'കിത്താബ്' നാടകം പിന്‍വലിച്ചതിന് പിന്നില്‍ സിപിഎം

By Web TeamFirst Published Dec 9, 2018, 1:27 PM IST
Highlights

'കിത്താബ്' നാടകം പിന്‍വലിച്ചതിന് പിന്നില്‍ സിപിഎം. മാനേജ്മന്‍റ് നിലപാടാണ് കുട്ടികള്‍ക്ക് തിരിച്ചടിയായത്. സിപിഎമ്മിനാണ് സ്കൂളിന്‍റെ ഭരണ നിയന്ത്രണം
 

കോഴിക്കോട്: കിത്താബ് നാടകം പിന്‍വലിച്ചതിന് പിന്നില്‍ സിപിഎം ഇടപെടല്‍. സിപിഎം നിയന്ത്രണത്തിലുള്ള മേമുണ്ട ഹയര്‍സെക്കന്‍ഡറി സ്കൂള്‍ മാനേജ്മെന്‍റിന്‍റെ മേലുള്ള പാര്‍ട്ടി സമ്മര്‍ദ്ദം നാടകത്തിന്‍റെ തുടരവതരണത്തിന് തിരിച്ചടിയായെന്നാണ് വിവരം. 

കിത്താബിന്‍റെ പ്രമേയം മുസ്ലീം സംഘടനകളെ ചൊടിപ്പിച്ചതോടെയാണ് നാടകത്തിന് എന്നന്നേക്കുമായി കര്‍ട്ടന്‍ വീണത്. ഇ കെ വിഭാഗം സുന്നികളുടെ വിദ്യാര്‍ത്ഥി  സംഘടനയായ എസ് കെ എസ് എസ് എഫും, എസ് ഡി പി ഐയുമാണ് പ്രതിഷേധിക്കാന്‍ മുന്നില്‍ നിന്നത്. പ്രതിഷേധിച്ച മുസ്ലീം സംഘടനകള്‍ സി പി എം ജില്ലാനേതൃത്വത്തെയും പരാതി അറിയിച്ചു. 

സ്വാധീന മേഖലയില്‍ സംഘടനകളുടെ അപ്രീതി ഭയന്ന് ജില്ലാനേതൃത്വം സി പി എം നിയന്ത്രണത്തിലുള്ള സ്കൂള്‍ മാനേജ്മെന്‍റിനോട് നാടകം പിന്‍വലിക്കാന്‍ ആവശ്യപ്പെടുകയായിരുന്നുവെന്നാണ് വിവരം. പിന്നാലെ നാടകം അരങ്ങ് കാണില്ലെന്ന് സ്കൂള്‍ അധികൃതര്‍ പ്രഖ്യാപിച്ചു. പ്രാദേശിക സിപിഎം നേതൃത്വത്തിന്‍റ നിയന്ത്രണത്തിലുള്ള 21 അംഗ കമ്മിറ്റിയാണ് മേമുണ്ട സ്കൂള്‍ ഭരിക്കുന്നത്. 

നാടകം അവതരിപ്പിക്കാന്‍ അനുമതി തേടി ഹൈക്കോടതിയെ സമീപിച്ച കുട്ടികള്‍ക്ക് തിരിച്ചടിയായതും സ്കൂള്‍ മാനേജ്മെന്‍റിന്‍റെ നിലപാടാണ്. നാടകം അവതരിപ്പിക്കാന്‍ താല്‍പര്യമില്ലെന്ന മാനേജ്മെന്‍റ് നിലപാടാണ് സര്‍ക്കാര്‍ അഭിഭാഷകന്‍ കോടതിയെ അറിയിച്ചത്. അതേസമയം, സി പി എം നിയന്ത്രണം ഏര്‍പ്പെടുത്തിയിടത്ത് നാടകത്തിന് അരങ്ങൊരുക്കുമെന്ന എസ് എഫ് ഐയുടെയും ഡി വൈ എഫ് ഐയുടെയും പ്രഖ്യാപനം ഫലം കാണുമോയെന്നാണ് കണ്ടറിയേണ്ടത്.

click me!