കണ്ണൂരില്‍ എകെജി സ്മാരക നിര്‍മാണത്തിന് പത്ത് കോടി; എതിര്‍പ്പുമായി കോണ്‍ഗ്രസ്

By Web TeamFirst Published Jan 15, 2019, 8:42 AM IST
Highlights

എകെജിയുടെ പേരിൽ വായനശാലകളും സഹകരണ ആശുപത്രികളുമടക്കമുള്ള നൂറുകണക്കിന് സ്ഥാപനങ്ങള്‍ കണ്ണൂര്‍ ജില്ലയില്‍തന്നെ ഉണ്ടായിരിക്കെ കടുത്ത സാമ്പത്തിക പ്രതിസന്ധിക്കിടയിലും സ്മാരകത്തിന് സ്ഥലം വാങ്ങാൻ സര്‍ക്കാര്‍ പത്ത് കോടി രൂപ അനുവദിച്ചതിനെതിരെ പ്രതിഷേധവുമായി കോൺഗ്രസ് രംഗത്തെത്തി

കണ്ണൂര്‍: കണ്ണൂര്‍ പെരളശ്ശേരിയില്‍ എകെജി സ്മാരകം നിർമ്മിക്കാൻ പത്ത് കോടി രൂപ അനുവദിച്ച് സര്‍ക്കാര്‍ ഉത്തരവിറങ്ങി. പ്രളയ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്ക് പോലും പണം കണ്ടെത്താനാവാത്ത സമയത്ത് സ്മാരകത്തിന് 10 കോടി അനുവദിച്ചതിനെതിരെ കോൺഗ്രസ് രംഗത്തെത്തി.

എകെജി സ്മാരകത്തിന് കഴിഞ്ഞ ബജറ്റില്‍ പ്രഖ്യാപിച്ച പത്തുകോടി രൂപ അനുവദിച്ച് കഴിഞ്ഞ ദിവസമാണ് സര്‍ക്കാര്‍ ഉത്തരവിറങ്ങിയത്. മക്രേരി വില്ലേജില്‍ അഞ്ചരക്കണ്ടിപുഴക്ക് സമീപത്തായി മൂന്ന് ഏക്കര്‍ ഇരുപത്തിയൊന്ന് സെന്‍റ് സ്ഥലം വിലയ്ക്ക് വാങ്ങുന്നതിനാണ് പണം അനുവദിച്ചിട്ടുള്ളത്.

എകെജിയുടെ പേരിൽ വായനശാലകളും സഹകരണ ആശുപത്രികളുമടക്കമുള്ള നൂറുകണക്കിന് സ്ഥാപനങ്ങള്‍ കണ്ണൂര്‍ ജില്ലയില്‍തന്നെ ഉണ്ടായിരിക്കെ കടുത്ത സാമ്പത്തിക പ്രതിസന്ധിക്കിടയിലും സ്മാരകത്തിന് സ്ഥലം വാങ്ങാൻ സര്‍ക്കാര്‍ പത്ത് കോടി രൂപ അനുവദിച്ചതിനെതിരെ പ്രതിഷേധവുമായി കോൺഗ്രസ് രംഗത്തെത്തി.

എന്നാല്‍, സംസ്ഥാന തലത്തില്‍തന്നെ എകെജിയെക്കുറിച്ച് പുതിയ തലമുറക്ക് പഠിക്കാൻ അവസരമൊരുക്കുന്ന തലത്തിലുള്ള നിര്‍ദ്ദിഷ്ട മ്യൂസിയത്തെ പണവുമായി കൂട്ടിക്കുഴച്ച് വിമര്‍ശിക്കുന്നത് രാഷ്ട്രീയ വിരോധം കൊണ്ടാണെന്നാണ് സിപിഎം നേതാക്കളുടെ വിശദീകരണം.

എകെജിയുടെ കുടുംബവീട് സ്മാരകമാക്കി നിലനിർത്താനുള്ള ശ്രമങ്ങൾ പിന്മുറക്കാരുടെ എതിർപ്പിനെ തുടർന്ന് തടസ്സപ്പെട്ടതോടെയാണ് സര്‍ക്കാര്‍ ചിലവില്‍ ജന്മനാട്ടില്‍ സ്മാരകം പണിയാൻ സിപിഎം തീരുമാനിച്ചത്.

click me!