മോദിക്ക് പകരം ഗഡ്കരി വന്നാൽ 2019ൽ ബിജെപിക്ക് ജയിക്കാം; വൈറലായി കർഷക നേതാവിന്റെ കത്ത്

By Web TeamFirst Published Dec 18, 2018, 4:24 PM IST
Highlights

ജിഎസ്ടി, പെട്രോൾ വില വർദ്ധനവ്, നോട്ട് നിരോധനം എന്നിവയിലൊക്കെ തീരുമാനങ്ങളെടുത്ത നേതാക്കൾ കാരണമാണ് ഹിന്ദി ഹൃദയ ഭൂമിയിൽ ബിജെപിക്ക് തിരിച്ചടി നേരിടേണ്ടി വന്നതെന്നും തിവാരി കത്തിൽ കൂട്ടിച്ചേർക്കുന്നു.

മുംബൈ: നരേന്ദ്രമോദിക്ക് പകരം നിതിൻ ഗഡ്ക്കരിയെ പ്രധാനമന്ത്രി സ്ഥാനാർത്ഥി ആക്കിയാൽ 2019ലെ ലോക്സഭ തെരഞ്ഞെടുപ്പിൽ ബിജെപിക്ക് ജയിക്കാനാകുമെന്ന് കർഷക നേതാവിന്റെ കത്ത്. മഹാരാഷ്ട്രയിലെ വസന്ത്റാവു നായിക് ഷെട്ടി സ്വവലമ്പന്‍ മിഷന്‍ ചെയര്‍മാനായ കിഷോര്‍ തിവാരിയാണ് ഇക്കാര്യം ആവശ്യപ്പെട്ടുകൊണ്ട് രംഗത്തെത്തിരിക്കുന്നത്. ഗഡ്കരിയെ പ്രധാനമന്ത്രി സ്ഥാനാർത്ഥിയാക്കണമെന്ന ആവശ്യമുന്നയിച്ചുകൊണ്ടുള്ള കത്ത്  കിഷോര്‍ തിവാരി ആര്‍ എസ് എസ് നേതാക്കളായ മോഹന്‍ ഭാഗവതിനും ഭയ്യാ സുരേഷ് ജോഷിക്കും അയച്ചിട്ടുണ്ട്.

തീവ്രവാദപരവും ഏകാധിപത്യപരവുമായി നിലപാടുകൾ കൈക്കൊള്ളുന്ന നേതാക്കൾ രാജ്യത്തിന് അപകടകരമാണ്. അത്തരം പ്രവണതകൾക്ക് നമ്മൾ മുൻപും സാക്ഷ്യം വഹിച്ചിട്ടുണ്ട്. ആ ചരിത്രം ഇനിയും ആവർത്തിക്കാതിരിക്കണമെങ്കിൽ  2019ലെ തെരഞ്ഞെടുപ്പിൽ ഭരണം നിതിന്‍ ഗഡ്കരിക്ക് കൈമാറണമെന്ന് തിവാരി കത്തിൽ ആവശ്യപ്പെടുന്നു. ജി എസ്ടി, പെട്രോൾ വില വർദ്ധനവ്, നോട്ട് നിരോധനം എന്നിവയിലൊക്കെ തിരുമാനങ്ങളെടുത്ത നേതാക്കൾ കാരണമാണ് ഹിന്ദി ഹൃദയ ഭൂമിയിൽ ബി ജെ പിക്ക് തിരച്ചടി നേരിടേണ്ടി വന്നതെന്നും തിവാരി കത്തിൽ കൂട്ടിച്ചേർക്കുന്നു.

അഞ്ച് സംസ്ഥാനങ്ങളിലെ വോട്ടെണ്ണൽ കഴിഞ്ഞതിന് പിന്നാലെ മോദിയുടെയും അമിത് ഷായുടെ കർഷക വിരുദ്ധ പ്രസ്താവനകളാണ് തെരഞ്ഞെടുപ്പിൽ തിരിച്ചടി നേരിട്ടതിന് കാരണമായതെന്ന് തിവാരി നേരത്തെ ആരോപിച്ചിരുന്നു. ഇരുവരെയും അവരുടെ സ്ഥാനങ്ങളിൽ നിന്ന് നീക്കം ചെയ്യണമെന്നും അദ്ദേഹം ആവശ്യപ്പെട്ടിരുന്നു.
 

click me!