അഭിമന്യു വധക്കേസ്: വിചാരണ നടപടികൾ തുടങ്ങി; കേസ് മാർച്ച് 28 ന് പരിഗണിക്കും

By Web TeamFirst Published Feb 4, 2019, 12:02 PM IST
Highlights

കൊലപാതകത്തില്‍ നേരിട്ട് പങ്കെടുത്തെന്ന് പോലീസ് കണ്ടെത്തിയ 16 പ്രതികളുടെ വിചാരണ നടപടികളാണ് എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് മാര്‍ച്ച് 28 ലേക്ക് മാറ്റിയത്.

കൊച്ചി: മഹാരാജാസ് കോളേജിലെ എസ്എഫ്ഐ നേതാവ് അഭിമന്യുവിന്റെ കൊലപാതകത്തിൽ വിചാരണ നടപടികൾ തുടങ്ങി. എറണാകുളം പ്രിൻസിപ്പൽ സെഷൻസ്  ജഡ്ജാണ്  കേസ് പരിഗണിച്ചത്. ആദ്യഘട്ട കുറ്റപത്രം സമർപിച്ച  1 മുതൽ 16 വരെയുള്ള പ്രതികളുടെ വിചാരണ നടപടികൾ ആണ് ഇന്ന് ആരംഭിച്ചത്. റിമന്റിലുള്ള 4 പ്രതികളെ പോലീസ് ഹാജരാക്കി. പിടിയിലായി പിന്നീട് ജാമ്യത്തിലിറങ്ങിയ 5 പേരും ഹാജരായി. കേസ് മാർച്ച് 28 പരിഗണിക്കാൻ മാറ്റി.

കേസില്‍ ആകെ 27 പേരെയാണ് പോലീസ് പ്രതിചേർത്തത്. ഇതില്‍ കൊലപാതകത്തില്‍ നേരിട്ട് പങ്കെടുത്തെന്ന് കണ്ടെത്തിയ 1 മുതല്‍ 16 വരെയുള്ള പ്രതികള്‍ക്കെതിരെ സെപ്റ്റംബറില്‍ ആദ്യ കുറ്റപത്രം സമർപ്പിച്ചിരുന്നു. ഈ കുറ്റപത്രത്തെ അടിസ്ഥാനമാക്കിയാണ് വിചാരണ നടപടികള്‍.  അറസ്റ്റിലായ 9 പേരില്‍ അഞ്ച് പേർക്ക് കോടതി നേരത്തെ ജാമ്യം അനുവദിച്ചിരുന്നു. ഇനിയും പിടിയിലാകാനുള്ള 7 പ്രതികള്‍ക്കായി ലുക്ക്ഔട്ട് നോട്ടീസും പുറപ്പെടുവിച്ചിട്ടുണ്ട്. ഇവരില് ചിലർ വിദേശത്തേക്ക് കടന്നതായി സൂചനയുണ്ട്. 

മഹാരാജാസ് കോളേജ് മൂന്നാംവർഷ വിദ്യാർത്ഥിയും ക്യംപസ് ഫ്രണ്ട് പ്രവർത്തകനുമായ മുഹമ്മദാണ് ഒന്നാം പ്രതി. കോളേജിലെ ചുവരെഴുത്തിനെചൊല്ലി എസ്എഫ്ഐ ക്യാംപസ് ഫ്രണ്ട് പ്രവർത്തകർ തമ്മിലുണ്ടായ തർക്കമാണ് കൊലപാതകത്തില്‍ കലാശിച്ചത്. കൊലപാതകം ആസൂത്രിതമാണെന്നാണ് പോലീസ് നിഗമനം. കേസിലെ പ്രതികളെല്ലാം പോപ്പുലർഫ്രണ്ട് എസ്ഡിപിഐ പ്രവർത്തകരാണ്.

കൊലപാതകം, സംഘംചേർന്ന് മർദിക്കല്‍, വധിക്കണമെന്ന ഉദേശത്തോടെ മുറിവേല്‍പ്പിക്കല്‍, ഗൂഢാലോചന തുടങ്ങിയ വകുപ്പുകളാണ് പ്രതികള്‍ക്കെതിരെ ചുമത്തിയിരിക്കുന്നത്. വാദത്തിനായി സ്പെഷല്‍ പ്രോസിക്യൂട്ടർ അഡ്വ.ജി മോഹനരാജിനെ സർക്കാർ നേരത്തെ ചുമതലപ്പെടുത്തിയിരുന്നു. ഒളിവില്‍ പോകാനും മറ്റും പ്രതികളെ സഹായിച്ചതിന് പ്രതിചേർത്ത 11 പ്രതികളെകൂടി ഉള്‍പ്പെടുത്തി, രണ്ടാം കുറ്റപത്രവും പോലീസ് വൈകാതെ സമർപ്പിക്കും.

click me!