Latest Videos

സത്യപ്രതി‍ജ്ഞാ വേദിയില്‍ ബി ജെ പി നേതാക്കള്‍ക്കും ഇടം നല്‍കി കോണ്‍ഗ്രസ്

By Web TeamFirst Published Dec 18, 2018, 5:55 PM IST
Highlights

ബി ജെ പിയില്‍നിന്ന് തങ്ങള്‍ നേരിട്ട പരിഹാസം അതേ നാണയത്തില്‍ തിരിച്ച് നല്‍കാതെ പുതിയ പാഠം പകര്‍ന്ന് നല്‍കുകയും ഒപ്പം കോണ്‍ഗ്രസിന് ഇനിയും ബാല്യമുണ്ടെന്ന് രാജ്യത്തെ ഓര്‍മ്മിപ്പിക്കുകയുമാണ് രാഹുലിന്‍റെ നേതൃത്വം

ദില്ലി: ബി ജെ പിയുടെ തന്ത്രങ്ങളില്‍ അടിപതറിയ കോണ്‍ഗ്രസിന്‍റെ തിരിച്ച് വരവുകൂടിയാണ് ഹിന്ദി ഹൃദയഭൂമിയിലെ വിജയം. തകര്‍ന്നടിഞ്ഞിടത്തുനിന്ന് മധ്യപ്രദേശും ചത്തീസ്ഗഡും രാജസ്ഥാനും പിടിച്ചെടുത്താണ് 2019 ലെ തെരഞ്ഞെടുപ്പിന്‍റെ സെമിഫൈനലില്‍ കോണ്‍ഗ്രസ് ജയിച്ച് കയറിയത്. ബി ജെ പിയെ വീഴ്ത്തി അധികാരം നേടിയിട്ടും രാഹുല്‍ ഗാന്ധിയുടെ നേതൃത്വത്തിലുള്ള 'പുതിയ' കോണ്‍ഗ്രസ് പ്രതിപക്ഷ ബഹുമാനം മറന്നില്ല. രാജ്യത്തെ രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് എപ്പോഴോ കൈമോശം വന്ന എതിര്‍പക്ഷത്തോടുള്ള ബഹുമാനം തിരിച്ച് കൊണ്ടുവരുന്നതാണ് കഴിഞ്ഞ ദിവസം നടന്ന സത്യപ്രതിജ്ഞാ ചടങ്ങുകളില്‍ കണ്ടത്.

സത്യപ്രതിജ്ഞാ വേദി എന്‍ഡിഎ സര്‍ക്കാരിനെതിരായ മുന്നണി കൂട്ടുകെട്ടിനുള്ള ഇടമാക്കുമ്പോഴും അതത് സംസ്ഥാനങ്ങളിലെ പ്രതിപക്ഷമായ ബി ജെ പിയെ വേണ്ടവിധം പരിഗണിക്കാനും കോണ്‍ഗ്രസ് നേതൃത്വം മറന്നില്ല. മധ്യപ്രദേശില്‍ മുഖ്യമന്ത്രിയായി കമല്‍നാഥ് സത്യപ്രതിജ്ഞ ചെയ്യുമ്പോള്‍ ചടങ്ങില്‍ ബി ജെ പിയുടെ മുന്‍മുഖ്യമന്ത്രി ശിവരാജ് സിംഗ് ചൗഹാനും ഉണ്ടായിരുന്നു. കമല്‍നാഥിന്‍റെയും ജോതിരാദിത്യ സിന്ധ്യയുടെയും കൈ പിടിച്ച് ഉയര്‍ത്തി നില്‍ക്കുന്ന ചൗഹാന്‍റെ ചിത്രങ്ങളും ശ്രദ്ധിക്കപ്പെട്ടു.

