Latest Videos

കോടതികളിലെ മാധ്യമവിലക്ക്; ഇന്റർനാഷണൽ പ്രസ് ഇൻസ്റ്റിറ്റ്യൂട്ടും പ്രസ് കൗൺസിൽ ഓഫ് ഇന്ത്യയും ഇടപെടുന്നു

By Web DeskFirst Published Sep 22, 2016, 3:58 PM IST
Highlights

ന്യൂഡല്‍ഹി: കേരളത്തിലെ കോടതികളിലെ മാധ്യമവിലക്കിനെതിരെ  ഇന്റർനാഷണൽ പ്രസ് ഇൻസ്റ്റിറ്റ്യൂട്ടും പ്രസ് കൗൺസിൽ ഓഫ് ഇന്ത്യയും ഇടപെടുന്നു.   നീതിനിർവ്വഹണ നടപടികൾ  സ്വതന്ത്രമായി റിപ്പോർട്ട് ചെയ്യാൻ സാഹചര്യം ഒരുക്കണമെന്നാവശ്യപ്പെട്ട് ഐപിഐ ഹൈക്കോടതി ചീഫ് ജസ്റ്റിസിന് കത്തയച്ചു. മാധ്യമവിലക്കിനെക്കുറിച്ച് വിശദീകരണം ആവശ്യപ്പെട്ട് ഹൈക്കോടതി രജിസ്ട്രാർക്കും ചീഫ് സെക്രട്ടറിക്കും പ്രസ് കൗൺസിൽ ഓഫ് ഇന്ത്യയും നോട്ടീസ് അയച്ചു

കേരളത്തിലെ കോടതികളിൽ വാർത്താശേഖരണത്തിന് ഏർപ്പെടുത്തിയിട്ടുള്ള വിലക്ക് നീക്കണമെന്നും ആക്രമണ ഭീതിയില്ലാതെ കോടതികളിലെത്തി  റിപ്പോർട്ടിങ് നടത്താനാകുമെന്ന് ഉറപ്പാക്കണമെന്നും ആണ് ചീഫ് ജസ്റ്റിസ് ജസ്റ്റിസ് മോഹൻ എം. ശാന്തന ഗൗഡർക്ക്  പ്രസാധകരുടെയും എഡിറ്റർമാരുടെയും പ്രമുഖ പത്രപ്രവർത്തകരുടെയും ആഗോള സംഘടനയായ ഐപിഐയുടെ എക്‌സിക്യൂട്ടീവ് ഡയറക്‌ടർ ബാർബറ  ട്രയൻഫി അയച്ച കത്തിൽ ആവശ്യപ്പെട്ടിട്ടുള്ളത്. കോടതിമുറികളിൽ മാധ്യമപ്രവർത്തകർക്കുള്ള വിലക്കിൽ പ്രതിഷേധം രേഖപ്പെടുത്തുകയും ചെയ്തു.  

അഭിഭാഷകരും മാധ്യമപ്രവർത്തകരും തമ്മിൽ കഴിഞ്ഞ ജൂലൈയിൽ സംഘർഷമുണ്ടായതിനെ തുടർന്ന് രണ്ട് മാസമായി  കോടതിമുറികളിൽ മാധ്യമപ്രവർത്തകർക്കു പ്രവേശനം നിഷേധിച്ചിരിക്കുകയാണ്. . ഹൈക്കോടതിയിലെ പബ്ലിക് റിലേഷൻസ് ഓഫിസർ നൽകുന്ന വിവരങ്ങളെ മാത്രം മാധ്യമപ്രവർത്തകർ ആശ്രയിക്കേണ്ടിവരുന്നു. സ്വതന്ത്ര മാധ്യമപ്രവർത്തനത്തിനു പകരമാവില്ല ഇതെന്നും കത്തിൽ പറയുന്നു. ഇതേ കത്തിന്റെ പകർപ്പ് മുഖ്യമന്ത്രി പിണറായി വിജയനും ഐപിഐ അയച്ചിട്ടുണ്ട്.  

അതിനിടെ ഹൈക്കോടതിയിലടക്കം കേരളത്തിലെ കോടതികളിൽ ആഴ്ചകളായി തുടരുന്ന മാധ്യമവിലക്കിൽ  രണ്ടാഴ്ചയ്ക്കുള്ളിൽ വിശദീകരണം നൽകണമെന്ന് ആവശ്യപ്പെട്ട് ഹൈക്കോടതി രജിസ്ട്രാര്‍ക്കും ചീഫ് സെക്രട്ടറിക്കും  പ്രസ് കൗൺസിൽ ഓഫ് ഇന്ത്യ നോട്ടീസ് അയച്ചു. പ്രശ്നത്തിൽ ഇടപെടണമെന്നാവശ്യപ്പെട്ട് മുൻ എം പി അഡ്വക്കേറ്റ് സെബാസ്റ്റ്യൻ പോൾ നൽകിയ കത്തിനെത്തുടർന്നാണ് നടപടി.

click me!