രഹ്ന ഫാത്തിമയെ കസ്റ്റഡിയില്‍ വിടില്ല; പൊലീസ് അപേക്ഷ കോടതി തള്ളി

By Web TeamFirst Published Dec 5, 2018, 1:02 PM IST
Highlights

രഹ്ന ഫാത്തിമയെ ചോദ്യം ചെയ്യാൻ വിട്ടുകിട്ടണമെന്ന പൊലീസിന്‍റെ അപേക്ഷ കോടതി തള്ളി. തെളിവെടുപ്പിനായി 3 ദിവസം കസ്റ്റഡിയിൽ വേണമെന്നായിരുന്നു പൊലീസ് ആവശ്യപ്പെട്ടത്.

പത്തനംതിട്ട: രഹ്ന ഫാത്തിമയെ ചോദ്യം ചെയ്യാൻ കസ്റ്റഡിയിൽ വിട്ടുകിട്ടണമെന്ന പൊലീസിന്‍റെ ആവശ്യം കോടതി തള്ളി. പത്തനംതിട്ട പ്രിൻസിപ്പൽ സെഷൻസ് കോടതിയാണ് പൊലീസിന്‍റെ അപേക്ഷ തള്ളിയത്. 

ഫേസ്ബുക്ക് പോസ്റ്റിലൂടെ മതവികാരം വ്രണപ്പെടുത്തിയെന്ന കേസില്‍ റിമാൻഡിൽ കഴിയുന്ന ആക്ടിവിസ്റ്റും നടിയുമായ രഹന ഫാത്തിമയെ കസ്റ്റഡിയിൽ വിട്ടു കിട്ടണമെന്ന് പൊലീസ് കോടതിയില്‍ അപേക്ഷ നല്‍കിയിരുന്നു. തെളിവെടുപ്പിനും ചോദ്യം ചെയ്യലിനുമായി മൂന്ന് ദിവസത്തേക്ക് കസ്റ്റഡിയിൽ വേണമെന്നായിരുന്നു പൊലീസിന്‍റെ ആവശ്യം. ഇതാണ് കോടതി നിരാകരിച്ചത്. 

രഹ്നയെ പ്രദര്‍ശന വസ്തുവാക്കാന്‍ ശ്രമിക്കുന്നുവെന്ന പ്രതിഭാഗത്തിന്‍റെ വാദം അംഗീകരിച്ച കോടതി കഴിഞ്ഞ ദിവസം ജയിലില്‍ വെച്ച് 2 മണിക്കൂര്‍ ചോദ്യം ചെയ്യാന്‍ അനുവദിച്ചിരുന്നു. എന്നാൽ, വിധിക്കെതിരെ പൊലീസ് വീണ്ടും അപ്പീൽ നൽകിയിരുന്നു. 

ഫേസ്ബുക്ക് പോസ്റ്റിന് പിന്നിൽ മറ്റാർക്കെങ്കിലും പങ്കുണ്ടോ എന്നടക്കമുള്ള കാര്യങ്ങളാണ് പൊലീസ് അന്വേഷിച്ചത്. ഇന്ത്യൻ ശിക്ഷാ നിയമത്തിലെ 295 എ വകുപ്പ് പ്രകാരമാണ് രഹ്ന ഫാത്തിമക്കെതിരെ കേസെടുത്തിരിക്കുന്നത്.

നവംബര്‍ 27 ന്, പത്തനംതിട്ട പൊലീസാണ് രഹ്നയെ കൊച്ചിയിലെത്തി അറസ്റ്റ് ചെയ്തത്. മതവികാരം വ്രണപ്പെടുത്തുന്ന രീതിയില്‍ രഹ്ന ഫാത്തിമ ഫേസ്ബുക്കിലിട്ട പോസ്റ്റിനെതിരെ ബിജെപി കഴിഞ്ഞ മാസം 20 ന് പരാതി നല്‍കിയിരുന്നു. രഹ്നയുടെ പോസ്റ്റുകള്‍ മതവികാരം വ്രണപ്പെടുത്തുന്നതാണെന്ന ബി ജെ പി നേതാവ് ആർ രാധാകൃഷ്ണ മേനോന്‍റെ പരാതിയെ തുടര്‍ന്നായിരുന്നു നടപടി.

 

click me!