രാഹുലിന്‍റെ അദ്ധ്യക്ഷസ്ഥാനം ചർച്ച ചെയ്യാതെ പ്രവർത്തകസമിതി

By Web DeskFirst Published Jun 6, 2017, 6:41 PM IST
Highlights

ദില്ലി: രാഹുൽ ഗാന്ധി കോൺഗ്രസ് അദ്ധ്യക്ഷനാകുന്ന വിഷയം പരിഗണിക്കുന്നത് പ്രവർത്തകസമിതി വീണ്ടും മാറ്റി വച്ചു. സംഘടനാ തെരഞ്ഞെടുപ്പിലൂടെ ഓക്ടോബർ പതിനഞ്ചോടെ രാഹുൽ അദ്ധ്യക്ഷ സ്ഥാനത്ത് എത്താനാണ് സാധ്യത. വിയോജിക്കുന്ന എല്ലാവരെയും കേന്ദ്രം അടിച്ചമർത്തുകയാണെന്ന് പ്രവർത്തകസമിതി കുറ്റപ്പെടുത്തി

രാഹുൽ ഗാന്ധി കോൺഗ്രസ് അദ്ധ്യക്ഷസ്ഥാനത്ത് എത്തണമെന്ന് നിർദ്ദേശിക്കുന്ന പ്രമേയം കഴിഞ്ഞ പ്രവർത്തകസമിതി യോഗം പാസാക്കി സോണിയാഗാന്ധിക്ക് വിട്ടിരുന്നു. ഈ പ്രമേയത്തിൽ പ്രവർത്തകസമിതി യോഗത്തിൽ ചർച്ച ഉണ്ടായില്ല. സംഘടനാ തെരഞ്ഞെടുപ്പ് നിശ്ചയിച്ചതുപോലെ പൂർത്തിയാക്കാനുള്ള സോണിയാഗാന്ധിയുടെ നിർദ്ദേശപ്രകാരം ഇതിനുള്ള സമയക്രമം അംഗീകരിച്ചു. 

സപ്തംബർ 16 മുതൽ ഓക്ടോബർ 15 വരെ നീളുന്ന കോൺഗ്രസ് അദ്ധ്യക്ഷസ്ഥാനത്തേക്കുള്ള തെരഞ്ഞെടുപ്പിനൊടുവിൽ രാഹുൽ അദ്ധ്യക്ഷനായി എത്താനാണ് സാധ്യതയെന്ന് മുതിർന്ന നേതാക്കൾ പറഞ്ഞു. ഉത്തർപ്രദേശ് ഉത്തരാഖണ്ട് തെരഞ്ഞെടുപ്പുകളിൽ നിന്ന് പാഠം പഠിക്കാനുണ്ടെന്നും ഗോവയിലും മണിപ്പൂരിലും സർക്കാർ രൂപീകരിക്കാനാവാത്തത് ബിജെപി ഏതറ്റം വരെ പോകുമെന്നതിന് തെളിവാണെന്നും സോണിയ ഗാന്ധി പറഞ്ഞു. 

ജമ്മുകശ്മീരിൽ കേന്ദ്രം പൂർണ്ണമായും പരാജയപ്പെട്ടെന്ന് കുറ്റപ്പെടുത്തിയ യോഗം കശ്മീർ വിഷയത്തിൽ നിലപാടു തീരുമാനിക്കാൻ മൻമോഹൻസിംഗ് അദ്ധ്യക്ഷനായ സമിതി രൂപീകരിച്ചു. എതിര്‍ശബ്ദങ്ങളെ ഭയപ്പെടുത്തുന്ന സര്‍ക്കാര്‍ ജനങ്ങളുടെ  ഭക്ഷണ സ്വാതന്ത്രയത്തില്‍  വരെ കൈകടത്തുന്നുവെന്ന് യോഗം കുറ്റപ്പെടുത്തി.

അടുത്ത ലോക്സഭാ തെരഞഅ‍െടുപ്പ് ലക്ഷ്യമാക്കി സംഘടന ശക്തിപ്പെടുത്താനും ഇനി എല്ലാ രണ്ടുമാസവും പ്രവർത്തകസമിതി വിളിച്ചു ചേർക്കാനും യോഗം തീരുമാനിച്ചു. എകെ ആന്‍റണി, പിസി ചാക്കോ എന്നിവർക്കു പുറമെ അടുത്തിടെ ജനറൽ സെക്രട്ടറിയായ കെസി വേണുഗോപാലും ഇതാദ്യമായി പ്രവർത്തകസമിതിയിൽ പങ്കെടുത്തു.

click me!