
ബംഗളൂരു: ദസറ ഉദ്ഘാടനത്തിന് കന്നഡ എഴുത്തുകാരിയും ബുക്കർ പ്രൈസ് ജേതാവുമായ ബാനു മുഷ്താഖിനെ ക്ഷണിച്ചതിനെ ചൊല്ലി കർണാടകത്തിൽ വിവാദം കൊഴുക്കുന്നു. മതവിശ്വാസമില്ലാത്ത ഒരാൾ മതപരമായ ചടങ്ങ് ഉദ്ഘാടനം ചെയ്യുന്നത് അംഗീകരിക്കാനാകില്ലെന്ന് ബിജെപിയും ഇതര ഹൈന്ദവ സംഘടനകളും വ്യക്തമാക്കി. ചാമുണ്ഡി ഹിൽസ് ഹിന്ദുയിസത്തിന്റെ സ്വത്തല്ലെന്ന് ഉപമുഖ്യമന്ത്രി ഡി.കെ.ശിവകുമാർ തിരിച്ചടിച്ചു. തന്നെ ക്ഷണിച്ചത് ചാമുണ്ഡേശ്വരി തന്നെയാണെന്ന് ബാനു മുഷ്താഖും പ്രതികരിച്ചു.
ധർമസ്ഥലയും ഉപമുഖ്യമന്ത്രി ഡി.കെ.ശിവകുമാറിന്‍റെ ഗണഗീതാലാപനവും കലുഷിതമാക്കിയ കർണാടക രാഷ്ട്രീയത്തിലേക്കാണ് ദസ്സറ വിവാദവും പെയ്തിറങ്ങുന്നത്. മൈസൂരുവിലെ ചടങ്ങ് കന്നഡ എഴുത്തുകാരിയും ബുക്കർ പ്രൈസ് ജേതാവുമായ ബാനു മുഷ്ത്താഖ് ഉദ്ഘാടനം ചെയ്യുന്നതിനെ ചൊല്ലിയാണ് വിവാദം കത്തുന്നത്. മുഖ്യാതിഥിയായി ബാനുവിനെ ക്ഷണിച്ച കർണാടക സർക്കാരിന്റെ നടപടി ചോദ്യം ചെയ്യുകയാണ് ബിജെപിയും ഹൈന്ദവ സംഘടനകളും. ചടങ്ങ് ബാനു ഉധ്ഘാടനം ചെയ്യുന്നത് അനുചിതമാണെന്ന് പ്രഖ്യാപിച്ചു കഴിഞ്ഞു ബിജെപി സംസ്ഥാന അധ്യക്ഷൻ ബി.വൈ.വിജയേന്ദ്രയും ഇതര നേതാക്കളും. ഉദ്ഘാടന ചടങ്ങിൽ നിന്ന് ബാനു പിന്മാറണമെന്ന് കർണാടകത്തിൽ നിന്നുള്ള കേന്ദ്ര സഹമന്ത്രി ശോഭ കരന്തലജെയും ആവശ്യപ്പെട്ടു. ബിജെപിയുടെ പ്രധാന നേതാക്കളെല്ലാം ദസറ ഉദ്ഘാടന ചടങ്ങിന് ബാനുവിനെ ക്ഷണിച്ചതിനെ എതിർക്കുന്പോൾ വ്യത്യസ്ത നിലപാടാണ് മൈസൂരുവിലെ ബിജെപി എംപിയും മൈസൂരു പാലസിന്‍റെ ഇപ്പോഴത്തെ അവകാശിയുമായ യദുവീർ വൊഡയാറിന്. ദസറ ഒരു മതേതര ഉത്സവാണെന്ന് ഓർക്കണമെന്ന് അദ്ദേഹം പറഞ്ഞു.
. ദസ്സറ വിവാദത്തിൽ ബിജെപിയെ അടപടലം എതിർക്കുന്ന കോൺഗ്രസിന് ഉർജമോകുന്നതാണ് ഈ നിലപാട്. സർക്കാരിന്റെ ക്ഷണം സ്വീകരിച്ച ബാനു മുഷ്താഖ് ആകട്ടെ, വിവാദ പ്രസ്താവനകളോട് അകലം പാലിക്കുകയാണ്, തന്റെ രചനകളെ സ്നേഹിക്കുന്ന, തനിക്ക് കിട്ടിയ ബുക്കർ സമ്മാനത്തെ തങ്ങൾക്ക് കിട്ടിയതെന്ന് കരുതുന്ന കന്നഡികരോട് നന്ദിയുണ്ടെന്ന് ബാനു പ്രതികരിച്ചു.