പത്ത് മിനുട്ട് കൊണ്ട് തീർക്കാവുന്ന പ്രശ്‍നം രണ്ട് പേരുടെ ജീവനെടുത്തു; സിപിഎമ്മിനെതിരെ ഉമ്മൻ ചാണ്ടി

By Web TeamFirst Published Feb 20, 2019, 11:48 AM IST
Highlights

' പത്ത് മിനുട്ട് കൊണ്ട് സംസാരിച്ച് തീ‌ർക്കാവുന്ന പ്രശ്നമാണ് രണ്ട് പേരുടെ ജീവനെടുക്കുന്ന തലത്തിലേക്കെത്തിയത്, എല്ലാ കൊലപാതകങ്ങളിലും പങ്കില്ലെന്ന് തന്നെയാണ് സിപിഎം പറയാറ്. ആദ്യം നിഷേധിക്കും പിന്നീട് പ്രതികളാവുമ്പോ അവരുടെ കേസ് നടത്തും '

കാസ‌‌ർകോട് ഇരട്ടക്കൊലപാതകക്കേസിൽ സിപിഎമ്മിനെതിരെ രൂ​ക്ഷ വിമ‍‌ർശനവുമായി മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി. എല്ലാ കൊലപാതകങ്ങളിലും പങ്കില്ലെന്ന് തന്നെയാണ് സിപിഎം പറയാറെന്നും. ആദ്യം നിഷേധിക്കുന്നവർ പിന്നീട് പ്രതികളാവുമ്പോ അവരുടെ കേസ് പാർട്ടി നടത്തുമെന്നും ഉമ്മൻ ചാണ്ടി ആരോപിച്ചു.

യൂത്ത് കോൺഗ്രസ് പ്രവ‌‌ർത്തകരുടെ കൊലപാതകത്തിൽ പ്രതിഷേധിച്ച് ജില്ലാ കോൺഗ്രസ് പ്രവർത്തകർ കാസർകോട് കളക്ട്രേറ്റിന് മുന്നിൽ നടത്തുന്ന ഉപവാസ സമരപ്പന്തലിൽ സംസാരിക്കുകയായിരുന്നു ഉമ്മൻ ചാണ്ടി.

കൊലക്കേസ് പ്രതികൾക്ക് എന്ത് സഹായവും കമ്മ്യൂണിസ്റ്റ് പാർട്ടി ചെയ്തു കൊടുക്കുമെന്നും അധികാരത്തിൽ വന്നാൽ പ്രതികൾക്ക് പരോൾ നൽകുന്നതാണ് സിപിഎമ്മിന്‍റെ പതിവെന്നും ഉമ്മൻ ചാണ്ടി ആരോപിച്ചു. 

മാ‌ർക്സിസ്റ്റ് പാ‌ർട്ടിയുടെ ആൾക്കാ‌ർ പറയുന്നത് ഇത് പ്രാദേശിക പ്രശ്നമാണെന്നാണ്‌. പത്ത് മിനുട്ട് കൊണ്ട് സംസാരിച്ച് തീ‌ർക്കാവുന്ന പ്രശ്നമാണ് രണ്ട് പേരുടെ ജീവനെടുക്കുന്ന തലത്തിലേക്കെത്തിയതെന്നും വള‌ർന്ന് വരുന്ന നേതാക്കളെ ഇല്ലാതാക്കുകയാണ് സിപിഎമ്മിന്റെ ലക്ഷ്യമെന്നും ഉമ്മൻ ചാണ്ടി കുറ്റപ്പെടുത്തി. 

കൊല്ലപ്പെട്ട യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ വീടുകൾ സന്ദ‌ർശിച്ച ശേഷമാണ് ഉമ്മൻ ചാണ്ടി കളക്ട്രേറ്റിന് മുന്നിലെ സമരപ്പന്തലിലെത്തിയത്.
 

click me!