15 വര്‍ഷം മധ്യപ്രദേശ് ഭരിച്ച അദ്ദേഹത്തിന് അര്‍ഹിക്കുന്ന പരിഗണന നല്‍കാന്‍ കോണ്‍ഗ്രസും മറന്നില്ല. ചൗഹാനെ അഭിവാദ്യം ചെയ്തതിന് ശേഷമാണ് രാഹുല്‍ ഗാന്ധി ചടങ്ങില്‍ പങ്കെടുത്തത്. അതേസമയം കമല്‍നാഥ് മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യുന്നതിനെതിരെ ബി ജെ പി നേതാക്കള്‍ ദില്ലിയില്‍ പ്രതിഷേധിക്കുകയായിരുന്നു.

രാജസ്ഥാന്‍ മുന്‍മുഖ്യമന്ത്രി വസുന്ധര രാജയെ ചുംബിക്കുന്ന മധ്യപ്രദേശ് കോണ്‍ഗ്രസ് അധ്യക്ഷനും എംപിയുമായ ജ്യോതിരാദിത്യ സിന്ധ്യയുടെ ചിത്രങ്ങളും ചര്‍ച്ചയായി. രാഹുല്‍, വസുന്ധര രാജെയെയും അവര്‍ അശോക് ഗലോട്ടിനെയും അഭിസംബോധന ചെയ്തത് മോദി-അമിത്ഷാ കൂട്ടുകെട്ട് ഇതുവരെ പിന്തുടര്‍ന്ന പ്രതിപക്ഷ ഇകഴ്ത്തലുകള്‍ക്ക് തീര്‍ത്തും വിരുദ്ധമാണ്. ബി ജെ പി തുടങ്ങിവച്ച നല്ല പദ്ധതികള്‍ മുന്നോട്ട് കൊണ്ടുപോകുമെന്നായിരുന്നു മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത ഗലോട്ട് പറഞ്ഞത്.

പ്രതിപക്ഷമായ കോണ്‍ഗ്രസിനെ രാജ്യത്തിനകത്തും പുറത്തും പരിഹസിക്കാന്‍ ലഭിക്കുന്ന അവസരങ്ങളൊന്നും പാഴാക്കാത്ത ബി ജെ പിയ്ക്ക് ഇത് പുതിയ പാഠമാകും. കോണ്‍ഗ്രസ് മുക്ത ഭാരതം എന്ന മുദ്രാവാക്യത്തോടെ അധികാരത്തിലെത്തിയ ബി ജെ പി, തങ്ങള്‍ക്ക് നല്‍കാത്ത ബഹുമാനമാണ് രാഹുലിന്‍റെ നേതൃത്വത്തിലുള്ള കോണ്‍ഗ്രസ് തിരിച്ച് നല്‍കുന്നത്. 

2018 ലെ റിപ്പബ്ലിക് ദിന പരേഡില്‍ ആറാം നിരയിലായിരുന്നു മുഖ്യപ്രതിപക്ഷമായ കോണ്‍ഗ്രസിന്‍റെ അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയ്ക്ക് ബി ജെ പി സീറ്റ് നല്‍കിയത്. എന്നാല്‍ മോദി പോലും മറന്നുപോയ എല്‍ കെ അദ്വാനിയ്ക്ക് കൈകൊടുക്കാന്‍ രാഹുല്‍ മടിക്കാണിക്കാറില്ല. പല വേദികളിലും അദ്വാനിയ്ക്ക് മുഖം നല്‍കാതെ മോദി നടന്ന് നീങ്ങിയിരുന്നു. ബി ജെ പിയില്‍നിന്ന് തങ്ങള്‍ നേരിട്ട പരിഹാസം അതേ നാണയത്തില്‍ തിരിച്ച് നല്‍കാതെ പുതിയ പാഠം പകര്‍ന്ന് നല്‍കുകയും ഒപ്പം കോണ്‍ഗ്രസിന് ഇനിയും ബാല്യമുണ്ടെന്ന് രാജ്യത്തെ ഓര്‍മ്മിപ്പിക്കുകയുമാണ് രാഹുലിന്‍റെ നേതൃത്വം.

click me!