'ഞാനോ മരുമകളോ ശബരിമലയിലേക്കില്ല'; വ്യാജ പ്രചാരണത്തെ തള്ളി സിപിഎം നേതാവ് ശശികല റഹീം

By Web TeamFirst Published Nov 5, 2018, 11:25 AM IST
Highlights

വയ്യാതെ ഇരിക്കുന്ന താന്‍ മരുമകളെ സ്വീകരിക്കാന്‍ പമ്പയിലെത്തുമെന്നാണ് പ്രചരിപ്പിക്കുന്നത്. സ്വന്തം വീടിന്‍റെ മുറ്റത്ത് പോലും ഇറങ്ങാന്‍ സാധിക്കാത്ത താന്‍ എങ്ങനെ പമ്പയില്‍ എത്തുമെന്നാണ് അവര്‍ പറയുന്നത്

തൊടുപുഴ: ശബരിമലയുമായി ബന്ധപ്പെട്ട് തനിക്കും കുടുംബത്തിനും നേര്‍ക്ക് നടക്കുന്ന വ്യാജ പ്രചാരണത്തിനെതിരെ സിപിഎം മുന്‍ ആലുവ ഏരിയ കമ്മിറ്റി അംഗം ശശികല റഹീം. സോഷ്യല്‍ മീഡിയയില്‍ അടക്കം നടക്കുന്ന പ്രചാരണങ്ങള്‍ വ്യാജമാണെന്ന് ഫേസ്ബുക്ക്  ലെെവില്‍ അവര്‍ വ്യക്തമാക്കി.

താനോ മരുമകളോ ശബരിമലയിലേക്ക് ഇല്ലെന്ന് ശശികല പറഞ്ഞു.  യുക്തിവാദ സംഘത്തോടൊപ്പം ശശികലയുടെ മരുമകള്‍ സുമേഖ തോമസ് ശബരിമലയിലേക്ക് പോകുന്നുവെന്നായിരുന്നു വ്യാജ പ്രചാരണം. ഒരു ടിവി ചാനലിലാണ് ഇത് സംബന്ധിച്ച് ആദ്യം വാര്‍ത്ത വന്നത്.

തുടര്‍ന്ന് ശശികലയ്ക്കും മരുമകള്‍ക്കുമെതിരെ സോഷ്യല്‍ മീഡിയയിലൂടെ വലിയ ആക്രമണമാണ് ഒരു വിഭാഗം ആളുകള്‍ അഴിച്ചു വിട്ടത്. ഇതേത്തുടര്‍ന്നാണ് ഫേസ്ബുക്കിലൂടെ അവര്‍ വിശദീകരണവുമായി രംഗത്ത് വന്നത്.  തന്‍റെ മരുമകള്‍ ഇപ്പോള്‍ വീട്ടിലില്ലെന്ന് ശശികല പറഞ്ഞു.

''വിളിച്ച് ചോദിച്ചപ്പോള്‍ അവര്‍ ഇങ്ങനെ ഒരു കാര്യം അറിഞ്ഞിട്ടില്ലെന്നാണ് പറഞ്ഞത്. അടുത്തുള്ള യുക്തിവാദ സംഘത്തിലെ ആളുകളോടും ചോദിച്ചു. അവരും ഇതേക്കുറിച്ച് അറിഞ്ഞിട്ടില്ല. രണ്ട് വര്‍ഷത്തോളമായി നട്ടെല്ലിന് തേയ്മാനം ആയതിനാല്‍ യാത്ര ചെയ്യാന്‍ സാധിക്കാത്തയാളാണ് താന്‍.

അതുകൊണ്ട് പാര്‍ട്ടിയുടെ ഒരുവിധ ഘടകങ്ങളിലും പ്രവര്‍ത്തിക്കുന്നില്ല. താന്‍ ഒരിക്കലും ശബരിമലയില്‍ പോകാന്‍ ആഗ്രഹിക്കുന്ന വ്യക്തിയല്ല. വയ്യാതെ ഇരിക്കുന്ന താന്‍ മരുമകളെ സ്വീകരിക്കാന്‍ പമ്പയിലെത്തുമെന്നാണ് പ്രചരിപ്പിക്കുന്നത്. സ്വന്തം വീടിന്‍റെ മുറ്റത്ത് പോലും ഇറങ്ങാന്‍ സാധിക്കാത്ത താന്‍ എങ്ങനെ പമ്പയില്‍ എത്തുമെന്നാണ് അവര്‍ പറയുന്നത്.

ഈ വാര്‍ത്തയുടെ പേരില്‍ തനിക്കോ കുടുംബത്തിനോ എന്തെങ്കിലും സംഭവിച്ചാല്‍ അതിന്‍റെ ഉത്തരവാദിത്തം വാര്‍ത്ത നല്‍കിയവര്‍ക്കാകും''. ഇങ്ങനെ തന്‍റെ പേര് ദുരുപയോഗം ചെയ്യുമെന്ന് ഒരിക്കലും കരുതിയില്ല. വിജിലന്‍സില്‍ നിന്നെല്ലാം ആളുകള്‍ വിളിച്ച് ചോദിക്കുകയാണ്. തന്‍റെ പാര്‍ട്ടിയുടെ നയമല്ല ശബരിമലയിലേക്ക് പോകാന്‍ ആളെ കൂട്ടുക എന്നത്. അങ്ങനെ ആരോടും പാര്‍ട്ടി പറഞ്ഞിട്ടില്ലെന്നും ശശികല റഹീം കൂട്ടിച്ചേര്‍ത്തു. 

 

click me!