
മുംബൈ: മുംബൈ ഭീകരാക്രമണത്തിന്‍റെ പത്താം വാര്‍ഷികത്തിലും അതിന്‍റെ മുറിവുകള്‍ ഉണങ്ങുന്നില്ല. എന്നാല്‍ ഇപ്പോഴും വിറക്കുന്ന കൈയ്യോടെ തന്‍റെ പഴയ നിക്കോണ്‍ ക്യാമറയില്‍ പകര്‍ത്തിയ ഒരു ചിത്രത്തിന്‍റെ ഓര്‍മ്മയിലാണ് 'സാബി' എന്ന് അറിയപ്പെടുന്ന സെബാസ്റ്റിയന്‍ ഡിസൂസ എന്ന മുന്‍ ഫോട്ടോ ജര്‍ണലിസ്റ്റ്. 2008 നവംബര്‍ 26 -ാം തീയതി കസബ് തന്റെ ഓഫീസിന് തൊട്ടടുത്തുള്ള റെയില്‍വേ സ്‌റ്റേഷനില്‍ കണ്ണില്‍ കണ്ടവരെയെല്ലാം വെടിവെച്ചു വീഴ്ത്തുമ്പോള്‍ സെബാസ്റ്റിയന്‍ ഡിസൂസ പ്‌ളാറ്റ്‌ഫോമില്‍ പാര്‍ക്ക് ചെയ്തിരുന്ന ഒരു ട്രെയിന് ഉള്ളിലിരുന്ന് കസബിനെ തന്റെ പഴയ നിക്കോണ്‍ ക്യാമറയില്‍ സാബി പലവുരു പകര്‍ത്തി.
ടെലിഫോട്ടോ ലെന്‍സ് ഉപയോഗിച്ചായിരുന്നു കസബിനെ പകര്‍ത്തിയത്. ആദ്യ ഷോട്ട് പകര്‍ത്താന്‍ പ്ലാറ്റ്ഫോമിലെ ട്രെയിന്‍ കാര്യേജിലേക്ക് ആദ്യം ഓടി. എന്നാല്‍ ആദ്യം പകര്‍ത്തിയ ചിത്രത്തിലെ ആംഗിള്‍ മികച്ചതായിരുന്നില്ല. തുടര്‍ന്ന് രണ്ടാമത്തെ കാര്യേജിലേക്ക് നീങ്ങി തീവ്രവാദി അതിലെ പോകുന്നത് പകര്‍ത്താന്‍ തക്കം പാര്‍ത്തിരുന്നു. ഒരുവേള അയാള്‍ അവിടേയ്ക്ക് എത്തിയപ്പോള്‍ രണ്ടു ഫ്രെയിമില്‍ പതിപ്പിച്ചു. ഫോട്ടോയെടുക്കുന്ന എന്നെ അവര്‍ കണ്ടെന്നാണ് ആദ്യം കരുതിയത്. എന്നാല്‍ കണ്ടിരുന്നില്ല. ജോലിയില്‍ നിന്നും വിരമിച്ച സാബി പറയുന്നു.
അതേസമയം ഛത്രപതി ശിവജി മഹാരാജ് ടെര്‍മിനസില്‍ നിയോഗിക്കപ്പെട്ടിരുന്ന പോലീസുകാരുടെ പിടിപ്പുകേടാണ് ഇത്രയും ആള്‍ക്കാര്‍ക്ക് ജീവന്‍ നഷ്ടപ്പെടാനും പരിക്കേല്‍ക്കാനും കാരണമായതെന്ന് എല്ലാറ്റിനും സാക്ഷ്യം വഹിച്ച സാബി പറയുന്നു. സ്‌റ്റേഷനില്‍ ഡ്യൂട്ടിയില്‍ ഉണ്ടായിരുന്ന പോലീസുകാര്‍ സമയത്ത് തന്നെ കസബിനെ വധിച്ചിരുന്നെങ്കില്‍ ഇത്രയും പേര്‍ക്ക് ജീവന്‍ നഷ്ടമാകുമായിരുന്നില്ല.
സംഭവം നടക്കുമ്പോള്‍ രണ്ടു ബറ്റാലിയന്‍ പോലീസ് റെയില്‍വേ സ്‌റ്റേഷന് സമീപം നിന്നിരുന്നു. എന്നാല്‍ ഒന്നും ചെയ്തില്ലെന്നും സാബി പറയുന്നു. ഒടുക്കം കസബിനെ തൂക്കിലേറ്റിയതിലൂടെ അവസാനിച്ച കേസില്‍ സാബിയുടെ ഫോട്ടോ നിര്‍ണ്ണായക തെളിവായി മാറി.
പിന്നീട് ഈ ഫോട്ടോയ്ക്ക് ലോ പ്രസ് ഫോട്ടോ പുരസ്‌ക്കാരവും തേടിയെത്തി. 67 കാരനായ സാബി 2012 ല്‍ ജോലിയില്‍ നിന്നു വിരമിച്ച ശേഷം ഇപ്പോള്‍ ഗോവയില്‍ ജീവിതം നയിക്കുകയാണ്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam