
ദില്ലി: പതിനഞ്ച് വർഷത്തിനുശേഷം മധ്യപ്രദേശിൽ കോൺഗ്രസ് സർക്കാർ അധികാരത്തിലെത്തിയപ്പോൾ തന്‍റെ ദൃഢപ്രതിജ്ഞ നിറവേറ്റിയ ആത്മ സംതൃപ്തിയിലാണ് ദുർഗ ലാൽ കിരാർ എന്ന കോൺഗ്രസ് പ്രവർത്തകൻ. 2003ൽ മധ്യപ്രദേശ് ബിജെപി പിടിച്ചെടുത്തപ്പോൾ എടുത്ത പ്രതിജ്ഞയാണ് ഒന്നര പതിറ്റാണ്ടിന് ശേഷം ദുർഗ ലാൽ നിറവേറ്റിയത്. മധ്യപ്രേദശിൽ കോൺഗ്രസ് അധികാരത്തിലെത്തിയാൽ മാത്രമേ ഇനി താൻ ഷൂ ധരിക്കുകയുള്ളൂവെന്നായിരുന്നു ദുർഗ ലാലിന്റെ പ്രതിജ്ഞ.
2003ൽ മധ്യപ്രദേശിൽ നടന്ന തെരഞ്ഞെടുപ്പിൽ 230 സീറ്റുകളിൽ കേവലം 38 സീറ്റുകളാണ് കോൺഗ്രസ് നേടിയത്. ബിജെപിക്ക് മുന്നില്‍ ദയനീയമായി പരാജയപ്പെട്ട് അധികാരം നഷ്ടമായതിന് പിന്നാലെ മുഖ്യമന്ത്രിയായിരുന്ന ദിഗ്‌വിജയ് സിങ് തെരഞ്ഞെടുപ്പില്‍ മത്സരിക്കില്ലെന്ന് പ്രഖ്യാപിച്ചു. അന്ന് ദുർഗ ലാൽ എടുത്ത തീരുമാനമായിരുന്നു ഇനി കോൺഗ്രസ് സർക്കാർ അധികാരത്തിൽ വരുന്നതുവരെ താൻ ഷൂ ധരിക്കില്ലെന്ന്.
നവംബറിൽ നടന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ തിളക്കമാർന്ന വിജയം നേടി കോൺഗ്രസ് അധികാരത്തിലെത്തിയതോടെ കഴിഞ്ഞ 15 വർഷമായി ഷൂ ധരിക്കാതിരുന്ന ദുർഗ ലാൽ കഴിഞ്ഞ ബുധനാഴ്ച ഷൂ ധരിച്ചു. മധ്യപ്രദേശ് മുഖ്യമന്ത്രി കമൽനാഥിന്റെ സാന്നിധ്യത്തിലാണ് ദുർഗ ലാൽ ഷൂ ധരിച്ചത്. മുൻ മുഖ്യമന്ത്രി ദിഗ്‌വിജയ് സിങ്ങാണ് ദുർഗ ലാലിന് ധരിക്കാൻ ഷൂ നൽകിയത്.
മധ്യപ്രദേശ് നിയമസഭാ തെരഞ്ഞെടുപ്പിൽ 114 സീറ്റ് നേടി ഏറ്റവും വലിയ ഒറ്റകക്ഷിയായ കോണ്‍ഗ്രസ് എസ്പി, ബിഎസ്പി, സ്വതന്ത്രര്‍ എന്നിവരുടെ പിന്തുണയോടെയാണ് അധികാരത്തിലെത്തിയത്. തെരഞ്ഞെടുപ്പിൽ 109 സീറ്റുകളാണ് ബിജെപി നേടിയത്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam