ജയരാജൻ മടങ്ങിയെത്തും മുമ്പ് വ്യവസായ വകുപ്പിൽ തിരക്കിട്ട നിയമനം; നിയമനം അഴിമതിക്കേസിൽ പ്രതികളായവര്‍ക്ക്

By Web TeamFirst Published Aug 14, 2018, 8:08 AM IST
Highlights

ഇ.പി.ജയരാജൻ മന്ത്രിയായി മടങ്ങിയെത്തും മുമ്പ് വ്യവസായ വകുപ്പിൽ തിരക്കിട്ട നിയമനം. അഴിമതിക്കേസിൽ പ്രതികളായ കെ.എ.രതീഷ്, മലബാർ സിമൻറ്സ് മുൻ എംഡി കെ.പത്മകുമാർ എന്നിവർക്കാണ് നിയമനം കിട്ടിയത്. ഇതിൽ കെ.എ.രതീഷിനെ ജയരാജൻ മന്ത്രിയായിരിക്കെയാണ് പുറത്താക്കിയത്. മലബാർ സിമൻറ്സ് എംഡിയായിരിക്കെ നാലു അഴിമതി കേസുകളിൽ പ്രതിയാണ് കെ.പത്മകുമാ‍ർ.

തിരുവനന്തപുരം: ഇ.പി.ജയരാജൻ മന്ത്രിയായി മടങ്ങിയെത്തും മുമ്പ് വ്യവസായ വകുപ്പിൽ തിരക്കിട്ട നിയമനം. അഴിമതിക്കേസിൽ പ്രതികളായ കെ.എ.രതീഷ്, മലബാർ സിമൻറ്സ് മുൻ എംഡി കെ.പത്മകുമാർ എന്നിവർക്കാണ് നിയമനം കിട്ടിയത്. ഇതിൽ കെ.എ.രതീഷിനെ ജയരാജൻ മന്ത്രിയായിരിക്കെയാണ് പുറത്താക്കിയത്. മലബാർ സിമൻറ്സ് എംഡിയായിരിക്കെ നാലു അഴിമതി കേസുകളിൽ പ്രതിയാണ് കെ.പത്മകുമാ‍ർ. വിജിലൻസ് അറസ്റ്റ് ചെയ്ത പത്മകുമാറിനെ സസ്പെൻഡ് ചെയ്യണമെന്ന വിജിലൻസ് ഡയറക്ടറുടെ ശുപാർശ ഒടുവിൽ നടപ്പായത് മുഖ്യമന്ത്രി നേരിട്ട് ഇടപ്പെട്ട ശേഷമാണ്. 

അഴിമതി കേസുകളുടെ അന്വേഷണം പുരോഗമിക്കുന്നതിടെയാണ് പത്മകുമാറിന് റൂട്രോണിക്സിൻറെ എംഡിയായി നിയമനം നൽകിയത്. കശുവണ്ടി വികസന കോർപ്പറേഷൻ അഴിമതി കേസിൽ ഒന്നാം പ്രതിയാണ് മുൻ എംഡി കെ.എ. രതീഷ്. അഴിമതി കേസിൽ സിബിഐ അന്വേഷണം പുരോഗമിക്കവെയാണ് രതീഷിനെ കളമശേരിയിലെ കേരള ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇൻറർപ്രണർഷിപ്പ് ഡവലപ്മെൻറെന്ന 'കീഡിൻറെ' എക്സിക്യൂട്ടീവ് ഡയറക്ടറാക്കിയത്. അഴിമതി ആരോപണം ഉയർന്നപ്പോള്‍ രതീഷിനെ വ്യവസായമന്ത്രിയായിരുന്ന ഇപി ജയരാജനാണ് പുറത്താക്കിയത്. 

പത്‍മകുമാറിന് പുനർനിയമനം നൽകണമെന്ന ഹൈക്കോടതിയുടെ ഉത്തരവിൻറെ അടിസ്ഥാനത്തിലാണ് നടപടിയെന്നാണ് വ്യവസായ മന്ത്രി എസി മൊയ്തീൻറെ ഓഫീസിൻറെ വിശദീകരണം. രതീഷിനെതിരായ സിബിഐ അന്വേഷണത്തെ കുറിച്ച് മന്ത്രിയുടെ ഓഫീസ് ഒന്നും പറയുന്നില്ല. എന്നാൽ നിയമനം നൽകും മുമ്പ് രതീഷിനെതിരായ അനധികൃത സ്വത്തുസമ്പാദന കേസും സര്‍ക്കാര്‍ എഴുതി തള്ളിയിരുന്നു. കീഡിലേത് പ്രധാന തസ്തിയല്ലെന്നു വ്യവസായവകുപ്പ് വിശദീകരിച്ചു .

click me!