
വടകര: മതവിശ്വാസത്തെ അപകീര്‍ത്തിപ്പെടുത്തിയെന്ന ആരോപണം ഉയര്‍ന്നതിന് പിന്നാലെ കഥാകൃത്ത് ആര്‍ ഉണ്ണിയോട് ഖേദ പ്രകടനവുമായി കിത്താബ് എന്ന നാടകത്തിന്റെ പിന്നിലെ സ്കൂള്‍ അധികൃതര്‍. കോഴിക്കോട് റവന്യൂ ജില്ലാ കലോത്സവത്തിന്റെ ഭാഗമായി നടന്ന ഹൈസ്കൂൾ വിഭാഗം മലയാള നാടക മത്സരത്തിൽ ഒന്നാം സ്ഥാനവും എ ഗ്രേഡും നേടിയ നാടകം ആര്‍ ഉണ്ണിയുടെ വാങ്ക് എന്ന കഥയെ ആസ്പദമാക്കിയാണെന്ന് ആരോപണം ഉയര്‍ന്നിരുന്നു.
ഇതിനെതിരെ പ്രശസ്ത കഥാകൃത്ത് ഉണ്ണി ആര്‍ രൂക്ഷവിമര്‍ശനം നടത്തിയതിന് പിന്നാലെയാണ് സ്കൂള്‍ അധികൃതരുടെ ഖേദപ്രകടനം. തന്റെ കഥ മുന്നോട്ട് വക്കുന്ന രാഷ്ട്രീയമായും അത് സംവദിക്കുന്ന കാര്യങ്ങളുമായും ഒന്നും ബന്ധമില്ലാതെ ഇസ്ലാമിനെ പ്രാകൃതമായി ചിത്രീകരിക്കുന്ന തരത്തിലാണ് നാടകം വന്നിരിക്കുന്നത്. ഇസ്ലാമിനെ പ്രാകൃത മതമായി കാണാനുള്ള അജണ്ടയെ അംഗീകരിക്കാന്‍ കഴിയില്ല, അത് തള്ളിക്കളയുന്നുവെന്ന് ഉണ്ണി ആര്‍ തുറന്നടിച്ചിരുന്നു.
മുസ്ലിം പള്ളിയില്‍ വാങ്ക് വിളിക്കുന്ന മുക്രിയുടേയും മകളുടേയും ജീവിതമായിരുന്നു കിത്താബ് എന്ന നാടകത്തിന്റെ ഇതിവൃത്തം. 'കിത്താബ് ' എന്ന നാടകം പ്രശസ്ത കഥാകൃത്ത് ആർ. ഉണ്ണിയുടെ വാങ്ക് എന്ന കഥയുടെ നാടകാവിഷ്കാരമല്ലെന്നും ആ കഥയിലെ വാങ്കുവിളിക്കുന്ന പെൺകുട്ടി എന്ന ഒരാശയത്തിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ടാണ് കിത്താബ് എന്ന നാടകം രചിച്ചതെന്നും അണിയറ പ്രവര്‍ത്തകര്‍ പറയുന്നു.
കേവലമായ ഈ ആശയ പ്രചോദനം മാത്രമാണ് കിത്താബിന് ഉണ്ണിയുടെ കഥയുമായുള്ള വിദൂര ബന്ധമെന്നും നാടകത്തിലെ കഥാപാത്രങ്ങളും പശ്ചാത്തലവും പരിചരണവുമെല്ലാം തികച്ചും വ്യത്യസ്തമാണ് . അതു കൊണ്ടു തന്നെ ഈ നാടകം ഒരു സ്വതന്ത്രരചനയാണെന്നും അണിയറ പ്രവര്‍ത്തകര്‍ ഖേദം പ്രകടിപ്പിച്ച് വിശദമാക്കി. ഈ നാടകാവതരണം കഥാകൃത്തിന് പല തരത്തിൽ വിഷമം സൃഷ്ടിച്ചിട്ടുണ്ടെങ്കില്‍ നിർവ്യാജമായ ഖേദം രേഖപ്പെടുത്തുന്നുവെന്നും അണിയറ പ്രവര്‍ത്തകര്‍ വിശദമാക്കി.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam