ശബരിമലയ്ക്ക് പോകാന്‍ എകെജി സെന്‍ററില്‍ പോയി കെഎസ്ആര്‍ടിസി ചോദിക്കേണ്ട അവസ്ഥയെന്ന് ശ്രീധരന്‍പിള്ള

By Web TeamFirst Published Nov 5, 2018, 10:29 AM IST
Highlights

പൗരാവകാശത്തിന് മേലുള്ള കടന്ന് കയറ്റമാണിത്. പൊലീസിനെ എല്ലാം ഏല്‍പ്പിച്ച് താക്കോല്‍ കൊടുത്തിരിക്കുകയാണ്. മാധ്യമങ്ങള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തി. ഇതിനെല്ലാമെതിരെ സമാധാനപരമായി ജീവന്മരണ പോരാട്ടം നടത്തുമെന്നും അദ്ദേഹം പറഞ്ഞു

പത്തനംതിട്ട: ശബരിമലയ്ക്ക് പോകാന്‍ എകെജി സെന്‍ററില്‍ പോയി കെഎസ്ആര്‍ടിസി ചോദിക്കേണ്ട അവസ്ഥയാണെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ പി.എസ്. ശ്രീധരന്‍ പിള്ള. അത്രയും വലിയ ഗതികേടിലാണ് തീര്‍ഥാടകര്‍. അടിയന്തരാവസ്ഥയ്ക്ക് ശേഷമുള്ള ഏറ്റവും വലിയ അധപതനമാണ് ഇതെന്നും അദ്ദേഹം വിമര്‍ശിച്ചു.

പൗരാവകാശത്തിന് മേലുള്ള കടന്ന് കയറ്റമാണിത്. പൊലീസിനെ എല്ലാം ഏല്‍പ്പിച്ച് താക്കോല്‍ കൊടുത്തിരിക്കുകയാണ്. മാധ്യമങ്ങള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തി. ഇതിനെല്ലാമെതിരെ സമാധാനപരമായി ജീവന്മരണ പോരാട്ടം നടത്തുമെന്നും അദ്ദേഹം പറഞ്ഞു.

സഞ്ചാര സ്വാതന്ത്ര്യമുള്ള പൊതു വഴിയിലൂടെ പോകരുതെന്ന് എന്ത് അടിസ്ഥാനത്തിലാണ് പറയുന്നതെന്നും അദ്ദേഹം ചോദിച്ചു. നേരത്തെ, സ്വകാര്യ വാഹനങ്ങൾ പമ്പയിലേക്ക് കടത്തി വിടാത്തതിനാൽ എരുമേലിയിൽ തീർത്ഥാടക‍ർ പ്രതിഷേധിച്ചിരുന്നു. കെഎസ്ആര്‍ടിസി ബസ് വിട്ടു നല്‍കണമെന്നായിരുന്നു തീര്‍ത്ഥാടകരുടെ ആവശ്യം.

ഇതിന് ശേഷം കെഎസ്ആര്‍ടിസി ബസ് സര്‍വീസ് ആരംഭിച്ചിട്ടുണ്ട്. ചിത്തിര ആട്ട ആഘോഷത്തിന് നട ഇന്ന് തുറക്കാനിരിക്കെ ശബരിമല തീര്‍‌ത്ഥാടകരെ നിലയ്ക്കലില്‍ നിന്ന് പമ്പയിലേക്ക് കടത്തി വിടാന്‍ തുടങ്ങിയിട്ടുണ്ട്. കാല്‍ നടയായിട്ടാണ് തീര്‍ത്ഥാടകര്‍ പമ്പയിലേക്ക് പോകുന്നത്.

ഉച്ചയ്ക്ക് ശേഷം മാത്രമേ തീര്‍ത്ഥാടകരെ പമ്പയിലേക്ക് കടത്തിവിടുകയുളളൂ എന്നായിരുന്നു പൊലീസ് ആദ്യം വ്യക്തമാക്കിയിരുന്നത്. തീർത്ഥാടകരെ വെവ്വേറെയായി പമ്പയിലേക്ക് പോകാൻ അനുവദിക്കില്ലെന്നും  പൊലീസ്  പറഞ്ഞിരുന്നു. ഒരുമിച്ച് ബസിൽ പമ്പയിലേക്ക് വിടാമെന്നാണ് പൊലീസ് അറിയിച്ചത്. എന്നാൽ, നടന്ന് പോകാൻ അനുവദിക്കണമെന്നായിരുന്നു തീർത്ഥാടകരുടെ ആവശ്യം.

click me!