
തിരുവനന്തപുരം: സ്വാമി ഗംഗേശാനന്ദയുടെ ജനനേന്ദ്രിയം മുറിച്ച സംഭവത്തില്‍ പെണ്‍കുട്ടിക്ക് വീണ്ടും കോടതി നോട്ടീസ് അയച്ചു. നുണപരിശോധനക്കും ബ്രെയിന്‍ മാപ്പിങ്ങിനും ഹാജരാകുന്നത് സംബന്ധിച്ച നിലപാട് വ്യക്തമാക്കാൻ കോടതിയില്‍ നേരിട്ട് ഹാജരാകണമെന്ന് ആവശ്യപ്പെട്ടാണ് നോട്ടീസ് അയച്ചിരിക്കുന്നത്. ഇക്കാര്യം നേരത്തെ ആവശ്യപ്പെട്ടിരുന്നുവെങ്കിലും കോടതിയില്‍ ഹാജരാകാന്‍ യുവതി തയാറായില്ല. ഇതോടെയാണ് അടുത്ത മാസം 3ന് നേരിട്ട് ഹാജരാകണമെന്ന് പറഞ്ഞ് കോടതി വീണ്ടും നോട്ടീസയച്ചത്.
പ്രായപൂർത്തിയാകും മുമ്പ് മുതൽ ഗംഗേശാനന്ദ പീഡിപ്പിച്ചിരുന്നുവെന്ന് ആദ്യം മൊഴി നല്‍കിയ യുവതി പിന്നീട് മൊഴി തിരുത്തിപ്പറഞ്ഞിരുന്നു. അയ്യപ്പദാസ് എന്നയാള്‍ തന്നെ വിവാഹ വാഗ്ദാനം നല്‍കി പീഡിപ്പിച്ചുവെന്നായിരുന്നു യുവതിയുടെ പിന്നീടുള്ള പരാതി. തന്‍റെ കുടുംബത്തില്‍നിന്നും ഗംഗേശാനന്ദയില്‍നിന്നും അയ്യപ്പദാസ് പണം തട്ടിയെന്നും യുവതി മൊഴി നൽകിയിരുന്നു. ഇതോടെയാണ് മൊഴികളിലെ വാസ്തവം കണ്ടെത്താന്‍ യുവതിയെ നുണപരിശോധനക്ക് വിധേയമാക്കണമെന്ന് പൊലീസ് കോടതിയില്‍ ആവശ്യപ്പെട്ടത്. കോടതി ഇതിന് അനുമതിയും നല്‍കി.
യുവതിയുടെ അനുമതിയോടെ മാത്രമെ നുണ പരിശോധന നടത്താനാകൂ. ഈ സാഹചര്യത്തിലാണ് കോടതിയില്‍ നേരിട്ട് ഹാജരായി നിലപാട് വ്യക്തമാക്കണമെന്ന് കോടതി യുവതിയോട് നിർദേശിച്ചിട്ടുള്ളത്. അതേസമയം, യുവതിയെ വീട്ടുതടങ്കലിൽ പാർപ്പിച്ചിരിക്കുകയാണെന്ന് ചൂണ്ടിക്കാട്ടി അയ്യപ്പദാസ് ഹൈകോടതിയിൽ നൽകിയ ഹേബിയസ് കോർപസ് ഹരജി പിൻവലിച്ചു. മാതാപിതാക്കൾക്കൊപ്പം യുവതി വീട്ടിലുണ്ടെന്ന് പൊലീസ് കോടതിയെ അറിയിച്ചിരുന്നു. ഇതെ തുടർന്നാണ് അയ്യപ്പദാസ് ഹരജി പിൻവലിച്ചത്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam