
ദില്ലി: പ്രണയദിനത്തിന് ദിവസങ്ങൾ മാത്രം അവശേഷിക്കെ പരസ്പരം കെട്ടിപ്പിടിച്ച് സ്നേഹിക്കാനും ആരെയും വെറുക്കരുതെന്നും ആഹ്വാനം ചെയ്ത് കോൺഗ്രസ് പാർട്ടിയുടെ ട്വീറ്റ്. 'എല്ലാവരെയും ആലിംഗനം ചെയ്യൂ, ആരെയും വെറുക്കാതിരിക്കൂ' എന്നാണ് കോൺഗ്രസ് പാർട്ടി ബിജെപിക്ക് ട്വീറ്റിലൂടെ നൽകുന്ന സന്ദേശം. കൂടാതെ ഫെബ്രുവരി 12 ആലിംഗന ദിനമാണെന്ന് ഓർമ്മിപ്പിക്കുക കൂടി ചെയ്തിട്ടുണ്ട്. ലോകമെമ്പാടുമുള്ള പ്രണയിനികൾ ഫെബ്രുവരി 12 ആലിംഗന ദിനമായി ആഘോഷിച്ചു വരുന്നു. എന്നാൽ ഇന്ന് കമിതാക്കൾ മാത്രമല്ല, സുഹൃത്തുക്കളും കുടുംബാംഗഹങ്ങളും പരസ്പര സ്നേഹവും അടുപ്പവും കെട്ടിപ്പിടിച്ച് പ്രകടിപ്പിക്കാനുള്ള അവസരമായിട്ടാണ് ഈ ദിവസത്തെ കാണുന്നത്.
പാർലമെന്റിൽ കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി പ്രധാനമന്ത്രി നരേന്ദ്രമോദിയെ കെട്ടിപ്പിടിച്ചു സ്നേഹം പ്രകടിപ്പിക്കുന്ന ചിത്രമാണ് ഈ ട്വീറ്റിനൊപ്പം പങ്ക് വച്ചിരിക്കുന്നത്. ഒപ്പം 'പാപത്തെ വെറുക്കൂ, പാപിയെ സ്നേഹിക്കൂ' എന്ന ഗാന്ധിയൻ വചനവും കൂട്ടിച്ചേർത്തിരിക്കുന്നു. ഹഗ്ഡേ എന്ന ഹാഷ്ടാഗിലാണ് ട്വീറ്റ് ചെയ്തിരിക്കുന്നത്. പ്രിയങ്ക ഗാന്ധി വധേരക്കെതിരെ ബിജെപി നേതാക്കൾ നടത്തിക്കൊണ്ടിരിക്കുന്ന വ്യക്തിപരവും രാഷ്ട്രീയപരവുമായ അധിക്ഷേപങ്ങൾക്ക് പിന്നാലെയാണ് കോൺഗ്രസിന്റെ ഈ സ്നേഹസന്ദേശം. പ്രിയങ്ക ഗാന്ധിയെ രാമായണത്തിലെ രാക്ഷസ കഥാപാത്രമായ ശൂര്‍പ്പണഖയോടാണ് ബിജെപി നേതാക്കള്‍ ഉപമിച്ചത്. കൂടാതെ സുന്ദരമായ മുഖം മാത്രമേയുള്ളൂ കഴിവില്ല എന്ന അധിക്ഷേപ പരാമര്‍ശവും ബിജെപി നേതാക്കളുടെ ഭാഗത്ത് നിന്നുമുണ്ടായി.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam