്‍ കുറ്റമാക്കുന്ന ബില്‍ സെലക്ട് കമ്മിറ്റിയ്ക്ക് വിടണമെന്ന ആവശ്യത്തില്‍ അടിയുറച്ച് പ്രതിപക്ഷം നിന്നതോടെ ബില്‍ അവതരിപ്പിക്കാന്‍ കഴിഞ്ഞ ദിവസം സാധിച്ചിരുന്നില്ല.

മുത്തലാഖ് ബിൽ  സെലക്ട് കമ്മിറ്റിക്കു വിടണമെന്ന പ്രതിപക്ഷ ആവശ്യം നേരത്തെ തന്നെ സർക്കാർ തള്ളിയിരുന്നു. ബിൽ പാസാക്കാതിരിക്കാനാണ് സെലക്റ്റ് കമ്മിറ്റിയ്ക്ക് വിടണമെന്ന് പ്രതിപക്ഷം ആവശ്യപ്പെടുന്നതെന്നും സർക്കാർ ആരോപിച്ചു. തുടര്‍ന്ന് സഭ 15 മിനിറ്റ് നിര്‍ത്തിവച്ചു. ഇതിന് ശേഷം വീണ്ടും സഭ ആരംഭിച്ചതോടെ സഭ മറ്റന്നാളേക്ക് പിരിയുന്നതായി രാജ്യസഭാ അധ്യക്ഷന്‍ അറിയിച്ചത്.

117 അംഗങ്ങള്‍ കോണ്‍ഗ്രസിനൊപ്പമുണ്ടെന്ന് വ്യക്തമാക്കിയിട്ടുണ്ട്. ഇവര്‍ ബില്ലിനെതിരെ വോട്ടു ചെയ്യുമെന്നാണ് കോണ്‍ഗ്രസ് വ്യക്തമാക്കിയിരിക്കുന്നത്. മുസ്ലിം ലീഗ് ആണ് ഇതിന് ചുക്കാന്‍ പിടിക്കുന്നത്. ലോക്സഭയില്‍ ചര്‍ച്ച ബഹിഷ്കരിച്ചെങ്കിലും രാജ്യസഭയില്‍ എതിര്‍ത്ത് വോട്ട് ചെയ്യണമെന്നതാണ് ലീഗിന്‍റെ നിലപാടെന്ന് കുഞ്ഞാലിക്കുട്ടി സഭയിലെത്തിയ ഉടന്‍ രാഹുല്‍ ഗാന്ധിയെ അറിയിച്ചിരുന്നു.
 

click me!