നാഷണൽ ഹെറാൾഡ് കേസ്: രാഹുലിന്‍റെയും സോണിയയുടെയും ഹര്‍ജി ഹൈക്കോടതി തള്ളി

By Web TeamFirst Published Sep 10, 2018, 8:07 PM IST
Highlights

ആദായ നികുതി കേസില്‍ രാഹുല്‍ ഗാന്ധിയുടേയും സോണിയാ ഗാന്ധിയുടേയും ഹര്‍ജികള്‍ ഹൈക്കോടതി തള്ളി. ആദായ നികുതി വകുപ്പിനെതിരെയുള്ള ഹർജിയാണ് തള്ളിയത്. രാഹുലും സോണിയയും ഡയറക്ടറായ യങ് ഇന്ത്യ കന്പനിയുടെ 2011-2012 വർഷത്തെ നികുതി റിട്ടേൺ പരിശോധിക്കാൻ ആദായ നികുതി വകുപ്പ് തീരുമാനിച്ചിരുന്നു.
 

ദില്ലി: നാഷണൽ ഹെറാൾഡ് കേസിൽ കോണ്‍ഗ്രസ് അദ്ധ്യക്ഷൻ രാഹുൽ ഗാന്ധിക്കും സോണിയക്കും കൂടുതൽ കുരുക്ക്. നികുതി റിട്ടേണ്‍ പുനപരിശോധിക്കുന്നതിന് എതിരായ ഹര്‍ജി ദില്ലി ഹൈക്കോടതി തള്ളി. സുപ്രീംകോടതിയെ സമീപിക്കാനൊരുങ്ങി രാഹുൽ ഗാന്ധി.

നികുതി റിട്ടേണ്‍ പരിശോധിക്കാനുള്ള ആദായ നികുതി വകുപ്പിന്‍റെ തീരുമാനം ചോദ്യം ചെയ്ത് രാഹുലിനും സോണിയക്കും നൽകിയ ഹര്‍ജികൾ ദില്ലി ഹൈക്കോടതി തള്ളി. ഇരുവരുടെയും 2011-2012 വര്‍ഷത്തെ നികുതി റിട്ടേണ്‍ വീണ്ടും പരിശോധിക്കാൻ ആദായ നികുതി വകുപ്പ് തീരുമാനിച്ചിരുന്നു. യംങ് ഇന്ത്യ കമ്പനിയിൽ ഡയറക്ടര്‍മാരായ ഇരുവരും ആ വിവരം മറിച്ചുവെച്ച് ആദായ നികുതി അടച്ചതെന്നാണ് നികുതി വകുപ്പിന്‍റെ കണ്ടെത്തൽ.

യംങ് ഇന്ത്യ കമ്പനിയുടെ ഓഹരി കൂടി കണക്കാക്കുന്പോൾ രാഹുലിന്‍റെ വരുമാനം 154 കോടി രൂപയായിരുന്നെന്നാണ് ആദായ നികുതി വകുപ്പ് കോടതിയെ അറിയിച്ചത്. നികുതി പരിശോധനകൾ നടത്താൻ ആദായ നികുതി വകുപ്പിന് നിയമപരമായ അധികാരമുണ്ടെന്ന് ഹൈക്കോടതി വ്യക്തമാക്കി. ഹൈക്കോടതി ഉത്തരവ് ചോദ്യം ചെയ്ത് രാഹുൽ ഗാന്ധി സുപ്രീംകോടതിയെ സമീപിച്ചേക്കും.

click me!