മകളെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയ കേസ്; 10 വര്‍ഷം ശിക്ഷയനുഭവിച്ച പിതാവിനെ മരണ ശേഷം കോടതി കുറ്റവിമുക്തനാക്കി

By Web TeamFirst Published Dec 21, 2018, 9:20 AM IST
Highlights

 ജയിലില്‍ കഴിയുകയായിരുന്ന പിതാവ് മരിച്ച് 10 മാസം കഴിഞ്ഞാണ് കോടതിയുടെ വിധി വരുന്നത്. കേസിലെ അന്വേഷണവും വിചാരണയും നീതിപൂര്‍വ്വമല്ലായിരുന്നെന്ന വിലയിരുത്തലോടെയാണ് ദില്ലി ഹൈക്കോടതിയുടെ വിധി

ദില്ലി: പ്രായപൂര്‍ത്തിയാകാത്ത മകളെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയതിന് 10 വര്‍ഷം തടവ് ശിക്ഷ അനുഭവിച്ച പിതാവിനെ കുറ്റവിമുക്തനാക്കി ദില്ലി ഹൈക്കോടതി. ജയിലില്‍ കഴിയുകയായിരുന്ന പിതാവ് മരിച്ച് 10 മാസം കഴിഞ്ഞാണ് കോടതിയുടെ വിധി വരുന്നത്. കേസിലെ അന്വേഷണവും വിചാരണയും നീതിപൂര്‍വ്വമല്ലായിരുന്നെന്ന വിലയിരുത്തലോടെയാണ് ദില്ലി ഹൈക്കോടതിയുടെ വിധി പുറത്ത് വരുന്നത്. 17 വർഷം മുൻപ് മകൾ നൽകിയ പരാതിയെ തുടർന്നായിരുന്നു ശിക്ഷ. 

മകളെ ആരോ തട്ടിക്കൊണ്ടു പോയി പീഡിപ്പിച്ചെന്ന് കേസിന്റെ വിചാരണയില്‍ ആദ്യം മുതല്‍ തന്നെ പിതാവ് കരഞ്ഞ് പറഞ്ഞ കാര്യം ജസ്റ്റിസ് ആര്‍ കെ ഗൗബ ചൂണ്ടിക്കാണിച്ചു. എന്നാല്‍ അന്വേഷണത്തിന്റെ ഒരു ഘട്ടത്തിലും ഇതിനെക്കുറിച്ച് അന്വേഷണമുണ്ടായില്ലെന്നും കോടതി നിരീക്ഷിച്ചു. 1996 ജനുവരിയിലാണ് പെണ്‍കുട്ടി ഗര്‍ഭിണിയാണെന്ന് കണ്ടെത്തുന്നത്. 

ഗര്‍ഭസ്ഥ ശിശുവിന്റെ ഡിഎന്‍എ പരിശോധന നടത്തണമെന്ന ആവശ്യം ഒരു ഘട്ടത്തിലും പരിഗണിക്കാതിരുന്നതിനെയും കോടതി കുറ്റപ്പെടുത്തി. മകള്‍ നല്‍കിയ പരാതിക്കെതിരെ ഭാര്യ നല്‍കിയ അപ്പീലിലാണ് കോടതിയുടെ നിര്‍ണായക വിധി വരുന്നത്.  പ്രായ പൂര്‍ത്തിയാകാത്ത മകളെ ഒരു ചെറുപ്പക്കാരന്‍ തട്ടിക്കൊണ്ട് പോയതായി പിതാവ് നല്‍കിയ പരാതി അന്വേഷിക്കാതിരുന്ന പൊലിസ് മകളുടെ പരാതിയില്‍ പിതാവിനെ അറസ്റ്റ് ചെയ്യുകയായിരുന്നു. 

1991 മുതൽ പിതാവ് തന്നെ പീഡിപ്പിച്ചുവെന്നായിരുന്നു മകളുടെ ആരോപണം. കേസിന്റെ തുടക്കം മുതൽ ഏകപക്ഷീയമായിരുന്നു പ്രോസിക്യൂഷന്റെയും വിചാരണക്കോടതിയുടെയും നടപടികളെന്നും കോടതിക്കു മുന്നിലെത്തിയ ഒട്ടേറെ വസ്തുതകൾ വിലയിരുത്തപ്പെട്ടില്ലെന്നും ഹൈക്കോടതി നിരീക്ഷിച്ചു. ഭാര്യയും മറ്റ് മക്കളും പിതാവിന് വേണ്ടി കോടതിയില്‍ എത്തിയെങ്കിലും പരിഗണിക്കപ്പെടാതെ പോവുകയായിരുന്നു. 

പന്ത്രണ്ട് വയസ് പ്രായത്തില്‍ പീ‍ഡനം ആരംഭിച്ചുവെന്ന് പറയുന്ന മകള്‍ ഒരിക്കല്‍ പോലും ശരീര വേദനയോ മറ്റ് ബുദ്ധിമുട്ടുകളോ അമ്മയോടോ മറ്റാരോടുമോ തുറന്ന് പറയാത്തത് സംശയം ജനിപ്പിക്കുന്നതാണെന്ന് കോടതി നിരീക്ഷിച്ചു. കേസ് അന്വേഷണം അവസാനിപ്പിക്കാന്‍ അന്വേഷണസംഘം അനാവശ്യ തിടുക്കം കാണിച്ചെന്നും കോടതി കുറ്റപ്പെടുത്തി. എന്നാല്‍ പഠനത്തില്‍ പിന്നോക്കമായ പെണ്‍കുട്ടിയെ ശാസിച്ചതാണ് ആരോപണങ്ങള്‍ക്ക് പിന്നിലെന്ന വീട്ടുകാരുടെ വാദത്തിന്റെ അടിസ്ഥാനം പരിശോധിക്കാന്‍ പോലും അന്വേഷണ സംഘം ശ്രമിച്ചില്ലെന്നും കോടതി കുറ്റപ്പെടുത്തി. പെണ്‍കുട്ടിയുമായി അടുത്ത ബന്ധം പുലര്‍ത്തിയിരുന്ന ആണ്‍കുട്ടിയെക്കുറിച്ച് അന്വേഷണ സംഘം തിരക്കിയില്ലെന്നും കോടതി നിരീക്ഷിച്ചു. 
 

click me!