പിണറായിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി സിപിഐ

By Asianet NewsFirst Published Jul 23, 2016, 12:06 PM IST
Highlights

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയനെതിരെ രൂക്ഷ വിമര്‍ശനവുമായി സിപിഐ. ജനപക്ഷ സര്‍ക്കാറിനും നയങ്ങള്‍ക്കും അവമതിപ്പുണ്ടാക്കുന്ന നിലപാടുകളാണു സര്‍ക്കാറില്‍ നിന്നും മുഖ്യമന്ത്രിയില്‍ നിന്നും  ഉണ്ടാകുന്നത്. മന്ത്രിസഭാ യോഗ തീരുമാനങ്ങള്‍ മാധ്യമങ്ങള്‍ക്കു മുന്നില്‍ വിശദീകരിക്കേണ്ടെന്ന തീരുമാനം ഏക പക്ഷീയമാണ്. എം.കെ. ദാമോദരന്‍ വിഷയം പാര്‍ട്ടി അതിശക്തമായി ഏറ്റെടുക്കേണ്ടതായിരുന്നുവെന്നും സിപിഐ സംസ്ഥാന കൗണ്‍സിലില്‍ വിമര്‍ശനമുയര്‍ന്നു.

സര്‍ക്കാറിന്റെ തുടക്കം ഗംഭീരമായിരുന്നു. പക്ഷെ രണ്ടുമാസത്തിനകം മികച്ച ഭരണമെന്ന പ്രതിച്ഛായ തകര്‍ന്നടിഞ്ഞു. തീരുമാനങ്ങള്‍ പലതും തിരിച്ചടിയായി. മന്ത്രിസഭാ തീരുമാനങ്ങള്‍പോലും ജനങ്ങളില്‍നിന്നു മറച്ചുപിടിക്കുന്നു എന്ന തോന്നലുണ്ടാക്കാന്‍ മുഖ്യമന്ത്രിയുടെ കടുംപിടുത്തം കാരണമായി. സ്വന്തമായി അറിവില്ലാത്തതുകൊണ്ടാണോ മുഖ്യമന്ത്രിക്ക് ഇത്രയേറെ ഉപദേശകര്‍ എന്നും സി. അച്യുതമേനോന്‍ എന്ന പ്രഗത്ഭനായ മുഖ്യമന്ത്രിക്ക് ഉപദേശകരേ ഇല്ലായിരുന്നല്ലോ എന്നും അഗംങ്ങള്‍ തുറന്നടിച്ചു.

എം.കെ. ദാമോദരന്‍ വിഷയത്തില്‍ സിപിഎമ്മിനും മുഖ്യമന്ത്രിക്കും ഗുരുതര വീഴ്ച പറ്റി. പ്രശ്‌നം ഏറ്റെടുക്കുന്നതില്‍ സിപിഐ നേതൃത്വത്തിനുമായില്ല. എന്നാല്‍ ഇത് അപക്വമായ വിമര്‍ശനമാണെന്നും പറയേണ്ടകാര്യങ്ങള്‍ ഇടത് മുന്നണിയോഗത്തില്‍ നെഞ്ച് വിരിച്ച് പറയാന്‍ തന്റേടമുണ്ടെന്നുമായിരുന്നു സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്റെ മറുപടി . തെരഞ്ഞെടുപ്പ് അവലോകന റിപ്പോര്‍ട്ടില്‍ സി ദിവാകരനെതിരെയും രൂക്ഷ വിമര്‍ശനമുയര്‍ന്നു.

നെടുമങ്ങാടിന് ഒരു മന്ത്രി എന്ന നിലയില്‍ തെരഞ്ഞെടുപ്പു പ്രചാരണം നടത്തിയതു ശരിയായില്ല . മന്ത്രിയാകാത്തതു ഗോഡ്ഫാദര്‍ ഇല്ലാത്തതുകൊണ്ടാണെന്ന പരാമര്‍ശത്തില്‍ ഇഎസ് ബിജിമോള്‍ എംഎല്‍എയുടെ വിശദീകരണം തൃപ്തികരമല്ലെന്നു വിലയിരുത്തിയ സംസ്ഥാന എക്‌സിക്യൂട്ടീവ്, തുടര്‍ നടപടിയെടുക്കാതിരിക്കാനുള്ള കാരണം ബോധിപ്പിക്കാനും ബിജിമോളോട് ആവശ്യപ്പെട്ടിട്ടുണ്ട്.

 

click me!