
ലക്നൗ: മോശം കയ്യക്ഷരത്തില്‍ റിപ്പോര്‍ട്ട് നല്‍കിയ ഡോക്ടര്‍മാര്‍ക്ക് 5000 രൂപ പിഴയിട്ട് കോടതി. അലഹബാദ് കോടതിയിലെ ലക്നൗ ബഞ്ചിന്റേതാണ് തീരുമാനം. വായിക്കാന്‍ സാധിക്കാത്ത രീതിയില്‍ സ്ഥിരമായി ക്രിമിനല്‍ കേസുകളിലെ മെഡിക്കല്‍ റിപ്പോര്‍ട്ടുകള്‍ നല്‍കിയ ഡോക്ടര്‍മാര്‍ക്കെതിരെയാണ് നടപടി.
കോടതിയുടെ പരിഗണനയിലുള്ള മൂന്ന് ക്രിമിനല്‍ കേസുകളിലും ഡോക്ടറുടെ റിപ്പോര്‍ട്ട് വായിക്കാന്‍ സാധിച്ചിരുന്നില്ല. ടി പി ജസ്സ്വാള്‍, പി കെ ഗോയല്‍, ആശിഷ് സക്സേന എന്നീ ഡോക്ടര്‍മാര്‍ക്കാണ് കോടതി പിഴ ശിക്ഷ വിധിച്ചത്. ഇത്തരത്തില്‍ വായിക്കാന്‍ സാധിക്കാത്ത വിധമാണോ രോഗികള്‍ക്കുള്ള കുറിപ്പടികള്‍ നല്‍കുന്നതെന്നും കോടതി ചോദിച്ചു.
എളുപ്പമുള്ള ഭാഷയില്‍ വൃത്തിയായ കൈപ്പടയില്‍ റിപ്പോര്‍ട്ടുകള്‍ ഉറപ്പാക്കണമെന്ന് കോടതി സംസ്ഥാന ആഭ്യന്തര പ്രിന്‍സിപ്പല്‍ സെക്രട്ടറിക്കും , ആരോഗ്യവകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറിക്കും ആരോഗ്യ വകുപ്പ് ഡയറക്ടര്‍ ജനറലിനും നിര്‍ദേശം നല്‍കി. കോടതിയില്‍ നല്‍കുന്ന മെഡിക്കല്‍ റിപ്പോര്‍ട്ടുകള്‍ കഴിവതും ടൈപ്പ് ചെയ്ത് നല്‍കണമെന്നും കോടതി ആവശ്യപ്പെട്ടു. മെഡിക്കല്‍ റിപ്പോര്‍ട്ടുകള്‍ കൃത്യമായി നല്‍കിയില്ലെങ്കില്‍ സാക്ഷിമൊഴി വരെ തെറ്റിപ്പോവുന്ന സാഹചര്യമുണ്ടെന്നും കോടതി വിശദമാക്കി.
ക്രിമിനല്‍ കേസുകളില്‍ മെഡിക്കല്‍ റിപ്പോര്‍ട്ടില്‍ വ്യക്തത വരേണ്ടത് അത്യാവശ്യമാണ്. അല്ലാത്ത പക്ഷം നീതി നിഷേധിക്കപ്പെടാനുള്ള സാധ്യതയും ഏറെയാണ്. വായിക്കാന്‍ കഴിയാത്ത രീതിയില്‍ റിപ്പോര്‍ട്ടുകള്‍ നല്‍കുന്ന ഡോക്ടര്‍മാര്‍ അവരില്‍ നിക്ഷിപ്തമായ ഉത്തരവാദിത്തെം പൂര്‍ത്തിയാക്കുന്നതില്‍ പരാജയമാണെന്നും കോടതി വിശദമാക്കി. 2012 ല്‍ പുറത്തിറക്കിയ സര്‍ക്കുലറിലെ നിര്‍ദേശങ്ങള്‍ മെഡിക്കല്‍ റിപ്പോര്‍ട്ടുകള്‍ തയ്യാറാക്കുമ്പോള്‍ ശ്രദ്ധിക്കണമെന്നും കോടതി വിശദമാക്കി.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Crime News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam