കോണ്‍ഗ്രസിനെതിരെ കേരളാ കോണ്‍ഗ്രസ്-സിപിഎം കൂട്ടുകെട്ട് കണ്ണൂരിലും

By Web DeskFirst Published Aug 26, 2017, 7:10 AM IST
Highlights

കേരളാ കോണ്‍ഗസ് പിന്തുണയോടെ കണ്ണൂര്‍ ചെറുപുഴ പഞ്ചായത്തില്‍ ഭരണം പിടിക്കാന്‍ സി.പി.എം. മുന്നണിയിലെ പ്രശ്നങ്ങളെത്തുടര്‍ന്ന് യു.ഡി.എഫ് ഭരണസമിതിക്കുള്ള പിന്തുണ കേരളാ കോണ്‍ഗ്രസ് പിന്‍വലിച്ചതോടെ ഇടതുമുന്നണി അവിശ്വാസ പ്രമേയത്തിന് നോട്ടീസ് നല്‍കി. കോട്ടയം മോഡല്‍ കണ്ണൂരില്‍ ആവര്‍ത്തിക്കുമോയെന്നാണ് എല്ലാവരും ഉറ്റുനോക്കുന്നത്.

കഴിഞ്ഞ ഒരു വര്‍ഷമായി സംസ്ഥാനത്ത് ഒറ്റയ്‌ക്ക് നില്‍ക്കുന്ന കേരളാ കോണ്‍ഗ്രസ്, മലയോര മേഖലയായ ചെറുപുഴയില്‍ യു.ഡി.എഫിനൊപ്പമായിരുന്നു. എട്ട് മാസം മുമ്പ് രാജഗിരി വാര്‍ഡിലെ ഉപതെരഞ്ഞെടുപ്പോടെ പ്രശ്നം വഷളായി. യു.ഡി.എഫ് സംവിധാനത്തിനൊപ്പം നില്‍ക്കെത്തന്നെ കേരള കോണ്‍ഗ്രസ് ഒറ്റക്ക് മത്സരിച്ചപ്പോള്‍, തര്‍ക്കമായി. തങ്ങളുടെ സീറ്റില്‍ 15 വര്‍ഷമായി കോണ്‍ഗ്രസ് വിമത സ്ഥാനാര്‍ത്ഥിയെ മത്സരിപ്പിക്കുന്നതും ചൂണ്ടിക്കാട്ടി കേരളാ കോണ്‍ഗ്രസ് ഇടഞ്ഞ തക്കത്തില്‍ അവിശ്വാസ പ്രമേയത്തിന് നോട്ടീസ് നല്‍കിയിരിക്കുകയാണ് സി.പി.എം. ഇടതുമുന്നണിക്ക് എട്ടും, കോണ്‍ഗ്രസിന് സ്വതന്ത്രയടക്കം  ഒന്‍പതും സീറ്റുകളുള്ള പഞ്ചായത്തില്‍ അവിശ്വാസം പാസാകാന്‍ സിപിഎമ്മിന് രണ്ട് കേരളാ കോണ്‍ഗ്രസ് അംഗങ്ങളുടെ പിന്തുണ കൂടിയേ തീരൂ. കേരളാ കോണ്‍ഗ്രസ് നിലപാടിലുറച്ച് നിന്നാല്‍ യു.ഡി.എഫിന് ഭരണം നഷ്‌ടമാകും. സെപ്തംബര്‍ രണ്ടിനായിരിക്കും അവിശ്വാസം പരിഗണിക്കുക. കോട്ടയം മോഡല്‍ ആവര്‍ത്തിക്കുമോയെന്ന ആകാംക്ഷ നിലനില്‍ക്കെ, സ്വതന്ത്ര അംഗങ്ങള്‍ക്ക് മേല്‍ സമ്മര്‍ദ്ദമേറുന്ന ദിനങ്ങളാണ് ചെറുപുഴയില്‍.  

click me!