സി.പി.എമ്മിന്റെ ഭാവി തുലാസിൽ; ദേശീയ പാർട്ടി സ്ഥാനത്തിനും വെല്ലുവിളി

By Web DeskFirst Published Mar 3, 2018, 9:41 PM IST
Highlights

പാർട്ടിക്കുള്ളിൽ കോൺഗ്രസ് ബന്ധത്തിനായി വാദിക്കുന്നവർ ത്രിപുരയിലെ ബി.ജെ.പി മുന്നേറ്റവും ആയുധമാക്കും

ദില്ലി: ദേശീയ രാഷ്ട്രീയത്തിൽ ഇടതുപക്ഷത്തിന്റെ സ്വാധീനം കാര്യമായി ഇടിയുന്നതിലേക്ക് ഇന്നത്തെ ത്രിപുര ഫലം നയിക്കും. സി.പി.എമ്മിനുള്ളിലെ ഭിന്നതയും ആശയക്കുഴപ്പവും കൂട്ടാൻ ഇടയാക്കുന്നതാണ് ഈ കനത്ത പരാജയം.

വെറും പതിനാറ് എം.പിമാരുള്ള ഇടതുപക്ഷത്തിൻറെ നേതാവായിരുന്നു 1952-ൽ ലോക്സഭയിൽ എ.കെ ഗോപാലൻ. എന്നാൽ പ്രതിപക്ഷ നേതൃസ്ഥാനം അനൗദ്യാഗികമായെങ്കിലും എ.കെ.ജിക്കായിരുന്നു. മാത്രമല്ല ഭരണകർത്താക്കൾ എ.കെ.ജിയുടെ വാക്കുകൾ ശ്രദ്ധയോടെ കേട്ടിരുന്നു. സംഖ്യ കൊണ്ടല്ല ജനങ്ങൾക്കൊപ്പം നില്ക്കുന്ന ഇടതുപക്ഷം ആർജ്ജിച്ച ധാർമ്മിക ഇടമാണ് എ.കെ.ജിയുടെ വാക്കുകൾക്ക് ശക്തി പകർന്നത്. ഇന്ന് സംസ്ഥാനങ്ങൾ ഓരോന്നായി ഇടതുപക്ഷത്തിന് നഷ്ടപ്പെടുന്നു. ദേശീയ രാഷ്ട്രീയത്തിൽ വലതുപക്ഷത്തിന്റെ സർവ്വാധിപത്യത്തിലേക്കാണ് ഈ തകർച്ച നയിക്കുന്നത്. 

പശ്ചിമബംഗാൾ നഷ്ടപ്പെട്ട സി.പി.എം അവിടെ പ്രധാന പ്രതിപക്ഷമായി ബി.ജെ.പി ഉയരുന്നത് കണ്ടു നില്‍ക്കേണ്ടി വരികയാണ്. ത്രിപുരയിൽ ബി.ജെ.പി ഭരണം പിടിക്കുമ്പോൾ ഇന്ന് അവർക്കൊപ്പം നില്ക്കുന്ന തീവ്രവാദികൾ സി.പി.എമ്മിന് പകരം പ്രധാന പ്രതിപക്ഷമായി മാറിയേക്കും. രാജ്യസഭയിൽ ഇടതു സാന്നിധ്യം ദുർബലമാകും. ദേശീയ കക്ഷി എന്ന അംഗീകാരം നിലനിറുത്തുക പോലും സി.പി.എമ്മിനും സി.പി.ഐക്കും ശ്രമകരമാകും. ഇടതുപക്ഷത്തിന്റെ ആകെ മുഖ്യമന്ത്രി പിണറായി വിജയനാകുമ്പോൾ ഇത് കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് കേരള മാർക്സിസ്റ്റ് തന്നെയെന്ന് തലക്കാലത്തേക്കെങ്കിലും പാർട്ടിക്ക് അംഗീകരിക്കേണ്ടി വരും. 

പാർട്ടിക്കുള്ളിൽ കോൺഗ്രസ് ബന്ധത്തിനായി വാദിക്കുന്നവർ ത്രിപുരയിലെ ബി.ജെ.പി മുന്നേറ്റവും ആയുധമാക്കും. പിടിച്ചു നില്‍ക്കണമെങ്കിൽ മറ്റുള്ളവരോട് സഹകരിക്കുക എന്ന വാദമുയരും. എന്നാൽ മണിക് സർക്കാർ കൂടി ദുർബലനാകുമ്പോൾ ഹൈദരാബാദിൽ പിണറായി കടിഞ്ഞാൺ കൈയ്യിലെടുക്കാൻ ശ്രമിക്കും. കേന്ദ്ര നേരിട്ട് ഭരിച്ചില്ലെങ്കിലും ദേശീയ രാഷ്ട്രീയത്തിലും സാംസ്കാരിക ഇടങ്ങളിലും ഉണ്ടായിരുന്ന ചുവപ്പ് പൊട്ടുകൾ കൂടി വൈകാതെ മാറും എന്ന സന്ദേശവും ത്രിപുരയിലെ ജനവിധി നല്കുന്നുണ്ട്.
cpim crisis
 

click me!