
പഞ്ചാബ്: പഞ്ചാബിലെ പഞ്ചായത്ത് തെരഞ്ഞെടുപ്പിൽ വിജയം തൂത്തുവാരി കോൺഗ്രസ്. എന്നാൽ വോട്ടെണ്ണലിൽ അട്ടിമറി നടന്നിട്ടുണ്ടെന്ന് രൂക്ഷ വിമർശനവുമായി ശിരോമണി അകാലിദൾ രംഗത്തെത്തിയിരിക്കുകയാണ്. പ്രധാന പ്രതിപക്ഷ കക്ഷിയായ ആം ആദ്മി പാർട്ടിക്ക് കാര്യമായ നേട്ടമുണ്ടാക്കാനായില്ല. 13276 പഞ്ചായത്തുകളിൽ നടന്ന തെരഞ്ഞെടുപ്പിൽ ബഹുഭൂരിപക്ഷം സീറ്റുകളിലും ജയിച്ചത് കോൺഗ്രസാണെന്നാണ് റിപ്പോർട്ട്. ബതിന്ദ 86 ശതമാനം, മൊഹാലിയിൽ 84 ശതമാനം, മോഗ 78 ശതമാനം, മുക്ത്സർ 77 ശതമാനം എന്നിങ്ങനെയാണ് പോളിംഗ്.
തെരഞ്ഞെടുക്കപ്പെട്ട പഞ്ചായത്ത് അംഗങ്ങൾക്ക് പഞ്ചാബിലെ കോൺഗ്രസ് നേതൃത്വം അഭിനന്ദനം അറിയിച്ചു. സമൂഹത്തിലും ഗ്രാമത്തിലും സജീവമായ ഇടപെടലിലൂടെ മാറ്റം വരുത്തണമെന്ന് പഞ്ചായത്ത് അംഗങ്ങളോട് അഭ്യർത്ഥിക്കുകയും ചെയ്തു. അതേസമയം തെരഞ്ഞെടുപ്പിൽ വൻഅട്ടിമറി നടന്നു എന്നാണ് ശിരോമണി അകാലിദളിന്റെ ആരോപണം. ജനങ്ങളെ അഭിമുഖീകരിക്കാൻ കോൺഗ്രസ് പാർട്ടിക്ക് ഭയമാണ്. അവരൊന്നും ചെയ്തിട്ടില്ലെന്ന് അവർക്കറിയാം. അതുകൊണ്ടാണ് പഞ്ചായത്ത് തെരഞ്ഞെടുപ്പിൽ അട്ടിമറി നടത്താനും അക്രമണത്തിനും അവർ തുനിഞ്ഞത്. ജനാധിപത്യത്തിന്റെ കറുത്ത ദിനമാണിന്ന്. ശിരോമണി അകാലിദൾ പ്രസിഡന്റ് സുഖ്ബീർ സിംഗ് ബാൽ ട്വീറ്റ് ചെയ്തു. ചിലയിടങ്ങളിൽ ബൂത്ത് പിടിച്ചെടുക്കാനുള്ള ശ്രമം നടന്നതായി ആംആദ്മി പാർട്ടിയും ആരോപണമുന്നയിച്ചു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam